7th Pay Commission: നവരാത്രി എത്തിയിട്ടും ഉത്സവബത്ത വന്നില്ല, ഡി എയും ഇല്ല, കേന്ദ്രജീവനക്കാർ പ്രതിഷേധത്തിലേക്കോ?
DA and festival bonus delay issue: ജനുവരിയിലും ജൂലൈയിലുമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ വർധിപ്പിക്കുന്നത്.
ന്യൂഡൽഹി: നവരാത്രിയും ദുർഗാ പൂജയും എത്തിയിട്ടും കേന്ദ്ര ജീവനക്കാർക്ക് ഉത്സവ ബത്ത ലഭിച്ചിട്ടില്ല. ഡിഎയും പരുങ്ങലിലായതോടെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രസർക്കാർ ജീവനക്കാർ.
ആനുകൂല്യങ്ങൾ വൈകുന്ന വിഷയം സംബന്ധിച്ചുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന് കേന്ദ്ര സർക്കാർ ജീവനക്കാർ കത്ത് നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്.
ഏഴാം ശമ്പള കമ്മീഷനെ അടിസ്ഥാനമാക്കിയുള്ള ഡി.എ വർധന വൈകുന്നതും ഉൽസവ ബത്ത പ്രഖ്യാപിക്കാത്തതും ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്‌സിന്റെ നേതൃത്വത്തിലാണ് കത്ത് തയ്യാറാക്കി നൽകിയത്. ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈ ഒന്നു മുതലുള്ള ഡി.എ ലഭിച്ചിട്ടില്ലെന്ന വിവരവും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
സാധാരണയായി നവരാത്രിയും മറ്റും പ്രമാണിച്ച് സെപ്റ്റംബർ അവസാനവാരം ഡി.എ പ്രഖ്യാപിക്കുകയും ജുലൈ മുതലുള്ള ഡി.എ ഉൾപ്പടെയുള്ള ശമ്പളം ഒക്ടോബർ ആദ്യവാരം നൽകുകയും ചെയ്യുന്നതാണ്. ആനുകൂല്യം വൈകുന്നതിൽ ജീവനക്കാർക്ക് അതൃപ്തിയുണ്ടെന്ന് കോൺഫെഡറേഷൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം.
ALSO READ – ഓൺലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ദുർഗ പൂജയോടനുബന്ധിച്ചുള്ള ഉൽസവ ബത്ത വേഗത്തിൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദുർഗാപൂജ. ഇത് ഇത്തവണ ഒക്ടോബർ 9 മുതൽ 13 വരെയാണ് നടക്കുന്നത്. എന്നാൽ ഒക്ടോബർ തുടങ്ങിയിട്ടും ഇതുവരെ ഉൽസവ ബത്ത പ്രഖ്യാപിച്ചിട്ടില്ല.
ഇതിലുള്ള അതൃപ്തി ജീവനക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പി.എൽ.ബി (പെർഫോമൻസ് ലിങ്ക്ഡ് ബോണസ്), അഡ്‌ഹോക് ബോണസ് എന്നിവയും ദുർഗ പൂജക്ക് മുമ്പ് നൽകണമെന്ന ആവശ്യവും കത്തിൽ പറയുന്നു.
ജനുവരിയിലും ജൂലൈയിലുമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ വർധിപ്പിക്കുന്നത്. ഇത്തവണ മൂന്നു ശതമാനം വർധനയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വിഷയത്തിലും ഇതുവരെ സർക്കാർ പ്രഖ്യാപനം നടത്തിയിട്ടില്ല.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് നിലവിൽ ഡി.എ നൽകേണ്ടത്. ഈ വർഷം ജനുവരിയിൽ നാലു ശതമാനം വർധിപ്പിച്ചതോടെയാണ് ഈ നിരക്കിൽ എത്തിയത്. ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങൾ 25 ശതമാനം വരെ വർധിപ്പിച്ചിരുന്നു എന്നാണ് വിവരം.