ITR Forms: ആദായ നികുതി റിട്ടേൺ ഫോമുകൾ ഏതൊക്കെ? വരുമാനത്തിനനുസരിച്ച് ഐടിആർ ഫോം എങ്ങനെ തിരഞ്ഞെടുക്കാം?
Income Tax Return Forms: 2025-26 വർഷത്തേക്കുള്ള ഐടിആർ ഫയലിംഗ് ആരംഭിച്ചു. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തിരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് അറിയാമോ?

2025-26 വർഷത്തേക്കുള്ള ഐടിആർ ഫയലിംഗ് ആരംഭിച്ചു. എല്ലാ വർഷത്തെയും പോലെ ശമ്പളക്കാർ ഉൾപ്പെടെയുള്ള എല്ലാ നികുതിദായകർക്കും ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമായ ഐടിആർ ഫോമുകൾ ഉപയോഗിച്ച് റിട്ടേണുകൾ സമർപ്പിക്കാവുന്നതാണ്. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തിരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് അറിയാമോ?
ഐടിആർ ഫോം എന്താണ്?
ഒരു പ്രത്യേക സാമ്പത്തിക വർഷത്തേക്ക് നികുതിദായകർ അവരുടെ വരുമാനത്തിന്റെയും അടച്ച നികുതിയുടെയും വിശദാംശങ്ങൾ ആദായനികുതി വകുപ്പുമായി പങ്കിടാൻ ഉപയോഗിക്കുന്ന രേഖയാണ് ഐടിആർ (ആദായനികുതി റിട്ടേൺ) ഫോം.
വിവിധതരം ഐടിആർ ഫോമുകൾ
ഓരോ വർഷവും, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) നികുതിദായകർക്കായി വ്യത്യസ്ത ഐടിആർ ഫോമുകൾ പുറത്തിറക്കുന്നുണ്ട്.
ഐടിആർ-1 സഹജ്
50 ലക്ഷം രൂപ വരെ ആകെ വരുമാനമുള്ള വ്യക്തികൾക്കുള്ളതാണ് ഐടിആർ 1 സഹജ് (ശമ്പളം, പെൻഷൻ, ഭവന സ്വത്ത്, പലിശ പോലുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം).
എന്നാൽ, എല്ലാവർക്കും ഐടിആർ 1 ഉപയോഗിക്കാൻ കഴിയില്ല. പ്രതിവർഷം 50 ലക്ഷത്തിൽ കൂടുതൽ വരുമാനം നേടുന്ന വ്യക്തികൾ, വിദേശത്ത് നിന്ന് വരുമാനമുള്ളവർ, ഇന്ത്യയ്ക്ക് പുറത്ത് സ്വത്തുക്കൾ ഉള്ളവർ, 5,000 രൂപയിൽ കൂടുതൽ കാർഷിക വരുമാനമുള്ളവർ എന്നിവർക്ക് ഐടിആർ 1 ഉപയോഗിച്ച് ഫയൽ ചെയ്യാൻ കഴിയില്ല.
ഐടിആർ 2
ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു ഹിന്ദു അവിഭക്ത കുടുംബത്തിന്റെ (HUF) ഉപയോഗത്തിനുള്ളതാണ് ഈ ഫോം. 50 ലക്ഷം രൂപയിൽ കൂടുതലാണ് ശമ്പള വരുമാനം എന്നുണ്ടെങ്കിലും ഈ ഫോം സമർപ്പിക്കണം. വ്യക്തിയുടെ കാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലാണെങ്കിൽ, മൂലധന നേട്ടത്തിൽ നിന്ന് വരുമാനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, പെൻഷൻ വഴിയോ ശമ്പളം വഴിയോ വരുമാനം ഉണ്ടെങ്കിൽ, വസ്തുവിൽ നിന്ന് ലഭിക്കുന്ന വരുമാനമുണ്ടെങ്കിൽ, ലോട്ടറിയിൽ നിന്നോ കുതിരപ്പന്തയത്തിൽ നിന്നോ വരുമാനം ഉണ്ടെങ്കിൽ ഇതേ ഫോം ഫയൽ ചെയ്യാവുന്നതാണ്.
ഐടിആർ 3
ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ രണ്ട് കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കുമുള്ള ഫോം.
ഐടിആർ-4 സുഗം
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 44AD , സെക്ഷൻ 44ADA , സെക്ഷൻ 44AE എന്നിവ പ്രകാരം അനുമാന വരുമാന പദ്ധതി തിരഞ്ഞെടുക്കുന്ന ബിസിനസ്സ് വരുമാനമുള്ള നികുതിദായകർക്കുള്ള ഫോം. തൊഴിലിൽ നിന്നോ ബിസിനസിൽ നിന്നോ വരുമാനമുള്ള പൗരൻമാർക്കും, കുടംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഈ ഫോം ഉപയോഗിക്കാവുന്നതാണ്.
ഐടിആർ-5
ബിസിനസ് ട്രസ്റ്റുകൾ, നിക്ഷേപ ഫണ്ടുകൾ, എസ്റ്റേറ്റ് ഓഫ് ഇൻസോൾവന്റ്, എസ്റ്റേറ്റ് ഓഫ് ഡെഡ്, ആർട്ടിഫിഷ്യൽ ജുറിഡിക്കൽ പേഴ്സൺ (എ.ജെ.പി), ബോഡി ഓഫ് വ്യക്തികൾ (ബി.ഒ.ഐ), വ്യക്തികളുടെ അസോസിയേഷനുകൾ (എ.ഒ.പി), എൽ.എൽ.പികൾ, സ്ഥാപനങ്ങൾ എന്നിവർക്കുള്ള ഫോം.
ഐടിആർ-6
സെക്ഷൻ 11 പ്രകാരം ഇളവ് ക്ലെയിം ചെയ്യുന്ന കമ്പനികൾ ഒഴികെയുള്ള കമ്പനികൾക്ക് ഐടിആർ-6 ഫോം തിരഞ്ഞെടുക്കാവുന്നതാണ്.
ഐടിആർ-7
139(4A) / 139(4B) / 139(4C) / 139(4D) എന്നിവ പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് മാത്രം അനുയോജ്യമായ ഫോം.