Aisha Potty: ‘പാര്‍ലമെന്ററി മോഹിയല്ല, കോണ്‍ഗ്രസില്‍ ചേരാനല്ല ഇവിടെ വന്നത്’; സിപിഎം വിടില്ലെന്ന സൂചന നല്‍കി അയിഷ പോറ്റി
Aisha Potty says she will not join Congress: ചില അപകടങ്ങള്‍ മൂലം കാലിന് പ്രശ്‌നം വന്നു. ബാക്ക്‌പെയിന്‍ നേരിട്ടു. കുറേ ചികിത്സ വേണ്ടിവന്നു. അതുകൊണ്ട് എല്ലാ കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ എല്ലാം ഓക്കെയായി. ആകെയങ്ങ് വിട്ടുപോയി എന്ന് വിചാരിക്കരുതെന്നും അയിഷ പോറ്റി
കൊട്ടാരക്കര: കോണ്‍ഗ്രസില്‍ ചേരില്ലെന്ന സൂചന നല്‍കി സിപിഎം മുന്‍ എംഎല്‍എ പി അയിഷ പോറ്റി. സിപിഎമ്മുമായി അകലം പാലിക്കുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ അയിഷ പോറ്റി പങ്കെടുത്തത്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാനല്ല പരിപാടിയില്‍ പങ്കെടുത്തതെന്ന് അയിഷ പോറ്റി വ്യക്തമാക്കി.
”നിങ്ങളെല്ലാം എനിക്ക് തരുന്ന സ്‌നേഹം ഇപ്പോഴുള്ളതല്ല. അത് എത്രയോ വര്‍ഷങ്ങളായി. നിങ്ങള്‍ തരുന്ന സ്‌നേഹത്തിന് നന്ദി. പക്ഷേ, കോണ്‍ഗ്രസില്‍ ചേരാനല്ല ഞാന്‍ ഇവിടെ വന്നത്. താന്‍ പാര്‍ലമെന്ററി മോഹിയല്ല. ഒരു സ്ഥാനത്തിന് വേണ്ടി ഒരിടത്തും പോകില്ല”- അയിഷ പോറ്റി പറഞ്ഞു.
എംഎല്‍എ സ്ഥാനത്തുനിന്ന് മാറി രണ്ട് വര്‍ഷം ഭയങ്കരമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതിനിടെയുണ്ടായ ചില അപകടങ്ങള്‍ മൂലം കാലിന് പ്രശ്‌നം വന്നു. ബാക്ക്‌പെയിന്‍ നേരിട്ടു. കുറേ ചികിത്സ വേണ്ടിവന്നു. അതുകൊണ്ട് എല്ലാ കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസ്ഥാനത്തിന്റെ കമ്മിറ്റികളില്‍ നിന്നും, ചുമതലകളില്‍ നിന്നും മാറിയതിന്റെ കാരണം അതാണ്. ഇപ്പോള്‍ എല്ലാം ഓക്കെയായി. എന്നാല്‍ ആകെയങ്ങ് വിട്ടുപോയി എന്ന് ഒരിക്കലും വിചാരിക്കരുതെന്നും അയിഷ പോറ്റി പറഞ്ഞു.




പ്രൊഫഷനാണ് ഇഷ്ടം
പ്രൊഫഷനാണ് ഏറ്റവും ഇഷ്ടം. 1985ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു എല്‍എല്‍എം കഴിഞ്ഞ അന്ന് മുതല്‍ രണ്ടായിരം വരെ പൂര്‍ണമായും സീനിയര്‍ അഡ്വക്കേറ്റായി പ്രവര്‍ത്തിച്ചയാളാണ്. അങ്ങനെയിരിക്കെയാണ് ജില്ലാ ഡിവിഷന്റെ മത്സരം വന്നതും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതും. മക്കള്‍ ചെറുതാണ്, പ്രൊഫഷന്‍ പോകും എന്നൊക്കെ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതാണെന്നും അവര്‍ വെളിപ്പെടുത്തി.
വളരെ സ്‌നേഹത്തോടെ നേതാക്കള്‍ വീട്ടിലെത്തി സംസാരിച്ചു. ഭര്‍ത്താവുമായി പറഞ്ഞ് സമ്മതിച്ചതുകൊണ്ടാണ് മത്സരത്തിനിറങ്ങിയതു ഇവിടം വരെയെത്തിയതും. അങ്ങനെയാണ് ഐഷ പോറ്റിയായത്. തന്റെ പ്രസ്ഥാനവും എല്ലാവരും ചേര്‍ന്നാണ് ഐഷ പോറ്റിയാക്കിയത്. തന്നെ ഞാനാക്കിയതില്‍ നാട്ടിലെ ജനങ്ങള്‍ക്കും തന്റെ പ്രസ്ഥാനത്തിനും വലിയ പങ്കുണ്ടെന്നും അയിഷ പോറ്റി പറഞ്ഞു.