AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Children’s Day 2025 Speech: കുട്ടികളെ ഇങ്ങോട്ട് പോരെ, കിടിലന്‍ ശിശുദിന പ്രസംഗം ഇവിടെയുണ്ട്‌

Children's Day 2025 Speech In Malayalam: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ചും ചെറിയ ക്ലാസുകളിലുള്ളവര്‍ക്ക് ശിശുദിനത്തില്‍ പറയാന്‍ പറ്റുന്ന ഒരു പ്രസംഗത്തിന്റെ മാതൃക നോക്കാം. ശിശുദിന പ്രസംഗം ഏറ്റവും ലളിതമായ വാക്കുകളില്‍ ഇവിടെ നല്‍കിയിരിക്കുന്നു

Children’s Day 2025 Speech: കുട്ടികളെ ഇങ്ങോട്ട് പോരെ, കിടിലന്‍ ശിശുദിന പ്രസംഗം ഇവിടെയുണ്ട്‌
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ മെഴുക് പ്രതിമ കുട്ടികൾ കാണുന്നു. കഴിഞ്ഞ ശിശുദിനത്തിലെ ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 12 Nov 2025 13:55 PM

ഈ വര്‍ഷത്തെ ശിശുദിനത്തിന് ഇനി രണ്ട് ദിവസം കൂടി മാത്രം ബാക്കി. കുട്ടികളുടെ ഈ ദിനം രാജ്യം മുഴുവന്‍ ആഘോഷിക്കും. സ്‌കൂളുകളില്‍ ആഘോഷപരിപാടികളുണ്ടാകും. പ്രസംഗ മത്സരമാണ് പണ്ട് മുതലേയുള്ള പ്രധാന ഇനം. ഈ വര്‍ഷത്തെ ശിശുദിനത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളിലും മറ്റും പറയാവുന്ന പ്രസംഗത്തിന്റെ ഒരു മാതൃക നോക്കാം.

ശിശുദിന പ്രസംഗം 2025

ബഹുമാനപ്പെട്ട അധ്യാപകരേ, പ്രിയപ്പെട്ട രക്ഷിതാക്കളേ, കൂട്ടുകാരേ,

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ.

ഇന്ന് നവംബർ 14. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന, കുട്ടികളെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ അളവില്ലാത്ത സ്നേഹം കാരണം, നാം അദ്ദേഹത്തെ സ്‌നേഹത്തോടെയും ആദരവോടെയും ‘ചാച്ചാ നെഹ്‌റു’ എന്ന് വിളിച്ചു. ആ വലിയ മനുഷ്യന്റെ ഓർമ്മയ്ക്കായിട്ടാണല്ലോ നാം ഇന്ന് ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളോടുള്ള സ്നേഹത്തിന്റെയും, അവരുടെ ഭാവിയെക്കുറിച്ചുള്ള കരുതലിന്റെയും ദിനമാണ് ഇന്ന്.

ചാച്ചാജിയുടെ വാക്കുകൾ ഇന്നും അന്നും ഇന്നും എന്നും പ്രചോദനമാണ്. നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നത് ഇന്നത്തെ കുട്ടികളാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എത്ര സത്യമാണ്? കുട്ടികളെ വളര്‍ത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതെന്ന ചാച്ചാജിയുടെ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്.

പ്രിയ കൂട്ടുകാരേ, നമുക്കെല്ലാവര്‍ക്കും സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളുമുണ്ട്‌. കായിക താരങ്ങളാകാനും, ചലച്ചിത്ര താരങ്ങളാകാനും, ഡോക്ടറാകാനും, എഞ്ചിനീയറാകാനും, ഗവേഷകരാകാനും, അധ്യാപകരാകാനുമൊക്കെ ആഗ്രഹിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ആ ആഗ്രഹങ്ങളെല്ലാം യാഥാർത്ഥ്യമാകട്ടെ.

Also Read: Childrens Day 2025: കുട്ടികളെ സ്നേഹിച്ച പ്രിയപ്പെട്ട ‘അമ്മാവൻ’; ജവഹർലാൽ നെഹ്റുവിന് ചാച്ചാജി എന്ന പേര് വരാൻ കാരണം ഇത്

അതിനുള്ള തയ്യാറെടുപ്പുകള്‍ നമുക്ക് ഇപ്പോഴെ ആരംഭിക്കാം. അതിനായി, അധ്യാപകരുടെയും രക്ഷിതാക്കളുടെയും വാക്കുകള്‍ ശ്രദ്ധിച്ചും, അനുസരിച്ചും, നന്നായി പഠിച്ചും, നമ്മുടെ ടാലന്റുകള്‍ മെച്ചപ്പെടുത്തിയും മുന്നേറാം. ഇന്ന് നമ്മൾ നേടുന്ന പുതിയ അറിവുകളും, പരിചയപ്പെടുന്ന സാങ്കേതിക വിദ്യകളുമെല്ലാം നല്ലൊരു നാളേക്കുള്ള നമ്മുടെ അടിത്തറയാണെന്ന് പ്രത്യേകം പറയേണ്ടതിലല്ലോ…

ശിശുദിനം വെറും ആഘോഷം മാത്രമല്ല, അത് നമ്മുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും നമ്മെയും എല്ലാവരെയും ഓർമ്മപ്പെടുത്തുന്ന ദിവസം കൂടിയാണ്. എല്ലാവരെയും ബഹുമാനിച്ചും, പരിസ്ഥിതിയെ സ്‌നേഹിച്ചും, കഴിവുകൾ വളർത്താൻ കഠിനമായി പരിശ്രമിച്ചും, ദേശസ്‌നേഹം വളര്‍ത്തിയും നമുക്ക് ഭാവിയിലേക്കായി മുന്നോട്ടുപോകാം.

നമ്മളെ പോലുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം, സുരക്ഷ, കളിക്കാനുള്ള സ്വാതന്ത്ര്യം, മികച്ച ആഹാരം, മികച്ച ജീവിതം എന്നിവ ലഭിക്കണം. ഈ അവകാശങ്ങൾ എല്ലാവർക്കും ഉറപ്പാക്കാൻ പരസ്പരം സഹകരിച്ച് മുന്നേറണം. ചാച്ചാജി സ്വപ്‌നം കണ്ട ഒരു നല്ല നാളെയ്ക്കായി നമുക്ക് പരിശ്രമം ആരംഭിക്കാം.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ നേരുന്നു.

നന്ദി, ജയ് ഹിന്ദ്‌