New study: രോഗം വരുമ്പോൾ കുഞ്ഞ് ഉറുമ്പുകൾ സന്ദേശമയക്കുമത്രേ… എന്നെ കൊല്ലൂ എന്ന്….
Sick young ants release a chemical : മാരകമായി രോഗം ബാധിച്ച പ്യൂപ്പകൾ ശരീരത്തിലെ രാസമാറ്റങ്ങൾ കാരണം ഒരു പ്രത്യേക ഗന്ധം പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.
മാരകമായ രോഗം ബാധിച്ച ഉറുമ്പുകളുടെ കുഞ്ഞു പ്യൂപ്പകൾ തങ്ങളെ കൊന്നുകളയാൻ ആവശ്യപ്പെട്ട് ഒരു രാസ സിഗ്നൽ പുറപ്പെടുവിക്കുന്നതായി ഓസ്ട്രിയൻ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം കണ്ടെത്തി. ഇവിടെ ഉറുമ്പുകൾ ഒരു സൂപ്പർ-ഓർഗാനിസം പോലെയാണ് പ്രവർത്തിക്കുന്നത്, അതായത് തങ്ങളുടെ ജീവനേക്കാൾ കോളനിയുടെ മൊത്തത്തിലുള്ള നിലനിൽപ്പിന് മുൻഗണന നൽകുന്ന അവസ്ഥ.
ഉറുമ്പ് കൂടുകളിൽ രോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്. അസുഖം വന്നാൽ പ്രായപൂർത്തിയായ ജോലിക്കാരായ ഉറുമ്പുകൾക്ക് കൂട് വിട്ട് ഒറ്റയ്ക്ക് പോയി മരിക്കാൻ കഴിയും. എന്നാൽ കൊക്കൂണുകൾക്കുള്ളിൽ അടച്ചിരിക്കുന്ന പ്യൂപ്പകൾക്ക് ഇതിനു കഴിയില്ല.
മാരകമായി രോഗം ബാധിച്ച പ്യൂപ്പകൾ ശരീരത്തിലെ രാസമാറ്റങ്ങൾ കാരണം ഒരു പ്രത്യേക ഗന്ധം പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ജോലിക്കാരായ ഉറുമ്പുകൾ ഈ ഗന്ധം തിരിച്ചറിയുമ്പോൾ, കൊക്കൂൺ കീറിമുറിച്ച്, പ്യൂപ്പയെ വിഷം കുത്തിവെച്ച് കൊല്ലുന്നു. ഈ പ്രക്രിയ രോഗം ബാധിച്ച പ്യൂപ്പയെയും രോഗാണുക്കളെയും ഇല്ലാതാക്കി കൂട് അണുവിമുക്തമാക്കാൻ സഹായിക്കുന്നു.
ഗവേഷകർ ഈ ഗന്ധം വേർതിരിച്ചെടുത്ത് ആരോഗ്യമുള്ള പ്യൂപ്പകളിൽ പുരട്ടിയപ്പോൾ, ജോലിക്കാർ അവയെയും നശിപ്പിച്ചു. എന്നെ നശിപ്പിക്കുക എന്ന സിഗ്നലായി ഈ ഗന്ധം പ്രവർത്തിക്കുന്നു എന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു. ജോലിക്കാർ സമീപത്ത് ഉള്ളപ്പോൾ മാത്രമാണ് രോഗം ബാധിച്ച പ്യൂപ്പകൾ ഈ സിഗ്നൽ നൽകുന്നത്. അതിനാൽ ഈ പ്രവർത്തനം ബോധപൂർവ്വമാണെന്ന് കരുതാം.
എങ്കിലും, റാണി ഉറുമ്പിൻ്റെ പ്യൂപ്പകൾ ഈ മുന്നറിയിപ്പ് സിഗ്നൽ പുറത്തുവിടുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി. ശക്തമായ രോഗപ്രതിരോധ ശേഷി കാരണം അവയ്ക്ക് അണുബാധയെ സ്വയം ചെറുക്കാൻ കഴിയുന്നതാണ് ഇതിന് കാരണം.