Expensive Trains Costs: ഒരു രാത്രി ട്രെയിൻ യാത്രയ്ക്ക് 3.9 മുതൽ 73 ലക്ഷം വരെ, ഇന്ത്യയിലേതുൾപ്പെടെയുള്ള സമ്പന്ന ട്രെയിൻ സർവ്വീസുകൾ
India's Luxury Trains and Global Elite Services: IRCTC-യുടെ ഏറ്റവും പ്രധാനപ്പെട്ട ആഢംബര ട്രെയിനാണിത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പ്രധാനമായും സർവ്വീസ് നടത്തുന്നത്. 3 രാത്രി/4 പകൽ, അല്ലെങ്കിൽ 6 രാത്രി/7 പകൽ എന്നിങ്ങനെയുള്ള യാത്രാ പാക്കേജുകളാണ് നൽകുന്നത്.
ലക്ഷങ്ങൾ മുടക്കി ഒരു രാത്രി തീവണ്ടിയാത്ര ചെയ്യാൻ നിങ്ങൾ തയ്യാറാകുമോ? നമ്മുടെ രാജ്യത്ത് അത്തരത്തിലൊന്ന് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൽ വിശ്വസിക്കുമോ? രാഷ്ട്രപതി ദ്രൗപതി മുർമ്മു യാത്ര ചെയ്തത് വഴി പ്രശസ്തമായ മഹാരാജാസ് എക്സ്പ്രസാണ് ഇതിൽ പ്രധാനം. ഇതു മാത്രമല്ല ഏറ്റവും ചെലവേറിയ തീവണ്ടിയാത്രകളുടെ പട്ടികയിൽ ജപ്പാനിലെ ഷിക്കി-ഷിമ, യൂറോപ്പിലെ വെനീസ് സിംപ്ലോൺ-ഓറിയന്റ്-എക്സ്പ്രസ്സ് എന്നിവയും ഉണ്ട്.
മഹാരാജാസ് എക്സ്പ്രസ്സ്, ഇന്ത്യ
IRCTC-യുടെ ഏറ്റവും പ്രധാനപ്പെട്ട ആഢംബര ട്രെയിനാണിത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പ്രധാനമായും സർവ്വീസ് നടത്തുന്നത്. 3 രാത്രി/4 പകൽ, അല്ലെങ്കിൽ 6 രാത്രി/7 പകൽ എന്നിങ്ങനെയുള്ള യാത്രാ പാക്കേജുകളാണ് നൽകുന്നത്. ആഗ്ര, ജയ്പൂർ, രൺഥംഭോർ, ഉദയ്‌പൂർ, വാരണാസി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര.
കൊട്ടാരം പോലെയുള്ള സ്യൂട്ടുകൾ, രണ്ട് ഫൈൻ-ഡൈനിംഗ് റെസ്റ്റോറന്റുകൾ, കോട്ടകളിലേക്കും കൊട്ടാരങ്ങളിലേക്കും കടുവാ സങ്കേതങ്ങളിലേക്കുമുള്ള പ്രത്യേക യാത്രകൾ. 7 ദിവസത്തെ യാത്രയ്‌ക്ക് ഒരാൾക്ക് ഏകദേശം 6.92 ലക്ഷം മുതൽ 22.2 ലക്ഷം വരെയാണ് നിരക്ക്.
ഷിക്കി-ഷിമ, ജപ്പാൻ
ടോക്കിയോയിലെ യൂനോ സ്റ്റേഷനിൽ നിന്ന് തുടങ്ങി വടക്കൻ ജപ്പാനിലെ തോഹോകു, ഹൊക്കൈഡോ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിച്ച് തിരികെ യൂനോയിൽ എത്തുന്ന സർക്കുലർ യാത്രകളാണ് പ്രധാനമായും നടത്തുന്നത്. ആധുനിക സ്യൂട്ടുകൾ, ജാപ്പനീസ് ശൈലിയിലുള്ള ഇന്റീരിയർ, പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഒബ്‌സർവേഷൻ കാറുകൾ, പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണം. 4 ദിവസത്തെ യാത്രയ്‌ക്ക് ഒരാൾക്ക് ഏകദേശം 16.8 ലക്ഷം മുതൽ 19.5 ലക്ഷം വരെയാണ് ചെലവ്.
വെനീസ് സിംപ്ലോൺ-ഓറിയന്റ്-എക്സ്പ്രസ്സ്, യൂറോപ്പ്
1920-30 കാലഘട്ടത്തിലെ ഈ ആഢംബര ട്രെയിൻ പാരീസിനും വെനീസിനും ഇടയിൽ പ്രധാനമായും ഒരു രാത്രി സർവ്വീസ് നടത്തുന്നു. ഫ്ലോറൻസ്, റോം, ഇസ്താംബുൾ തുടങ്ങിയ നഗരങ്ങളിലേക്കും അപൂർവ്വ യാത്രകളുണ്ട്. ഒരു രാത്രിക്ക് ഒരാൾക്ക് ഏകദേശം 3.9 ലക്ഷം മുതലാണ് നിരക്ക്. ഏറ്റവും ആഢംബരമുള്ള സ്യൂട്ടുകൾക്ക് 53.6 ലക്ഷം മുതൽ 73 ലക്ഷം വരെ ചെലവ് വരും.
ഇന്ത്യയിലെ മറ്റ് ആഢംബര ട്രെയിനുകൾ
ഡെക്കാൻ ഒഡീസി : മഹാരാഷ്‌ട്ര ടൂറിസത്തിന്റെ പിന്തുണയുള്ള ഈ ട്രെയിൻ 7 രാത്രി/8 ദിവസത്തെ “റെയിൽ ക്രൂയിസ്” യാത്രകളാണ് വാഗ്‌ദാനം ചെയ്യുന്നത്. എല്ലോറ-അജന്ത, വന്യജീവി സങ്കേതങ്ങൾ, തീരദേശ പൈതൃക കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന യാത്രാമാർഗ്ഗങ്ങളുണ്ട്.
പാലസ് ഓൺ വീൽസ് : ഇന്ത്യയുടെ ആദ്യത്തെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ. 7 രാത്രി/8 ദിവസത്തെ ഡൽഹി-രാജസ്ഥാൻ സർക്യൂട്ടിൽ രാജകീയമായ കാബിനുകളും, ഓൺബോർഡ് ഡൈനിംഗും, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രകളുമുണ്ട്. ഒരു രാത്രിക്ക് 2,64,300 മുതലാണ് ഇതിലെ ചെലവ് ആരംഭിക്കുന്നത്.