International Coffee Day 2024: മോഷണ മുതലില്‍ നിന്നും രാജപദവിയിലേക്ക്; ഇന്ത്യയില്‍ കാപ്പി വന്ന കഥ
When was Coffee Introduced to India: പൂവിനുള്ള സുഗന്ധം കുരുവിന് ഇല്ലെങ്കിലും എല്ലാവര്‍ക്കും കാപ്പിയോട് പ്രേമമാണ്, ഒരുതരം ഭ്രമമാണ്. എന്നാല്‍ ഈ കാപ്പി എങ്ങനെയാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് അറിയാമോ? വിരുന്നുകാരനായെത്തി വീട്ടുകാരനായി മാറിയ കാപ്പി കഥ ഇതാ ഇങ്ങനെയാണ്...
എന്തെല്ലാം തരം കാപ്പികളാണല്ലേ…ഈ കാപ്പികള്‍ക്കോ പൊന്നും വിലയും പലയിടത്തും കൊടുക്കണം. നമ്മുടെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ വളരെ സുലഭമായി തന്നെ കാപ്പി കൃഷി ചെയ്യുന്നുണ്ട്. ആരെയും മോഹിപ്പിക്കും വിധത്തിലാണ് കാപ്പി പൂക്കുന്നത്, തന്റെ സുഗന്ധം പ്രദേശമാകെ പരത്തി കാപ്പി പൂവ് കരിഞ്ഞുണങ്ങും. പിന്നീട് വിരുന്നെത്തുന്ന കാപ്പിക്കുരുവിനാണ് ആവശ്യക്കാരേറെയുള്ളത്. പൂവിനുള്ള സുഗന്ധം കുരുവിന് ഇല്ലെങ്കിലും എല്ലാവര്‍ക്കും കാപ്പിയോട് പ്രേമമാണ്, ഒരുതരം ഭ്രമമാണ്. എന്നാല്‍ ഈ കാപ്പി എങ്ങനെയാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് അറിയാമോ? വിരുന്നുകാരനായെത്തി വീട്ടുകാരനായി മാറിയ കാപ്പി കഥ ഇതാ ഇങ്ങനെയാണ്…
കാപ്പി വന്ന കഥ
വളരെ രസകരമായൊരു കഥയാണ് ഇന്ത്യയില്‍ കാപ്പി വന്നതിന് പിന്നിലുള്ളത്. നേരായ മാര്‍ഗത്തിലൂടെയല്ല കാപ്പി ഇന്ത്യയിലേക്ക് എത്തിയത്. ഒരു മോഷണ മുതലായാണ് ഇന്ത്യയിലേക്ക് കാപ്പി കടന്നുവന്നത്. കാപ്പിക്കച്ചവടത്തിന്റെ കുത്തകവകാശം യമനികള്‍ കയ്യടക്കി വെച്ചിരുന്ന കാലത്താണ് ഈ സംഭവം. അക്കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമെത്തിക്കുന്ന കാപ്പിക്കുരു ഉണക്കിപ്പൊടിച്ചാണ് യമനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്.
മറ്റാര്‍ക്കും തങ്ങളുടെ സാമ്രാജ്യം വിട്ടുകൊടുക്കാതിരിക്കാന്‍ അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് കാപ്പി, വിത്തായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ എവിടെയും അവര്‍ എത്തിച്ചില്ല. തളങ്ങളല്ലാതെ മറ്റാരും കാപ്പി ഉദ്പാദിപ്പിക്കുകയോ കച്ചവടം ചെയ്യുകയോ ചെയ്യരുതെന്ന കച്ചവട താത്പര്യമായിരുന്നു ഇതിന് പിന്നില്‍. അങ്ങനെ 1670 ലാണ് ചരിത്ര സംഭവം നടക്കുന്നത്. 1670ല്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ബാബ ബുദാന്‍ എന്ന സൂഫി വര്യനാണ് പണി പറ്റിച്ചത്. അദ്ദേഹം യമനിലെ മോക്കോ തുറമുഖ നഗരത്തില്‍ നിന്നും ആരും അറിയാതെ ഏഴ് കാപ്പിക്കുരുക്കള്‍ മോഷ്ടിച്ചു. നെഞ്ചില്‍ വെച്ചാണ് കാപ്പിക്കുരു അദ്ദേഹം ഇന്ത്യയിലേക്ക് കടത്തിയത്. മൈസൂരിനടുത്തുള്ള ചിക്കമംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നട്ടുമുളപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് കാപ്പി ഇന്ത്യയിലേക്ക് എത്തിയത്.
പതിനേഴാം നൂറ്റാണ്ടിലാണ് ഇന്ത്യയില്‍ കാപ്പി കൃഷി ആരംഭിച്ചത്. രാജ്യത്തെ ആകെ കാപ്പി ഉത്പാദനത്തിന്റെ 71 ശതമാനവും നടക്കുന്നത് കര്‍ണാടകയിലാണ്. 21 ശതമാനം ഉത്പാദനവുമായി കേരളമാണ് രണ്ടാമത്. അറബിക്ക, റോബസ്റ്റ എന്നീ രണ്ട് ഇനങ്ങളിലുള്ള കാപ്പികളാണ് ഇന്ത്യയിലുള്ളത്.
കാപ്പിയോട് മുഖം തിരിച്ച യൂറോപ്പ്
തുടക്കം മുതല്‍ക്കെ അറബികള്‍ക്ക് കാപ്പിയോട് പ്രിയമുണ്ടായിരുന്നുവെങ്കിലും യൂറോപ്പുകാര്‍ക്ക് കാപ്പി ഇഷ്ട പാനീയമായിരുന്നില്ല. മുസ്ലിങ്ങള്‍ നല്‍കുന്ന പാനീയത്തോടുള്ള എതിര്‍പ്പായിരുന്നു ഇതിന് കാരണം. എന്നാല്‍ പിന്നീട് 1600ല്‍ പോപ്പ് ക്ലെമന്റ് എട്ടാമന്‍ കാപ്പി ക്രിസ്ത്യാനികളുടെ കൂടി പാനീയമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് യൂറോപ്പുകാരും അല്ല ക്രിസ്ത്യാനികള്‍ കാപ്പി കുടിച്ച് തുടങ്ങിയത്.
മാര്‍പാപ്പയെ കൊണ്ട് കച്ചവടക്കാര്‍ അങ്ങനെ പറയിച്ചതാണെന്നാണ് ഒരു വിഭാഗം പറഞ്ഞിരുന്നത്. മാര്‍പാപ്പയുടെ പ്രഖ്യാപനത്തോടെ വെനീസ് തീരം വഴി യൂറോപ്പിലേക്ക് കാപ്പിയെത്തി തുടങ്ങി. യൂറോപ്പിലെ ആദ്യ കോഫീഷോപ്പ് ആരംഭിച്ചതും വെനീസിലാണ്. പിന്നീട് മറ്റ് ചരക്കുകളോടൊപ്പം കാപ്പിയും അറബികളുടെ കയ്യില്‍ നിന്നും യൂറോപ്യന്മാരിലേക്കെത്തി.
ബോസ്റ്റണ്‍ ടീ പാര്‍ട്ടി
മദ്യത്തേക്കാള്‍ ലഹരി നല്‍കുന്ന മറ്റൊന്നില്ലെന്ന നിലപാടിലായിരുന്നു അമേരിക്ക. കാപ്പിയോട് തുടക്കകാലത്ത് അമേരിക്കക്കാര്‍ക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ 1773 ലെ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയോടെ അമേരിക്കക്കാരുടെയും ഇഷ്ട പാനീയമായി കാപ്പി മാറി. അക്കാലത്ത് ബ്രിട്ടീഷുകാരുടെ കോളനിയാണ് അമേരിക്ക. അങ്ങനെ ബ്രിട്ടീഷുകാര്‍ അമേരിക്കയില്‍ തേയിലക്ക് അമിത നികുതി ചുമത്തി. എന്നാല്‍ തങ്ങള്‍ക്ക് പ്രാതിനിധ്യമുള്ള നിയമനിര്‍മാണത്തില്‍ മാത്രമേ സഹകരിക്കൂവെന്ന് അമേരിക്കന്‍ ജനത പറഞ്ഞു.
1773 ഡിസംബറില്‍ തേയിലയുമായി അമേരിക്കയിലെ ബോസ്റ്റണ്‍ തുറമുഖത്തേക്കെത്തിയ മൂന്ന് ബ്രിട്ടീഷ് കപ്പലുകളിലേക്ക് വിപ്ലവകാരികള്‍ കടന്നുകയറി തേയില ചാക്കുകള്‍ കടലിലേക്ക് എറിഞ്ഞു. ഇതോടെ തങ്ങള്‍ക്ക് ഇനി ചായയില്ലെന്ന് അമേരിക്കന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. ഇതോടെയാണ് അമേരിക്കയിലേക്ക് കാപ്പിയുടെ കുത്തൊഴുക്ക് ആരംഭിച്ചത്.
Also Read: Vitamin C: മുഖം സ്വർണം പോലെ തിളങ്ങണ്ടേ? വെെറ്റമിൻ സി സെറം വീട്ടിൽ തയ്യാറാക്കിയാലോ?
കൊമ്പന്മാരിലേക്ക് കാപ്പി വന്നത് ഇങ്ങനെ
ലോകത്ത് ഏറ്റവും കൂടുതല്‍ കാപ്പി കൃഷി ചെയ്യുന്ന ബ്രസീലില്‍ ആദ്യമായി കാപ്പി എത്തുന്നത് 1727ലാണ്. പിന്നീട് പല രീതിയിലും ഈ കാപ്പി പൊടി സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്, 132ല്‍ നടന്ന ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കാന്‍ ബ്രസീലിന് പണം തികയാതെ വന്നു. പണം കണ്ടെത്തുന്നതിനായി അന്ന് താരങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട കപ്പലില്‍ സര്‍ക്കാര്‍ ഒരു ലോഡ് കാപ്പിപ്പൊടിയും കയറ്റി. ഈ കാപ്പിപ്പൊടി തുറമുഖത്തുവെച്ച് തന്നെ വിറ്റുതീരുകയും താരങ്ങള്‍ക്ക് പണം ലഭിക്കുകയും ചെയ്തു.
ഉത്പാദനത്തില്‍ ബ്രസീലാണ് മുന്നിലെങ്കില്‍, ഏറ്റവും കൂടുതല്‍ കാപ്പി കുടിക്കുന്നത് ഫിന്‍ലന്‍ഡുകാരാണ്. വര്‍ഷം ശരാശരി 12 കിലോ കാപ്പിയാണ് ഫിന്‍ലന്‍ഡുകാര്‍ കുടിക്കുന്നത്.