Walking for health: ഒരു മണിക്കൂർ രാവിലെ നടക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ചെയ്യുന്നത്… രോഗമകറ്റുന്ന ഈ ശീലം തുടങ്ങിക്കോളൂ…
Long morning walk vs short walks all day: രാവിലെ ഒരു മണിക്കൂർ നടക്കുകയും, ശേഷം ദിവസം മുഴുവൻ ഇരിക്കുകയും ചെയ്യുന്ന ഈ പതിവ്, പ്രതീക്ഷിക്കുന്ന രീതിയിൽ ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നില്ല.
പ്രഭാത നടത്തം എപ്പോഴും നല്ലതാണ്. പക്ഷെ ഒരു മണിക്കൂർ രാവിലെ നടക്കുന്നതിനേക്കാൾ ഗുണം മൂന്ന് മിനിട്ട് നടന്നാൽ കിട്ടും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം.
രാവിലെ ഒരു മണിക്കൂർ നടക്കുകയും, ശേഷം ദിവസം മുഴുവൻ ഇരിക്കുകയും ചെയ്യുന്ന ഈ പതിവ്, പ്രതീക്ഷിക്കുന്ന രീതിയിൽ ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നില്ല. പകരം, ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് വീതമുള്ള ചെറിയ, ഇടവിട്ടുള്ള നടത്തം പോലും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കും എന്നാണ് പഠനം. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും ഇത് വഴി കുറയും.
ഭക്ഷണത്തിന് ശേഷം 5 മുതൽ 10 മിനിറ്റ് വരെ നടക്കുന്നത്, കൂടാതെ ഓരോ മണിക്കൂറിലും എഴുന്നേൽക്കുകയോ ചെറുതായി നടക്കുകയോ ചെയ്യുന്നത് ഏകാഗ്രത, ഊർജ്ജം, സ്റ്റാമിന എന്നിവ വർദ്ധിപ്പിക്കുകയും മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. ഒരു നീണ്ട സമയത്തെ വ്യായാമത്തേക്കാൾ പ്രയോജനകരം ഇതിനാണ്.
ഭക്ഷണ ശേഷമുള്ള നടത്തം
ഭക്ഷണത്തിന് ശേഷം അല്പസമയം നടക്കുന്നത് ഗ്യാസ് പ്രശ്നങ്ങൾ കുറയ്ക്കുന്നതിലുപരി ദഹനത്തെ സഹായിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷമുള്ള സാവധാനത്തിലുള്ള നടത്തം വയറിനെയും കുടലിനെയും ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു, ഇത് ദഹനനാളത്തെ ബാധിക്കുന്ന കാൻസർ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക്, ഭക്ഷണത്തിന് ശേഷമുള്ള ലഘുവായ ശാരീരിക പ്രവർത്തനങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂടുന്നത് തടയും. 30 മിനിറ്റ് നടക്കുന്നതിനേക്കാൾ ഫലപ്രദമാണ് ഓരോ ഭക്ഷണത്തിന് ശേഷവും 10 മിനിറ്റ് നടക്കുന്നത് എന്ന് ഗവേഷണങ്ങൾ പറയുന്നു.
പതിവായ നടത്തം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ‘മോശം’ കൊളസ്ട്രോൾ (LDL) കുറയ്ക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.