Onam 2025 Chithira: മോടി പിടിപ്പിക്കലിന് ഒരു ദിവസം; ഓണാഘോഷത്തിന്റെ രണ്ടാം നാൾ, ചിത്തിര വന്നു
Onam 2025 Chithira Day: പത്തു ദിവസം പൂക്കളം ഒരുക്കുന്നതിനും ഓരോ രീതികളുണ്ട്. ചിത്തിര ദിവസത്തിൽ പൂക്കളത്തിന് രണ്ട് നിരയാണ് ഉണ്ടാവുക. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ച ശേഷം ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുന്നത്.

പ്രതീകാത്മക ചിത്രം
ഓണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഇന്ന് ഓണാഘോഷത്തിന്റെ രണ്ടാം ദിനമായ ചിത്തിര ആഘോഷിക്കുകയാണ് നമ്മൾ . മഹാബലിയെ വരവേൽക്കാനായി ജനങ്ങൾ വീടും പരിസരവും വൃത്തിയാക്കുന്ന ദിവസമാണിന്ന്. ആദ്യ ദിനമായ അത്തത്തിന് ഒരു വരി പൂക്കളമാണ് ഒരുക്കിയതെങ്കിൽ രണ്ടാം നാളായ ചിത്തിരയ്ക്ക് രണ്ടു വരിയാണ് ഇടുന്നത്. ഇനിയങ്ങോട്ട് എട്ടാം ദിനമായ തിരുവോണത്തിനുള്ള കാത്തിരിപ്പിലാണ്.
പരമ്പരാഗതമായി ഒട്ടേറെ പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്ന ദിവസം കൂടിയാണ് ചിത്തിര. ഇതിന്റെ ഭാഗമായി വലിയ പാത്രങ്ങളും കുട്ടകളും ഉൾപ്പടെ വെയിലത്ത് വയ്ക്കുകയും വൃത്തിയാക്കുകയുമെല്ലാം ചെയ്യുന്നു. അതേസമയം, ചിങ്ങ മാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് നാളുകളിലാണ് വീട്ടുമുറ്റത്ത് പൂക്കൾ ഒരുക്കുന്നത്. ഇതിനെ അത്തപൂക്കളം എന്ന് പറയുന്നു.
തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടി ആണ് പൂക്കളം ഒരുക്കുന്നത് എന്നാണ് ഒരു വിശ്വാസം. തൃക്കാക്കര വരെ പോയി ദേവനെ പൂജിക്കാൻ സാധ്യമല്ലാത്തവർക്ക്, അവരുടെ വീട്ടുമുറ്റത്ത് തന്നെ പൂക്കളം ഒരുക്കി അതിൽ പ്രതിഷ്ഠിച്ച് ആരാധിച്ചു കൊള്ളുവാൻ തൃക്കാക്കര അപ്പൻ അനുമതി നൽകിയെന്നാണ് ഐതിഹ്യം.
ALSO READ: പൂക്കളം വെറുതെ ഒരുക്കിയാൽ പോരാ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, വിജയം ഉറപ്പാ
അത്തം നാളിൽ ഒരു ഇനം പൂവ്, രണ്ടാം നാൾ രണ്ടിനം പൂവുകൾ, എന്നിങ്ങനെ ഓരോ ദിവസം കഴിയുംതോറും കളത്തിന്റെ വലുപ്പം കൂടുന്നു. ചെമ്പരത്തിപ്പൂ ഉൾപ്പടെയുള്ള ചുവന്ന പൂക്കൾ ആദ്യ ദിനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. ചോതി നാൾ മുതൽ മാത്രമേ പൂക്കളത്തിൽ ചുവന്ന പൂവിടാൻ പാടുകയുള്ളൂ. ചിലയിടങ്ങളിൽ ഉത്രാടത്തിനാണ് വലിയ പൂക്കളം ഒരുക്കുന്നതെങ്കിൽ മറ്റ് ചില പ്രദേശങ്ങളിൽ പത്ത് പൂക്കളും ഉപയോഗിച്ച് പരമാവധി വലിപ്പത്തിൽ പൂക്കളം ഒരുക്കുന്നത് തിരുവോണത്തിനാണ്.
പത്തു ദിവസം പൂക്കളം ഒരുക്കുന്നതിനും ഓരോ രീതികളുണ്ട്. ചിത്തിര ദിവസത്തിൽ പൂക്കളത്തിന് രണ്ട് നിരയാണ് ഉണ്ടാവുക. നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ച ശേഷം ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുന്നത്. ചില ഇടങ്ങളിൽ ചിത്തിര ദിനത്തിൽ തുമ്പപ്പൂവും തുളസിയും മാത്രമാണ് പൂക്കളത്തിൽ ഇടുക.