Preterm Birth: മാസം തികയാതെയുള്ള പ്രസവം തടയാം; അമ്മയാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
How To Prevent Preterm Birth: ഓരോ വർഷവും 13 ശതമാനത്തിലധികം കുഞ്ഞുങ്ങളാണ് മാസം തികയാതെയുള്ള പ്രസവത്തിലൂടെ ഭൂമിയിലേക്ക് ജനിച്ചുവീഴുന്നത്. മാസം തികയാതെയുള്ള ജനന സാധ്യതയിൽ ജീവിതശൈലി വളരെ പ്രധാന ഘടകമാണ്. ഗർഭിണികളായ അമ്മമാർക്ക് ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്.
സ്‌ത്രീകളുടെ ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമായാണ് ഗർഭകാലത്തെ കരുതപ്പെടുന്നത്. പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും അപ്പുറം ഗർഭകാലം ആശങ്കകളുടേത് കൂടിയാണ്. ജനിക്കാൻ പോകുന്ന കുഞ്ഞും ഒരു അമ്മയും തമ്മിലുള്ള പങ്കുവയ്ക്കൽ കൂടിയായാണ് ഗർഭകാലത്തെ കണക്കാക്കുന്നത്. ഗർഭാവസ്ഥയിൽ അമ്മ അഭിമുഖീകരിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും (അത് ശാരീരികമായാലും മാനസികമായാലും) കുഞ്ഞിനെ കാര്യമായി ബാധിക്കും. അത്തരത്തിൽ ഇന്ന് സമൂഹത്തിൽ കൂടുതലായും കണ്ടുവരുന്ന ഒന്നാണ് മാസം തികയാതെയുള്ള ജനനം.
ഓരോ വർഷവും 13 ശതമാനത്തിലധികം കുഞ്ഞുങ്ങളാണ് മാസം തികയാതെയുള്ള പ്രസവത്തിലൂടെ ഭൂമിയിലേക്ക് ജനിച്ചുവീഴുന്നത്. മാസം തികയാതെയുള്ള ജനന സാധ്യതയിൽ ജീവിതശൈലി വളരെ പ്രധാന ഘടകമാണ്. ആരോഗ്യകരമായ ഗർഭധാരണത്തെ പിന്തുണയ്ക്കുന്നതിന് ശാരീരിക ആരോഗ്യം, വൈകാരിക ക്ഷേമം, പ്രതിരോധ വൈദ്യ പരിചരണം വളരെ പ്രധാനമാണ്. കൊക്കൂൺ ആശുപത്രിയിലെ ഗൈനക്കോളജി സീനിയർ കൺസൾട്ടന്റായ ഡോ. ചാരു ലത ബൻസാലാണ് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്.
ഗർഭിണികളായ അമ്മമാർക്ക് ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം വളരെ പ്രധാനമാണ്. ഗർഭിണികൾ പോഷകസമൃദ്ധവും പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണത്തിനാണ് മുൻഗണന നൽകേണ്ടത്. പ്രസവത്തിന് മുമ്പ് ലഘുവായ വ്യായാമത്തിൽ ഏർപ്പെടുക, സ്ഥിരമായി മെച്ചപ്പെട്ട ഉറക്കം, സമ്മർദ്ദം കുറയ്ക്കുക എന്നിവ മാസം തികയാതെയുള്ള പ്രസവ സാധ്യത വളരെയധികം കുറയ്ക്കുമെന്നാണ് ഡോ. ചാരു ലത പറയുന്നത്.
Also Read: നിങ്ങൾ വാങ്ങുന്ന കവർ പാലിൽ ഇങ്ങനെ എഴുതിയിട്ടുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ മാസം തികയാതെയുള്ള പ്രസവങ്ങൾ കൂടുതലായി കാണപ്പെടുന്നതിന് പ്രധാന കാരണം, ജീവിതശൈലിയിലുള്ള അവബോധമാണെന്നാണ് ഡോ. ബൻസാൽ ചൂട്ടികാട്ടുന്നത്. ആരോഗ്യ സംരക്ഷണ ദാതാക്കൾ മുതൽ കുടുംബങ്ങൾക്കും സമൂഹത്തിനും വരെ, അമ്മയാകാൻ പോകുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും അവരുടേതായ പങ്കുണ്ടെന്നും ഡോ. ബൻസാൽ ഊന്നിപ്പറയുന്നു. ദന്ത, യോനി, മൂത്രാശയ അണുബാധകൾ പോലും പ്രസവം നേരത്തെയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടികാട്ടുന്നു.
ഗർഭകാലത്ത് ശ്രദ്ധിക്കേണ്ടത്
ഭക്ഷണം ശ്രദ്ധിക്കാം : ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയങ്ങളിൽ പോഷകാഹാരങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. പയർ വർഗങ്ങൾ, നട്‌സ് തുടങ്ങി ഏത് ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണെന്ന് ഉറപ്പുവരുത്തണം.
കിടക്കുമ്പോൾ: ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് എപ്പോഴും കുഞ്ഞിനും അമ്മയ്ക്കും നല്ലത്. നേരെ കിടക്കുമ്പോൾ ഗർഭപാത്രത്തിൻറെ ഭാരം കാരണം അതിലേക്കുള്ള രക്തചംക്രമണം കുറയുന്നു. മലർന്നും കമിഴ്ന്നും കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം: ഓരോ മാസവും നിങ്ങളുടെ ആരോഗ്യത്തിന് അനുസരിച്ച് കാഠിന്യം കുറഞ്ഞ വ്യായാമം ചെയ്യാൻ ശ്രമിക്കുക. എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളവർ വിദഗ്ധരുടെ നിർദ്ദേശാനുസരണം മാത്രം ഇത്തരം പ്രവർത്തനങ്ങൾ ഏർപ്പെടുക.