Kerala Blasters: പുതിയ സ്ട്രൈക്കറെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് ഫോർവേഡ് എത്തുന്നത് ഒരു സീസണിലേക്കുള്ള കരാറിൽ
Koldo Obieta To Kerala Blasters: പുതിയ സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് മുന്നേറ്റനിര താരമാണ് ഒരു സീസണിലെ കരാറിൽ എത്തിയിരിക്കുന്നത്.
വരുന്ന സീസണിലേക്കായി പുതിയ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്പാനിഷ് മുന്നേറ്റനിര താരമായ കോൽദോ ഒബിയേറ്റയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൊല്ലം ഡിസംബറിലാണ് ഐഎസ്എൽ ആരംഭിക്കുക. ഈ മാസാവസാനം ആരംഭിക്കുന്ന സൂപ്പർ കപ്പിലൂടെയാണ് ഇക്കൊല്ലത്തെ ഫുട്ബോൾ സീസൺ ആരംഭിക്കുക.
31 വയസുകാരനായ ഒബിയേറ്റ സ്പെയിനിലെ വിവിധ ലോവർ ഡിവിഷൻ ടീമുകളിൽ കളിച്ച താരമാണ്. 2012ൽ ഗെർണികയിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് എസ്ഡി എയ്ബാർ അടക്കം 9 ക്ലബുകളുടെ ജഴ്സിയണിഞ്ഞു. കഴിഞ്ഞ സീസണിൽ റിയൽ യൂണിയനിലെത്തിയ താരം അവിടെനിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റിയൽ യൂണിയനിൽ 34 മത്സരങ്ങൾ കളിച്ച താരം 4 ഗോളുകളാണ് നേടിയത്. നിലവിൽ ഒരു സീസണിലെ കരാറാണെങ്കിലും ഇനി ഇത് നീട്ടുമോ എന്ന് വ്യക്തമല്ല.
നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിലെ ഏക വിദേശ മുന്നേറ്റനിര താരം നോഹ സദോയ് ആണ്. സദോയ്ക്കൊപ്പം സീസണിലെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന താരമാവും ഒബിയേറ്റ. കോറോ സിംഗ്, മുഹമ്മദ് അയ്മൻ, ശ്രീക്കുട്ടൻ എംഎസ്, നിഹാൽ സുധീഷ്, മുഹമ്മദ് അജ്സൽ തുടങ്ങിയ ഇന്ത്യൻ മുന്നേറ്റനിരക്കാരും ബ്ലാസ്റ്റേഴ്സിലുണ്ട്. ഒബിയേറ്റയുടെ വരവിൽ സ്പാനിഷ് പരിശീലകനായ ഡേവിഡ് കറ്റാലയുടെ സ്വാധീനമുണ്ടെന്നാണ് സൂചനകൾ.
ഈ മാസം 30ന് രാജസ്ഥാൻ എഫ്സിക്കെതിരായ സൂപ്പർ കപ്പ് പോരാട്ടത്തോടെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ സീസൺ ആരംഭിക്കും. ഈ മത്സരത്തിൽ ഒബിയേറ്റ കളിക്കുമോ എന്ന് വ്യക്തതയില്ല.
ബ്ലാസ്റ്റേഴ്സിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്