തമിഴ്നാട്ടിലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വിൽക്കുന്ന സംഘം സജീവം. ഗോകുൽ എന്ന യുവാവാണ് തൻ്റെ സെക്കൻ്റ് ഹാൻ്റ് ബൈക്കിൻ്റെ ആർസിയിൽ മാറ്റങ്ങൾ വരുത്താനായി ആർടിഒ ഓഫീസിൽ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇയാൾ സമർപ്പിച്ച സ്മാർട്ട് രജിസ്ട്രേഷൻ കാർഡിൽ അക്ഷരങ്ങളുടെ വലുപ്പത്തിലും അകലത്തിലും വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ കാർഡ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെ രണ്ട് ഏജൻ്റുമാരിൽ നിന്ന് വാങ്ങിയ വ്യാജ ആർസിയാണ് ഇതെന്ന് ഗോകുൽ സമ്മതിച്ചു. ബാങ്ക് കണ്ടുകെട്ടിയ വാഹനം ലേലത്തിൽ പിടിച്ചെടുത്തതാണെന്നും ഗോകുൽ പോലീസിനോട് പറഞ്ഞു.