അപകടത്തിൽ പെട്ട കാറിൽ നിന്നും കണ്ടെത്തിയത് കഞ്ചാവ്. കൊച്ചി ഊരക്കാട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന് മുകളിലേക്ക് മറിഞ്ഞത്. നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉള്ളില്‍ കഞ്ചാവ് പൊതികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ കാറിലുണ്ടായിരുന്ന യുവാക്കളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.