പൂരത്തിനിടയിൽ ആനയുടെ കാൽച്ചോട്ടിലായിരുന്നു പാപ്പാൻ്റെ നോമ്പ് തുറ. വെള്ളിയാഴ്ച തൃശ്ശൂർ പാടൂർ പുതുകാവ് ക്ഷേത്രത്തിലെ പൂരത്തിന് വന്ന അക്കരമ്മേൽ ശേഖരൻ എന്നാ ആനയുടെ പാപ്പാനും ഉടമയുമായ കോഴിക്കോട് സ്വദേശി സൈനുദ്ധീനാണ് ആനയുടെ കാൽച്ചുവട്ടിലിരുന്ന് നോമ്പ് തുറക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പകൽ നോമ്പായിരുന്നതിനാൽ തനിക്ക് ഭക്ഷണം വേണ്ടെന്ന് സൈനുദ്ധീൻ പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയ കമ്മിറ്റിക്കാരാണ് വൈകുന്നേരം നോമ്പ് തുറ സമയം നോക്കി ഭക്ഷണവും വെള്ളവും എത്തിച്ചത്. കമ്മിറ്റിക്കാർ തന്നെയാണ് വീഡിയോയും പങ്കുവെച്ചത്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നാണ് ആളുകൾ വീഡിയോയിൽ കമൻ്റിട്ടത്. ഒപ്പം ഒരു ജാഡയും ഇല്ലാത്ത മുതലാളിയാണ് ഞങ്ങളുടെ സൈനുക്ക എന്നും ആളുകൾ കമൻ്റിടുന്നുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇൻസ്റ്റഗ്രാം പേജിൽ കണ്ടത്.