04 March 2026
SHIJI MK
Image Credit: Getty Images
ചക്ക സീസണ്‍ തുടങ്ങിയാല്‍, പിന്നെ പലതരത്തിലുള്ള വിഭവങ്ങളുടെ വരവാണ്. ചക്ക തോരന്‍, ചക്ക അച്ചാര്‍, ചക്ക പുഴുക്ക് തുടങ്ങി എന്തെല്ലാം ഭക്ഷണ സാധനങ്ങളാണല്ലേ നമ്മള്‍ ഉണ്ടാക്കാറുള്ളത്.
ഇത്തവണ നല്ലൊരു ചക്ക ബിരിയാണി ഉണ്ടാക്കിയാലോ? അതിശയിക്കേണ്ട ചക്ക ബിരിയാണി സാധാരണ ബിരിയാണി പോലെ തന്നെ ടേസ്‌റ്റോടെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
പച്ച ചക്ക- 2 കപ്പ്, സവാള- 2 എണ്ണം, തക്കാളി- 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍, മുളകുപൊടി- 1 ടീസ്പൂണ്‍, മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍, പച്ചമുളക്- 2 എണ്ണം, പുതിന, മല്ലിയില എന്നിവ ആവശ്യത്തിന്, ഉച്ച് ആവശ്യത്തിന്, എണ്ണ, നെയ്യ്, വെളിച്ചെണ്ണ ഇവയില്‍ ഏതെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാം.
ബിരിയാണി വെക്കാന്‍ അരി വേണമല്ലോ, അതിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള അരി തിരഞ്ഞെടുക്കാം. ശേഷം ഗ്രാമ്പൂ 3 എണ്ണം, ഏലക്ക 3 എണ്ണം, പട്ട 1 ചെറിയ കഷ്ണം എന്നിവയും എടുക്കണം.
ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പും മഞ്ഞളും ചേര്‍ത്ത് 1 വിസില്‍ വരെ കുക്കറില്‍ വേവിച്ചെടുക്കാം. ശേഷം അതില്‍ നിന്നും വെള്ളം ഊറ്റി മാറ്റിവെക്കാം.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കാം, ഇതിലേക്ക് ഗ്രാമ്പൂ, ഏലക്ക, പട്ട എന്നിവ ചേര്‍ക്കാന്‍ മറക്കരുത്, വെള്ളം തിളച്ചശേഷം അരി ഇട്ട്, 70 ശതമാനം വരെ വേവിക്കുക.
പാനില്‍ എണ്ണ ചൂടാക്കി സാവള വറുത്ത് കോരാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റാം. ശേഷം തക്കാളി, മസാലപൊടികള്‍ എന്നിവ വേവിച്ച് തൈര് ചേര്‍ത്തിളക്കാം. ഇതിന് ശേഷമാണ് വേവിച്ച ചക്ക കഷ്ണങ്ങള്‍ ഇട്ടുകൊടുക്കാന്‍.
ചക്കയിട്ട ശേഷം ഈ മിശ്രിതത്തിലേക്ക് പുതിന, മല്ലിയില എന്നിവ ഇട്ടുകൊടുക്കാം, ശേഷം ഒരു പാത്രത്തില്‍ ചക്ക മസാല ലെയര്‍ ചെയ്ത് ചോറ് പരത്തി ദം ഇടാം, പിന്നീട് കഴിക്കാം.