16 November 2025
Nithya V
Photos Credit: Getty Images
ചോറിനോടൊപ്പം നല്ല അടിപൊളി മീൻ കറി കോംബോ ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. എന്നാൽ മീൻ വെട്ടിയെടുക്കാനാണ് പലർക്കും മടി.
മീൻ വെട്ടിയെടുത്ത ശേഷം സോപ്പിട്ട് കഴുകിയാലും മാറാത്ത കൈയിലെ മീൻ മണമാണ് മറ്റൊരു വെല്ലുവിളി. എന്നാൽ ചില സൂത്രങ്ങളിലൂടെ പെട്ടെന്ന് കൈയിലെ മീൻമണം മാറ്റിയെടുക്കാം.
പേസ്റ്റ് ഉണ്ടെങ്കിൽ നല്ലതാണ്. പേസ്റ്റ് കൈയിൽ നന്നായി ഉരച്ച് കഴുകിയാൽ മീൻ മണം വളരെ പെട്ടെന്ന് തന്നെ മാറുന്നതാണ്.
അതുപോലെ കാപ്പിപ്പൊടിയാണ് മറ്റൊരു പോംവഴി. കാപ്പിപ്പൊടി ചേർത്ത് കൈ കഴുകിയാലും മീന്‍ മണം ഇല്ലാതാക്കാം.
കുടംപുളി വെള്ളത്തിലിട്ട് ചെറുതായി കുതിർത്തിട്ട് കൈകളിൽ തിരുമ്മി എടുത്താല്‍ മീനിന്റെ മണം ഇല്ലാതാക്കാവുന്നതാണ്.
അതുപോലെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വിരലുകളിലിടയിലും മറ്റുമായി വെളിച്ചെണ്ണ ചേർത്ത് തുടച്ചെടുക്കാം.
മല്ലിപ്പൊടി കൈകളിലെടുത്തു നല്ലതുപോലെ ഉരച്ചാൽ മീനിന്റെ ഗന്ധം കൈകളിൽ നിന്നും മാറുന്നതായിരിക്കും.
ഉപയോഗിച്ച പാത്രങ്ങൾ, കത്തി, സിങ്ക്, നമ്മുടെ കൈകൾ എന്നിവ നല്ലതുപോലെ സോപ്പ് ഉപയോഗിച്ച് കഴുകിയതിനുശേഷം വെള്ളത്തിൽ വിനാഗിരി ചേർത്ത് അതുകൂടി ഒഴിച്ച് കൈ കഴുകാം.