15 March 2026
SHIJI MK
Image Credit: Getty Images
ചക്ക സീസണായി കഴിഞ്ഞാല്‍ പല രൂപത്തിലും ഭാവത്തിലും പേരിലുമാണ് ആളുകള്‍ അത് കഴിക്കാറുള്ളത്. ഓരോ ദിവസവും പുത്തന്‍ വിഭവങ്ങളും ചക്കയുടെ പേരില്‍ രൂപംകൊള്ളാറുണ്ട്.
ചക്ക സീസണില്‍ പരീക്ഷിക്കാവുന്ന സ്വാദിഷ്ടമായ ഒരു ഭക്ഷണവിഭവമാണ് ചക്ക കൊഴുക്കട്ട. കുറച്ച് സാധനങ്ങള്‍ മാത്രം ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകം ചെയ്‌തെടുക്കാനുമാകും.
ചക്ക കൊഴുക്കട്ട ഉണ്ടാക്കാനായി പഴുത്ത ചക്ക തന്നെ വേണം. ശര്‍ക്കര, തേങ്ങ, അരിപ്പൊടി അല്ലെങ്കില്‍ ഗോതമ്പ് പൊടി എന്നിവയാണ് മറ്റ് ചേരുവകള്‍. ആവശ്യമെങ്കില്‍ മാത്രം ഏലയ്ക്കയും എടുക്കാവുന്നതാണ്.
പഴുത്ത ചക്ക ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കാം. നന്നായി പഴുത്ത ചക്കയാണെങ്കില്‍ കൈ കൊണ്ടോ മറ്റോ ഉടച്ചെടുത്താലും മതിയാകും.
ഈ അരച്ചെടുത്ത ചക്ക ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇടാം. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് പാനിയാക്കി, ഏലയ്ക്കാപ്പൊടിയും തേങ്ങയും ചേര്‍ത്ത് നന്നായി കുറുകുന്നത് വരെ ഇളക്കിക്കൊടുക്കാം.
അരിപ്പൊടി അല്ലെങ്കില്‍ ഗോതമ്പുപൊടി ചൂടുവെള്ളം ചേര്‍ത്ത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വലുപ്പത്തില്‍ ഉരുളകളാക്കി എടുക്കാം. ഉരുളകള്‍ അധികം വലുതാക്കാതെ ശ്രദ്ധിക്കണം.
ശേഷം ഈ ഉരുളയുടെ നടുക്ക് ഒരു കുഴിയുണ്ടാക്കി അതിലേക്ക് നേരത്തെ തയാറാക്കി വെച്ച ചക്ക വരട്ടിയത് നിറയ്ക്കാം. അതിന് ശേഷം പൊതിഞ്ഞോ അല്ലാതെയോ ആവിയില്‍ വേവിച്ചെടുത്ത് കഴിക്കാവുന്നതാണ്.