14 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
എല്ലാ വീടുകളിലും തൈര് എപ്പോഴും ഉണ്ടാകാറുണ്ട്. വേനലായാൽ തൈരിൻ്റെ ആവശ്യകത കൂടുകയും ചെയ്യും. വെറും മോരിന് പകരം ഒരു വെറൈറ്റി നോക്കിയാലോ.
വെറുതെ മോരും വെള്ളം കുടിക്കുന്നതിന് പകരം ശരീരത്തിന് ഉണർവും ഔഷധഗുണവും നൽകുന്ന ഒരു സ്പെഷ്യൽ സംഭാരം തയ്യാറാക്കി നോക്കാം.
പുളിയില്ലാത്ത കട്ടത്തൈര്, തണുത്ത വെള്ളം, കാന്താരി മുളക്/പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ചെറിയ ഉള്ളി, നാരകത്തിന്റെ ഇല, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ.
ആദ്യം ഒരു മിക്സിയുടെ ജാറിലോ കല്ലിലോ ഇട്ട് ഇഞ്ചി, കാന്താരി മുളക്, കറിവേപ്പില ചെറിയ ഉള്ളി എന്നിവ ചതച്ചെടുക്കുക. ഇത് അമിതമായി അരഞ്ഞുപോകരുത്.
കട്ടത്തൈര് നന്നായി ഉടച്ചെടുക്കുക. മിക്സിയിൽ ഒരു സെക്കൻഡ് അടിച്ചാലും മതി. ഇതിലേക്ക് ചതച്ചുവെച്ചിരിക്കുന്ന ചേരുവകളും പാകത്തിന് ഉപ്പും ചേർക്കുക.
ശേഷം തണുത്ത വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. അവസാനം നാരകത്തിൻ്റെ ഇല കൈകൊണ്ട് തിരുമ്മി ചേർത്താൽ സംഭാരത്തിന് നല്ല മണം കിട്ടും. രുചിയും മാറും.
സംഭാരം എപ്പോഴും മൺപാത്രത്തിൽ സൂക്ഷിക്കുകന്നതാണ് നല്ലത്. ഇത് രുചിയും ഒപ്പം തണുപ്പും നിലനിർത്തും. ശരീരത്തിലെ ചൂട് കുറയ്ക്കാൻ ബെസ്റ്റാണ്.