13 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
തലേന്നത്തെ ബാക്കി വരുന്ന ചോറ് സാധാരണയായി ഫ്രിഡ്ജിൽ വയ്ക്കുകയോ പറ്റേന്നത്തേക്ക് എടുക്കുകയും ചെയ്യാറുണ്ട്. ചിലരാകട്ടെ അത് കളയുകയും ചെയ്യും.
തലേദിവസത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ ഇനി അത് കളയേണ്ട. ചപ്പാത്തി റബ്ബർ പോലെയാകാതെ പഞ്ഞിപോലെ മൃദുവാക്കാൻ ഇത് സഹായിക്കും.
ഒരു കപ്പ് ബാക്കി വന്ന ചോറ് അല്പം വെള്ളം കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഗോതമ്പ് മാവിലേക്ക് ഈ അരച്ച ചോറ് ചേർക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം എണ്ണയോ നെയ്യോ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യത്തിന് മാത്രം വെള്ളം ഒഴിച്ചുകൊടുക്കുക.
ചോറിൽ ഈർപ്പമുള്ളതിനാൽ അധികം വെള്ളം ചേർക്കാതെ തന്നെ മാവ് കുഴയ്ക്കാൻ കഴിയും. ശേഷം കുറച്ച് സമയം മാവ് അടച്ച് വയ്ക്കുക.
പതിവുപോലെ ചപ്പാത്തി കനംകുറച്ച് പരത്തി ചുട്ടെടുക്കാം. ഇങ്ങനെ ഉണ്ടാക്കിയാൽ വൈകുന്നേരം വരെ ഇരുന്നാലും ചപ്പാത്തിയുടെ മയം മാറില്ല.
ചോറ് ചേർത്തെന്ന് കരുതി ചപ്പാത്തിയുടെ രുചിയിൽ മാറ്റമുണ്ടാകില്ല. മറിച്ച് കൂടുതൽ മൃദുത്വം നൽകുകയും ചെയ്യും. ഇന്ന് തന്നെ പരീക്ഷിച്ച് നോക്കൂ.