15 February 2026
SHIJI MK
Image Credit: Getty Images
കറിവേപ്പിലയില്ലാതെ എന്തോന്ന് പാചകം അല്ലേ? കറിവേപ്പിയില്ലാതെ പാചകം ചെയ്യുന്നതിനെ കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. ഗുണം തന്നെയാണ് ഇവയുടെ മുഖ്യ ആകര്‍ഷണം.
കറിവേപ്പില ചേര്‍ക്കുമ്പോള്‍ കറികള്‍ക്ക് ലഭിക്കുന്ന രുചി അത് എടുത്ത് പറയേണ്ടത് തന്നെയാണ്. കറിവേപ്പില ആരും കഴിക്കാറില്ലെങ്കിലും അവയില്ലാതെ കറികളുണ്ടാക്കാനാകില്ല.
കടകളില്‍ നിന്ന് വാങ്ങിച്ചാണ് ഭൂരിഭാഗം ആളുകളും കറിവേപ്പില ഉപയോഗിക്കുന്നത്. വീടുകളില്‍ അവയുള്ളവര്‍ വളരെ വിരളം. എന്നാല്‍ വാങ്ങിക്കൊണ്ടുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവ കേടുവരും.
കറിവേപ്പില പെട്ടെന്ന് കേടുവരാതിരിക്കാനും ധാരാളം ടിപ്പുകളുണ്ട്. എന്നാല്‍ അവ ഓരോന്നും ശ്രദ്ധയോടെയും കൃത്യതയോടെയും ചെയ്യുമ്പോള്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.
കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന കറിവേപ്പില ഉടന്‍ തന്നെ ഞെട്ടിയില്‍ നിന്ന് വേര്‍പ്പെടുത്തി കഴുകണം. മഞ്ഞളും ഉപ്പും ചേര്‍ത്ത് കഴുകിയതിന് ശേഷം വിനാഗിരി ചേര്‍ത്ത് കഴുകാം.
നന്നായി കഴുകിയ കറിവേപ്പില വെള്ളം പൂര്‍ണമായും പോകുന്നതിന് വേണ്ടി പേപ്പറിലോ പാത്രത്തിലോ ഇട്ടുവെക്കാം. ശേഷം അവയെടുത്ത് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കാം.
കറിവേപ്പില പെട്ടെന്ന് കേടുവരാതിരിക്കാന്‍ വെള്ളത്തിലിട്ട് ഫ്രീസറില്‍ വെച്ച് ഐസാക്കാവുന്നതാണ്. ഉപയോഗിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തെടുത്ത് ഐസ് കളയാം.
കറിവേപ്പില കേടുവരാതിരിക്കാനുള്ള മറ്റൊരു മാര്‍ഗം തണ്ടോട് കൂടി ഫ്രിഡ്ജില്‍ എടുത്തുവെക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴിയും ദീര്‍ഘകാലം സൂക്ഷിക്കാനാകും.