26 March 2026
SHIJI MK
Image Credit: Getty Images
വേനല്‍ക്കാലമായാല്‍ വിവിധയിനം മാമ്പഴങ്ങള്‍ നമ്മള്‍ കഴിക്കാറുണ്ട്. പേര് പോലും അറിയാത്ത ആ മാമ്പഴങ്ങള്‍ എന്നെന്നും സൂക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും ചിന്ത.
മാമ്പഴം അതുപോലെ സൂക്ഷിക്കാനാകില്ല. എന്നാല്‍ ഉപ്പിലിട്ടും അച്ചാറിട്ടുമെല്ലാം എത്രകാലം വേണമെങ്കിലും സൂക്ഷിക്കാനാകുന്നതാണ്. ഇതൊന്നുമല്ലാതെ വേറെയും വഴികളുണ്ട് മാമ്പഴം സൂക്ഷിക്കാനായി.
മാങ്ങ തെര കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത്തവണ മാമ്പഴം കിട്ടുമ്പോള്‍ മാങ്ങ തെര ഉണ്ടാക്കാം, പേര് കേട്ട് പേടിക്കേണ്ടാ, മാങ്ങ തെര ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.
മാമ്പഴം ആവശ്യത്തിന്, മുളകുപൊടി, ഉപ്പ്, പഞ്ചസാര, ഏലക്കായ, പട്ട, കുരുമുളക്, വെള്ളം എന്നീ ചേരുവകളാണ് മാങ്ങ തെര ഉണ്ടാക്കാനായി ആവശ്യമുള്ളത്. ഇതെല്ലാം വളരെ എളുപ്പത്തില്‍ കിട്ടുന്നതല്ലേ?
മാമ്പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിടാം, ഇതിലേക്ക് നാലഞ്ച് മണി കുരുമുളക്, പട്ട, ഒരു ഏലക്കായ, ആവശ്യത്തിന് ഉപ്പ്് എന്നിവയും അല്‍പം വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കണം.
മാമ്പഴം നന്നായി വെന്തുകഴിഞ്ഞാല്‍ ഏകദേശം സൂപ്പ് പോലെ ഉണ്ടാകും. ഇതെടുത്ത് നന്നായി അരിക്കണം. മാമ്പഴത്തിന്റെ നീര് മാത്രമാണ് മാങ്ങ തെര ഉണ്ടാക്കാനായി വേണ്ടത്.
ശേഷം ഒരു പാനിലേക്ക് അരിച്ചെടുത്ത നീരൊഴിച്ച് അടുപ്പില്‍ വെക്കാം. നന്നായി കുറുകുന്നത് വരെ ഇളക്കികൊടുക്കണം. കുറുകിയതിന് ശേഷം ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കാം. ഇതിന് ശേഷവും ഇളക്കണം.
പഞ്ചസാര നന്നായി യോജിച്ച് കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം മുളകുപൊടി ഇട്ടുകൊടുക്കാം. ശേഷം ഈ മിശ്രിതം എണ്ണ തടവിയ പാത്രത്തിലാക്കി പരത്തണം. ശേഷം തണലത്തും വെയിലത്തും ഇട്ട് ഉണക്കി മുറിച്ച് കഴിക്കാവുന്നതാണ്.