20 February 2026
SHIJI MK
Image Credit: Getty Images
അച്ചാറില്ലാതെ ചോറ് കഴിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. ചോറിന് മാത്രമല്ല ചപ്പാത്തിക്കും മറ്റ് ഭക്ഷണങ്ങള്‍ക്കുമൊപ്പം അച്ചാര്‍ കഴിക്കുന്നവരും ധാരാളം. എന്നാല്‍ ഇവയെല്ലാം കടകളില്‍ നിന്ന് വാങ്ങിയാണല്ലേ ഉപയോഗിക്കുന്നത്?
ചെറുനാരങ്ങയും ഈന്തപ്പഴവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നല്ലൊരു അച്ചാര്‍ ഉണ്ടാക്കാനാകുന്നതാണ്. അതിന് കൂടുതല്‍ സമയമൊന്നും മാറ്റിവെക്കേണ്ടതില്ല, എന്നാല്‍ ഉണ്ടാക്കിയാലോ?
അച്ചാര്‍ ഇടുന്നതിനായി ആദ്യം തന്നെ ആവശ്യത്തിന് നാരങ്ങ, ഈന്തപ്പഴം, ഉപ്പ്, പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, എണ്ണ, കടുക്, അച്ചാര്‍പൊടി, വിനാഗിരി, ഉലുവ, കായം എന്നിവ എടുത്തുവെക്കാം.
ഈന്തപ്പഴം നന്നായി കഴുകിയെടുത്ത് കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. നീളത്തില്‍ മുറിക്കുന്നതാണ് നല്ലത്. നാരങ്ങ കഴുകി ചെറിയ കഷ്ണങ്ങളാക്കാം.
ശേഷം ഒരു പാത്രമെടുത്ത് എണ്ണയൊഴിച്ച് ചൂടാക്കി കടുക്, കറിവേപ്പില, പച്ചമുളക്, അച്ചാര്‍പൊടി, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കായം എന്നിവ ഇട്ടുകൊടുക്കാം. ഇവ ബ്രൗണ്‍ നിറമാകുമ്പോള്‍ അച്ചാര്‍പൊടിയും ചേര്‍ക്കാം.
അച്ചാര്‍പൊടിയും മറ്റ് ചേരുവകളും നന്നായി ചേര്‍ന്ന് വരുമ്പോള്‍ അതിലേക്ക് മുറിച്ചുവെച്ച നാരങ്ങ ചേര്‍ക്കാം. ഈ സമയത്ത് അതിലേക്ക് അല്‍പം വിനാഗിരിയും ഒഴിക്കാവുന്നതാണ്.
നാരങ്ങയും ചേരുവകളും നന്നായി യോജിച്ചതിന് ശേഷം ഈന്തപ്പഴം ഇട്ടുകൊടുക്കാം. ഈ സമയത്ത് അച്ചാറിന് അല്‍പം കൈയ്പ് രുപിയുണ്ടായിരിക്കും, കുഴപ്പമില്ല, ഈന്തപ്പഴം മിശ്രിതത്തോട് നന്നായി യോജിപ്പിക്കാം.
ഇവയെല്ലാം പാകത്തിന് വേവായതിന് ശേഷം ഇതിലേക്ക് നിങ്ങളുടെ പാകത്തിന് പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ക്കാവുന്നതാണ്. മധുരം കൂടുന്നത് അച്ചാറിന്റെ രുചി നഷ്ടപ്പെടുത്തും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.