7 February 2026
Aswathy Balachandran
Image Courtesy: Getty
ദിവസവും പലതവണ ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന തേയിലയ്ക്ക് കാലാവധി ഉണ്ടോ എന്നു പലർക്കും അറിയില്ല.
ഒരിക്കലും കേടുവരാത്തതല്ല ഇത്. ഇതിലെ പ്രകൃതിദത്ത എണ്ണകളും ആന്റിഓക്‌സിഡന്റുകളും കാലപ്പഴക്കം ചെല്ലുന്തോറും നശിച്ചുപോകാൻ സാധ്യതയുണ്ട്.
കാലാവധി കഴിഞ്ഞ തേയില ഉപയോഗിക്കുന്നത് കൊണ്ട് അത് പെട്ടെന്ന് വിഷാംശമായി മാറില്ല. എങ്കിലും തനതായ രുചി, നിറം, സുഗന്ധം എന്നിവ നഷ്ടപ്പെടും.
കാലാവധി കഴിഞ്ഞ തേയിലയ്ക്ക് ചിലപ്പോൾ പുളിച്ച മണമോ അല്ലെങ്കിൽ പൂപ്പലിന്റെ ഗന്ധമോ ഉണ്ടാകാം.
സാധാരണ തേയിലയേക്കാൾ കുറഞ്ഞ കാലാവധിയാണ് ഗ്രീൻ ടീയ്ക്കുള്ളത്. ഗ്രീൻ ടീ പരമാവധി 6 മുതൽ 12 മാസം വരെ മാത്രമേ അതിന്റെ ഗുണമേന്മ നിലനിർത്തുകയുള്ളൂ.
കറുത്ത തേയില ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ഏകദേശം 1 മുതൽ 2 വർഷം വരെ കേടുകൂടാതെ ഇരിക്കും.
ഹെർബൽ ടീ, കമോമൈൽ ടീ തുടങ്ങിയവ 6-12 മാസം വരെയും, വൈറ്റ് ടീ അല്ലെങ്കിൽ ഊലോങ് ടീ ഏകദേശം 1 വർഷം വരെയുമാണ് ഉപയോഗിക്കാൻ അനുയോജ്യം.
ഈർപ്പം, വായു, വെളിച്ചം എന്നിവ തട്ടുന്നത് നന്നല്ല. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത, തണുപ്പും വരണ്ടതുമായ സ്ഥലത്ത് വേണം തേയില സൂക്ഷിക്കാൻ.