January 01 2026
Aswathy Balachandran
Image Courtesy: Unsplash
തണലിൽ വളർത്തിയ 'കാമെലിയ സിനെൻസിസ്' എന്ന ഇനത്തിൽപ്പെട്ട തേയില ഇലകളിൽ നിന്നാണ് മാച്ച ഉണ്ടാക്കുന്നത്. തണലിൽ വളർത്തുന്നത് ഇതിന് തിളക്കമുള്ള പച്ചനിറവും സവിശേഷമായ ഉമാമി രുചിയും നൽകുന്നു.
വിളവെടുത്ത ഇലകളുടെ തണ്ടുകളും ഞരമ്പുകളും നീക്കം ചെയ്ത ശേഷം വെയിൽ കൊള്ളിക്കാതെ ഉണക്കി പൊടിച്ചെടുക്കുന്നു. ഇത് വെള്ളത്തിൽ കലക്കി അരിക്കാതെ നേരിട്ട് കുടിക്കുന്നതിനാൽ മുഴുവൻ ഇലപ്പൊടിയും ശരീരത്തിലെത്തുന്നു.
സാധാരണ ഗ്രീൻ ടീയേക്കാൾ 10 മടങ്ങ് കൂടുതൽ ആന്റി ഓക്‌സിഡന്റുകളും ഇരട്ടി അളവിൽ കഫീനും മാച്ചയിൽ അടങ്ങിയിട്ടുണ്ട്.
മാച്ചയിലെ ആന്റി ഓക്‌സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.
ഇതിലെ എൽ-തിയനൈൻ എന്ന അമിനോ ആസിഡ് ഓർമ്മശക്തി, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഗ്ലൂട്ടത്തയോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
കയ്പ് കുറയ്ക്കാൻ പലപ്പോഴും മധുരപലഹാരങ്ങൾക്കൊപ്പമോ പാലിനൊപ്പമോ ഇത് വിളമ്പാറുണ്ട്. ഐസ്ക്രീം, സ്മൂത്തികൾ, ബേക്കിംഗ് എന്നിവയിലും ഇത് ജനപ്രിയമാണ്.
പ്രത്യേക രീതിയിലുള്ള നിർമ്മാണം കാരണം ഇതിന് വില കൂടുതലാണ്. പ്രീമിയം ഗ്രേഡ് മാച്ചയ്ക്ക് അര കിലോയ്ക്ക് 7,000 രൂപ മുതലാണ് വില വരുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച മാച്ച ജപ്പാനിൽ നിന്നാണ് വരുന്നത്.
ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും അമിതമാകുന്നത് ദോഷകരമാണ്. അതിനാൽ പ്രതിദിനം 2 കപ്പിൽ (474 മില്ലി) കൂടുതൽ മാച്ച കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.