1 June 2026
Aswathy Balachandran
Image Courtesy: Getty Images
ആഗോളതലത്തിൽ ഇന്ന് കുട്ടികൾക്കിടയിൽ പോഷകക്കുറവിനേക്കാൾ വലിയ ആരോഗ്യപ്രശ്നമായി അമിതവണ്ണം മാറിക്കൊണ്ടിരിക്കുകയാണ്.
യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം 2030-ഓടെ ലോകത്തെ അമിതവണ്ണമുള്ള കുട്ടികളിൽ 11 ശതമാനവും ഇന്ത്യയിലായിരിക്കും. 5 വയസ്സിന് താഴെയുള്ള കുട്ടികളിലെ അമിതവണ്ണം 3.4% ആണ്.
ഉയർന്ന കലോറിയുള്ളതും എന്നാൽ പോഷകമൂല്യം തീരെയില്ലാത്തതുമായ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെയും ജങ്ക് ഫുഡുകളുടെയും ഉപയോഗം കുട്ടികളിൽ അമിതവണ്ണത്തിന് പ്രധാന കാരണമാകുന്നു.
മൊബൈൽ, ടിവി, വീഡിയോ ഗെയിംസ് തുടങ്ങിയവയുടെ ഉപയോഗം കാരണം കുട്ടികളുടെ സ്‌ക്രീൻ സമയം വർധിക്കുകയും മൈതാനങ്ങളിലെ കളികൾ കുറയുകയും ചെയ്തത് ശാരീരിക അധ്വാനം ഇല്ലാതാക്കി.
അമിതവണ്ണം കാരണം വളരെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ടൈപ്പ്-2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾ കണ്ടുവരുന്നു.
അമിതവണ്ണമുള്ള കുട്ടികൾ ശരീരപ്രകൃതിയെച്ചൊല്ലിയുള്ള കളിയാക്കലുകൾക്ക് ഇരയാകാറുണ്ട്. ഇത് അവരുടെ ആത്മവിശ്വാസം തകർക്കാനും കടുത്ത മാനസിക സമ്മർദ്ദത്തിനും സാമൂഹിക ഒറ്റപ്പെടലിനും കാരണമാകുന്നു.
കുട്ടിക്കാലത്തെ അമിതവണ്ണം മുതിരുമ്പോഴും തുടരാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ ഹൃദ്രോഗങ്ങൾ, കരളിലെ കൊഴുപ്പ്, വന്ധ്യത തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം.
ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും കുട്ടികളെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.