January 06 2026
Aswathy Balachandran
Image Courtesy: Unsplash
മൂത്രത്തിലെ കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ കട്ടപിടിക്കുന്നതാണ് വൃക്കയിലെ കല്ലുകൾക്ക് കാരണമാകുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം.
പുറകിലോ വാരിയെല്ലുകൾക്ക് താഴെയോ തുടങ്ങുന്ന കഠിനമായ വേദന അടിവയറ്റിലേക്ക് പടരുക, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, മൂത്രത്തിന്റെ നിറം മാറ്റം, ഓക്കാനം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഭക്ഷണത്തിൽ ഉപ്പ് അമിതമാകുന്നത് മൂത്രത്തിലൂടെ കൂടുതൽ കാൽസ്യം പുറന്തള്ളാൻ കാരണമാകും. ഈ കാൽസ്യം ഓക്സലേറ്റുമായി ചേർന്ന് കല്ലുകൾ രൂപപ്പെടുന്നു. അതിനാൽ ഉപ്പ് നിയന്ത്രിക്കണം.
നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന 'സിട്രേറ്റ്' കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
അമിതമായ മാംസാഹാരം, പഞ്ചസാര, ടിന്നിലടച്ച ഭക്ഷണങ്ങൾ, അച്ചാറുകൾ, പാക്കറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് മൂത്രം സാന്ദ്രമാകാനും ലവണങ്ങൾ അടിഞ്ഞുകൂടാനും കാരണമാകും. ധാരാളം വെള്ളം കുടിക്കുന്നത് കല്ലുകളെ അലിയിച്ചു കളയാൻ സഹായിക്കും.
അമിതവണ്ണവും വ്യായാമക്കുറവും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യമായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കുന്നത് കിഡ്‌നിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
പാരമ്പര്യം ഈ രോഗത്തിന് ഒരു കാരണമാകാം. അതിനാൽ കുടുംബത്തിൽ വൃക്കരോഗ ചരിത്രമുള്ളവർ ഭക്ഷണരീതിയിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.