8th Pay Commission: 8-ാം ശമ്പള കമ്മീഷൻ ശുപാർശകൾ മെയിൽ; ഉയർന്ന അടിസ്ഥാന ശമ്പളം വരുമാനം എത്ര കൂട്ടും?
8th Pay Commission Basic Pay Hike: ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളത്തിലെ പ്രധാന ഘടകമാണ് അടിസ്ഥാന ശമ്പളം. ഇതിൽ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നില്ല. അതുപോലെ ക്ഷാമബത്ത, വീട്ടുവാടക അലവൻസ് പോലുള്ള മറ്റ് ഘടകങ്ങൾ കണക്കാക്കുന്നത് ഈ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കണ്ണുകൾ 8-ാം ശമ്പള കമ്മീഷന്റെ തീരുമാനങ്ങളിലേക്കാണ്. മുംബൈയിൽ കമ്മീഷൻ ജീവനക്കാരുടെ യൂണിയനുകളുമായി രണ്ടാം ഘട്ട ചർച്ചകൾ നടത്തിവരികയാണ്. അടിസ്ഥാന ശമ്പളത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ മാത്രമല്ല, വർഷാന്ത്യ ഇൻക്രിമെന്റുകളിലും ഗ്രാജുവൈറ്റി, പെൻഷൻ തുടങ്ങിയ വിരമിക്കൽ ആനുകൂല്യങ്ങളിലും വലിയ പ്രതിഫലനമുണ്ടാക്കും. 20 വർഷത്തെ സർവീസ് ജീവിതത്തിൽ അടിസ്ഥാന ശമ്പള വർധനവ് വരുമാനത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചാലോ…
എന്താണ് അടിസ്ഥാന ശമ്പളം?
ഒരു സർക്കാർ ജീവനക്കാരന്റെ ശമ്പളത്തിലെ പ്രധാന ഘടകമാണ് അടിസ്ഥാന ശമ്പളം. ഇതിൽ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നില്ല. അതുപോലെ ക്ഷാമബത്ത, വീട്ടുവാടക അലവൻസ് പോലുള്ള മറ്റ് ഘടകങ്ങൾ കണക്കാക്കുന്നത് ഈ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഫിറ്റ്മെന്റ് ഫാക്ടർ 3.833, കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപ ആക്കണമെന്ന നിർദേശമാണ് നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റിവ് മെഷിനറി മുന്നോട്ട് വച്ചിരിക്കുന്നത്. അതുപോലെ, ഭാരതീയ പ്രതിരോധ മദൂർ സംഘ് കുറഞ്ഞ അടിസ്ഥാന ശമ്പളം 72,000 രൂപ ആക്കണമെന്നും 4 ഫിറ്റ്മെന്റ് ഫാക്ടർ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാർഷിക ഇൻക്രിമെന്റ് 3 ശതമാനത്തിൽ നിന്ന് 6 ശതമാനമായി ഉയർത്തണമെന്നും ഇരു യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: ജീവനക്കാർക്ക് ഡിഎ കുടിശ്ശികയും 10,000 രൂപയും; നവംബറിൽ ഇരട്ട ആനുകൂല്യം
ഉയർന്ന അടിസ്ഥാന ശമ്പളം 20 വർഷത്തെ ആകെ വരുമാനത്തെ എങ്ങനെ ബാധിക്കും?
അടിസ്ഥാന ശമ്പളം കൂടുന്നതിനനുസരിച്ച് മൊത്ത ശമ്പളത്തിലും വൻ വർദ്ധനവ് ഉണ്ടാകും. ”ഉയർന്ന അടിസ്ഥാന ശമ്പളം ജീവനക്കാരന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കൂട്ടുപലിശയ്ക്ക് സമാനമായ ഒരു വർധനവ് ഉണ്ടാക്കുന്നു,” എന്നാണ് ബാങ്ക് ബസാർ സിഇഒ അധിൽ ഷെട്ടി പറയുന്നത്. കൂടാതെ, ഏഴാം ശമ്പള കമ്മീഷന് കീഴിൽ വാർഷിക ഇൻക്രിമെന്റ് എന്നത് അടിസ്ഥാന ശമ്പളത്തിന്റെ 3% ആണ്. അതിനാൽ, ഉയർന്ന തുടക്ക ശമ്പളം ഓരോ വർഷവും വലിയ തുക ഇൻക്രിമെന്റായി ലഭിക്കാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ക്ഷാമബത്ത, വീട്ടുവാടക അലവൻസ് തുടങ്ങിയവ അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ബേസിക് പേ ഉയരുന്നത് മൊത്തത്തിലുള്ള വരുമാനത്തെയും ബാധിക്കും. 20 വർഷത്തെ കാലയളവിൽ ഈ വ്യത്യാസം വളരെ വലുതായി മാറും. കൂടാതെ, അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവ്, വിരമിക്കൽ സമയത്ത് ലഭിക്കുന്ന പെൻഷൻ, ഗ്രാജുവൈറ്റി, ലീവ് എൻകാഷ്മെന്റ് എന്നിവയിലും വലിയ വർധനവുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ശുപാർശകൾ എന്ന്?
2025 നവംബറിലാണ് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. നിലവിൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ കമ്മീഷൻ കൂടിയാലോചനകളുടെയും ചർച്ചകളുടെയും ഘട്ടത്തിലാണ്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിന് ശേഷമാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അതായത്, ഏകദേശം 2027 മെയ്-ജൂൺ മാസങ്ങളോടെ റിപ്പോർട്ട് വരാൻ സാധ്യതയുണ്ട്. കമ്മീഷൻ തങ്ങളുടെ ശുപാർശകൾ സമർപ്പിക്കുകയും അതിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുകയും ചെയ്യുന്നത് വരെ, യൂണിയനുകൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം നിർദേശങ്ങൾ മാത്രമായിരിക്കും.
English Summary:
The 8th Pay Commission could significantly increase the long-term earnings and retirement benefits of central government employees if demands for higher basic pay and annual increments are approved. A higher basic pay could additionally improve retirement benefits, including pension and gratuity, depending on the applicable rules.