Fish Farming: ചിലവില്ലാതെ മീൻ വളർത്താം, നല്ലൊരു തുക വരുമാനം നേടാം; മികച്ച ലാഭം തരുന്ന മത്സ്യങ്ങൾ ഇവയാണേ….
How to Start Fish Farming: അധിക വരുമാനം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മേഖലയാണ് മത്സ്യ കൃഷി. അധികം ചെലവൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മീൻ വളർത്താവുന്നതാണ്. അലങ്കാര മത്സ്യങ്ങളോ മറ്റ് മീനുകളോ തിരഞ്ഞെടുക്കാം. കുറഞ്ഞ ചെലവിൽ നൂറുമേനി ലാഭം കൊയ്യാൻ സഹായിക്കുന്ന ചില മത്സ്യങ്ങളെ പരിചയപ്പെട്ടാലോ....

പ്രതീകാത്മക ചിത്രം
കഷ്ടപ്പെട്ട് ജോലി ചെയ്താലും ശമ്പളം ഒന്നിനും തികയാത്ത അവസ്ഥ, എല്ലാ സാധാരണക്കാരുടെയും പ്രധാന പ്രശ്നമാണ്. ഈ വിലക്കയറ്റത്തിന്റെ കാലത്ത് സാമ്പത്തികമായി പിടിച്ചുനിൽക്കാൻ അധിക വരുമാനം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അധിക വരുമാനം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മേഖലയാണ് മത്സ്യ കൃഷി. അധികം ചെലവൊന്നുമില്ലാതെ തന്നെ നിങ്ങൾക്ക് മീൻ വളർത്താവുന്നതാണ്. അലങ്കാര മത്സ്യങ്ങളോ മറ്റ് മീനുകളോ തിരഞ്ഞെടുക്കാം. കുറഞ്ഞ ചെലവിൽ നൂറുമേനി ലാഭം കൊയ്യാൻ സഹായിക്കുന്ന ചില മത്സ്യങ്ങളെ പരിചയപ്പെട്ടാലോ….
മത്സ്യകൃഷി
മികച്ച വരുമാനം നേടി തരുന്ന ഒരു സ്വയംതൊഴിൽ മേഖലയാണ് മത്സ്യകൃഷി. കുറഞ്ഞ സ്ഥലത്ത് ശാസ്ത്രീയമായ രീതികൾ ഉപയോഗിച്ച് കൃഷി ചെയ്താൽ ലക്ഷങ്ങളുടെ ലാഭമാണ് ഈ രംഗത്ത് നിന്ന് നേടാൻ സാധിക്കുന്നത്. മൺകുളങ്ങൾ, ടാർപോളിൻ / കോൺക്രീറ്റ് ടാങ്കുകൾ, ബയോഫ്ലോക്ക് തുടങ്ങിയ രീതികളിൽ കൃഷി ചെയ്യാവുന്നതാണ്. അനുയോജ്യമായ മീനുകളെ തിരഞ്ഞെടുക്കുന്നതാണ് അടുത്ത ഘട്ടം. ജി.ഐ.എഫ്.റ്റി തിലാപ്പിയ, വരാൽ, കരിമീൻ, അസം വാള തുടങ്ങിയവയെല്ലാം മികച്ച ഓപ്ഷനാണ്.
മത്സ്യകൃഷിയുടെ വിജയത്തിന്റെ 80 ശതമാനവും വെള്ളത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. കുളത്തിൽ വെള്ളം നിറച്ച ഉടൻ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കരുത്. ക്ലോറിൻ ഇല്ലാത്ത വെള്ളം അടിച്ച് 4-5 ദിവസം വെയിൽ കൊള്ളിക്കണം. വെള്ളത്തിന്റെ pH മൂല്യം 6.5 നും 8.5 നും ഇടയിൽ നിലനിർത്താൻ ശ്രദ്ധിക്കുക. മൺകുളങ്ങളിൽ അസിഡിറ്റി കുറയ്ക്കാൻ കുമ്മായം ചേർക്കാറുണ്ട്. മീനുകൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാൻ ടാങ്കുകളിൽ എയറേറ്റർ ഘടിപ്പിക്കുന്നതും നല്ലതാണ്.
ALSO READ: അയല 500 രൂപ, മത്തിക്കും പൊള്ളും വില; സമാധാനത്തോടെ മീൻ കഴിക്കാൻ ജൂലൈ കഴിയണം!
അംഗീകൃത ഹാച്ചറികളിൽ നിന്നോ ഫിഷറീസ് വകുപ്പിന്റെ കേന്ദ്രങ്ങളിൽ നിന്നോ മാത്രം മീൻകുഞ്ഞുങ്ങളെ വാങ്ങാൻ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ കുളത്തിലേക്ക് ഇറക്കുമ്പോൾ പെട്ടെന്ന് വെള്ളം മാറ്റി ഒഴിക്കരുത്. മീൻ കുഞ്ഞുങ്ങൾ വന്ന കവർ അതേപടി കുളത്തിലെ വെള്ളത്തിൽ 15 മിനിറ്റ് മുക്കി വെച്ച് താപനില തുല്യമാക്കിയ ശേഷം മാത്രം പതുക്കെ തുറന്നുവിടുക. മീനുകൾ കൃത്യമായ വലിപ്പത്തിൽ എത്തിക്കഴിഞ്ഞാൽ ഒന്നിച്ച് വിളവെടുക്കാം. ഹോൾസെയിൽ വ്യാപാരികൾക്ക് കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്നതിനേക്കാൾ ലാഭകരം, ജീവനുള്ള മീനുകളെ നിങ്ങളുടെ തോട്ടത്തിൽ വെച്ചുതന്നെ നേരിട്ട് ആവശ്യക്കാർക്ക് വിൽക്കുന്നതാണ്.
മികച്ച മത്സ്യങ്ങൾ
കരിമീൻ
കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീനിന് വിപണിയിൽ എപ്പോഴും രാജകീയ പദവിയാണ്. തണ്ണീർത്തടങ്ങളിലും കായലുകളിലും കുളങ്ങളിലും ഒരുപോലെ വളർത്താം. കരിമീനിന് വിപണിയിൽ കിലോഗ്രാമിന് 450 രൂപ മുതൽ 600 രൂപ വരെ ഉയർന്ന വില ലഭിക്കാറുണ്ട്. ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലും ഇതിന് വൻ ആവശ്യക്കാരുണ്ട്. കൃത്രിമ തീറ്റകൾക്ക് പുറമെ കുളത്തിലെ പായലുകളും സ്വാഭാവിക ജൈവാംശങ്ങളും ഇവ ഭക്ഷണമാക്കും.
വരാൽ
കുറഞ്ഞ ഓക്സിജൻ മാത്രമുള്ള വെള്ളത്തിലും അതിജീവിക്കാൻ കഴിവുള്ളവയാണ് വരാലുകൾ. അതുകൊണ്ടുതന്നെ ചെറിയ കുളങ്ങളിലോ ബയോഫ്ലോക്ക് ടാങ്കുകളിലോ ഇവയെ എളുപ്പത്തിൽ വളർത്താം. വരാലിന് കിലോയ്ക്ക് 500 രൂപയ്ക്ക് മുകളിലാണ് വില. ഇതിന്റെ കുഞ്ഞുങ്ങളെ ലഭിക്കാൻ ഇപ്പോൾ മികച്ച ഹാച്ചറികൾ ലഭ്യമാണ്. ഇവ മറ്റ് ചെറിയ മീനുകളെ തിന്നുന്ന കൂട്ടത്തിലായതുകൊണ്ട് ഒരേ പ്രായത്തിലുള്ള വരാൽ കുഞ്ഞുങ്ങളെ മാത്രം ഒന്നിച്ച് വളർത്താൻ ശ്രദ്ധിക്കുക.
ജി.ഐ.എഫ്.ടി തിലാപ്പിയ
തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമായ മത്സ്യമാണ് തിലാപ്പിയ. ജനിതക വ്യതിയാനം വരുത്തി വേഗത്തിൽ വളർച്ച ഉറപ്പാക്കിയ ഇനമാണ് ജി.ഐ.എഫ്.ടി. വെറും 5-6 മാസങ്ങൾ കൊണ്ട് ഇവ 500 ഗ്രാം വരെ തൂക്കം വെയ്ക്കും. രോഗപ്രതിരോധ ശേഷി വളരെ കൂടുതലാണ്. അതുപോലെ, ബയോഫ്ലോക്ക് രീതിക്ക് ഏറ്റവും മികച്ച ഇനമാണിത്. പ്രാദേശിക വിപണിയിൽ ജീവനുള്ള തിലാപ്പിയയ്ക്ക് വലിയ ഡിമാൻഡാണ്.
English Summary:
Fish farming is a self-employment sector that generates good income. If cultivated in a small area using scientific methods, profits of lakhs can be earned from this sector.