Rubber prices Hike: റബർ കർഷകർക്ക് ഇത് നല്ലകാലം, വില കുതിയ്ക്കുന്നു, ഇതാണ് കാരണം
Rubber Prices Surge Past RS 200 : കർഷകർക്ക് ആശ്വാസം, പക്ഷേ ഉത്പാദനം കുറവ് വില വർദ്ധനവ് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കഠിനമായ വേനൽ ചൂട് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

Rubber price hike
കോട്ടയം: വിപണിയിൽ ആവശ്യക്കാർ വർദ്ധിച്ചതോടെ റബ്ബർ വിലയിൽ വൻ കുതിപ്പ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക വിപണി വിലയും 200 രൂപ കടന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രാദേശിക വിപണിയിൽ വില 200-ന് മുകളിലായിരുന്നെങ്കിലും റബ്ബർ ബോർഡിന്റെ ഔദ്യോഗിക കണക്കുകളിൽ ഇന്നലെയാണ് ഈ നേട്ടം രേഖപ്പെടുത്തിയത്.
ഇന്നലത്തെ വ്യാപാര കണക്കുകൾ പ്രകാരം ആർഎസ്എസ് നാല് ഗ്രേഡിന് 200.50 രൂപയും അഞ്ച് ഗ്രേഡിന് 195.50 രൂപയുമാണ് വ്യാപാരി വില. എന്നാൽ റബ്ബർ ബോർഡിന്റെ വിലനിലവാരത്തിൽ ആർഎസ്എസ് നാലിന് 208.50 രൂപയും അഞ്ചിന് 203.50 രൂപയുമായി ഉയർന്നിട്ടുണ്ട്. കോട്ടയം മാർക്കറ്റിൽ പലയിടങ്ങളിലും 207.50 രൂപയ്ക്ക് വരെ കച്ചവടം നടന്നതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര വിപണിയിലും റബ്ബറിന് മികച്ച വിലയാണ് ലഭിക്കുന്നത്.
കർഷകർക്ക് ആശ്വാസം, പക്ഷേ ഉത്പാദനം കുറവ് വില വർദ്ധനവ് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കഠിനമായ വേനൽ ചൂട് കാരണം ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എങ്കിലും വിപണിയിലെ മെച്ചപ്പെട്ട സാഹചര്യം കണക്കിലെടുത്ത് പല കർഷകരും ടാപ്പിംഗ് തുടരുകയാണ്.
വേനൽമഴ ലഭിക്കുകയാണെങ്കിൽ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാനാണ് ചെറുകിട കർഷകരുടെ തീരുമാനം. ലാറ്റക്സ് (പാൽ) വില ഇന്നലെ 187 രൂപയിലെത്തി. ഒട്ടുപാൽ വില 130 രൂപയായി ഉയർന്നു. ക്രംബ് ഫാക്ടറികളിൽ സ്റ്റോക്ക് കുറവായതിനാൽ വരും ദിവസങ്ങളിൽ ഒട്ടുപാൽ വില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.