Stock Market: ഷെയർ മാർക്കറ്റിൽ നല്ല ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കാം? ഇനി സംശയം വേണ്ട!
How to Choose Best Stocks for Beginners: തുടക്കക്കാർക്കും മുതിർന്ന നിക്ഷേപകർക്കും ഒരുപോലെ വെല്ലുവിളിയായ ഒന്നാണ് ശരിയായ ഓഹരികൾ തിരഞ്ഞെടുക്കുക എന്നത്. വിപണിയിലെ താൽക്കാലിക ട്രെന്റ്സിനോ കേട്ടുകേൾവികൾക്കോ പിന്നാലെ പോകാതെ, ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ലാഭം തരുന്ന കമ്പനികൾ കണ്ടെത്തുന്നതിന് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം
കമ്പനികളുടെ ഓഹരികൾ (ഷെയറുകൾ) വാങ്ങാനും വിൽക്കാനുമുള്ള ഒരു വേദിയാണ് ഓഹരി വിപണി. ഒരു കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചെറിയ ഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനെയാണ് ഷെയർ എന്ന് പറയുന്നത്. ഇത്തരത്തിൽ ഒരു വ്യക്തി ഒരു കമ്പനിയുടെ ഓഹരികൾ കൈവശമാക്കുമ്പോൾ ആ വ്യക്തി പ്രസ്തുത കമ്പനിയുടെ ഷെയർ ഹോൾഡർ അഥവാ ഓഹരി ഉടമയായി മാറും. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിങ്ങനെ രണ്ട് എക്‌സ്‌ചേഞ്ചുകളിലാണ് ഇന്ത്യയിൽ പ്രധാനമായും ഓഹരി വ്യാപാരം നടക്കുന്നത്. വിടെ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികളാണ് നമ്മൾ വാങ്ങുന്നത്.
ഷെയർ മാർക്കറ്റിലൂടെ ആർക്കും ഓഹരികൾ വാങ്ങാനായി സാധിക്കും. എന്നാൽ, തുടക്കക്കാർക്കും മുതിർന്ന നിക്ഷേപകർക്കും ഒരുപോലെ വെല്ലുവിളിയായ ഒന്നാണ് ശരിയായ ഓഹരികൾ തിരഞ്ഞെടുക്കുക എന്നത്. വിപണിയിലെ താൽക്കാലിക ട്രെന്റ്സിനോ കേട്ടുകേൾവികൾക്കോ പിന്നാലെ പോകാതെ, ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ലാഭം തരുന്ന കമ്പനികൾ കണ്ടെത്തുന്നതിന് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
നല്ല ഓഹരികൾ എങ്ങനെ തിരഞ്ഞെടുക്കാം?
ബിസിനസ്സ് മോഡൽ മനസ്സിലാക്കുക
ഓഹരി വാങ്ങുന്നതിന്റെ ആദ്യ പടി ആ കമ്പനിയുടെ ബിസിനസ് മോഡൽ മനസ്സിലാക്കുക എന്നതാണ്. നിങ്ങൾക്ക് വ്യക്തമായി മനസ്സിലാകുന്ന ബിസിനസ്സ് ചെയ്യുന്ന കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. കമ്പനി എന്താണ് ഉത്പാദിപ്പിക്കുന്നത്, അല്ലെങ്കിൽ സേവനം നൽകുന്നത്, അവരുടെ ഉൽപ്പന്നങ്ങൾക്ക് ഭാവിയിൽ ഡിമാൻഡ് ഉണ്ടാകുമോ എന്ന കാര്യങ്ങളും മനസ്സിലാക്കേണ്ടതാണ്.
ALSO READ: ഷെയർ മാർക്കറ്റിൽ എങ്ങനെ നിക്ഷേപം തുടങ്ങാം? തുടക്കക്കാർ അറിയേണ്ട കാര്യങ്ങൾ
സാമ്പത്തിക അടിത്തറ
ഓഹരി തിരഞ്ഞെടുക്കുന്നതിന് മുമ്പ് കമ്പനിയുടെ സാമ്പത്തിക രേഖകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ 3-5 വർഷങ്ങളിൽ കമ്പനിയുടെ വിറ്റുവരവും ലാഭവും തുടർച്ചയായി വളരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. കുറഞ്ഞ കടബാധ്യതയുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതം.
പ്രൊമോട്ടർമാരും മാനേജ്‌മെന്റും
കമ്പനി നടത്തുന്ന പ്രൊമോട്ടർമാരുടെ പശ്ചാത്തലവും സുതാര്യതയും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് ഉള്ള കമ്പനികൾ മാനേജ്‌മെന്റിന് കമ്പനിയിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു.
മത്സരശേഷി
കമ്പനിയെ വ്യത്യസ്തമാക്കുന്ന പ്രത്യേകതകൾ ഉണ്ടോ എന്ന് നോക്കുക. ബ്രാൻഡ് മൂല്യം, കുറഞ്ഞ ഉൽപ്പാദനച്ചെലവ്, അല്ലെങ്കിൽ പേറ്റന്റുകൾ എന്നിവയുള്ള കമ്പനികൾക്ക് വിപണിയിലെ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും.
മൂല്യനിർണ്ണയം
ഒരു നല്ല കമ്പനിയാണെങ്കിൽ പോലും ഉയർന്ന വിലയിൽ വാങ്ങുന്നത് നഷ്ടത്തിന് കാരണമാകാം. അതിനാൽ മൂല്യനിർണ്ണയം പ്രധാന പങ്ക് വഹിക്കുന്നു. കമ്പനിയുടെ ഓഹരി വില ന്യായമാണോ എന്ന് അറിയാൻ P/E അനുപാതം (Price-to-Earnings Ratio) സഹായിക്കും. അതേ മേഖലയിലെ മറ്റ് കമ്പനികളുടെ P/E-യുമായി ഇത് താരതമ്യം ചെയ്യേണ്ടതാണ്. റിട്ടേൺ ഓൺ ഇക്വിറ്റി 15%-ന് മുകളിലുള്ള കമ്പനികൾ സാധാരണയായി നല്ല പ്രകടനം കാഴ്ചവെക്കുന്നവയാണ്.
English Summary:
Anyone can buy shares through the stock market, but selecting the right stocks remains a challenge for both beginners and experienced investors. Instead of blindly following short-term market trends, investors should focus on identifying fundamentally strong companies with the potential to deliver good long-term returns. Understanding key factors such as a company’s financial performance, growth prospects, management quality and valuation.