Indira Guarantee Scheme: കോളേജ് പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ, ഇന്ദിരാ ഗാരന്റിയ്ക്കായി കണക്കെടുപ്പ് ആരംഭിച്ചു, പദ്ധതി ഖജനാവിന് ബാധ്യതയോ?
Kerala Starts Headcount of Female College Students: അന്തിമ കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ കൃത്യമായ തുക എത്രയെന്ന് വ്യക്തമാകൂ. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ തുക എങ്ങനെ കണ്ടെത്തുമെന്നത് സർക്കാരിന് മുന്നിലെ വലിയൊരു വെല്ലുവിളിയാണ്. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചവരിലും പെൺകുട്ടികളാണ് കൂടുതൽ എന്നത് ഗുണഭോക്താക്കളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കും.

Indira Guarantee Rollout
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗാരന്റി’ നടപ്പാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി എത്ര പെൺകുട്ടികൾ പഠിക്കുന്നുണ്ടെന്നുള്ള വിവര ശേഖരണം ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങി. നിലവിൽ ഇതിനെക്കുറിച്ചുള്ള ഏകീകൃത വിവരം സർക്കാരിന്റെ പക്കലില്ല.
ഖജനാവിന് വൻ ബാധ്യത; പ്രതിവർഷം 800 കോടിയിലധികം രൂപ വേണ്ടിവരും
ഏറ്റവുമൊടുവിലത്തെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേയിലെ (AISHE) കണക്കുകൾ പരിശോധിച്ചാൽ ഈ പദ്ധതി നടപ്പാക്കാൻ സർക്കാരിന് ഭീമമായ തുക കണ്ടെത്തേണ്ടി വരും. 2023-ലെ സർവേ അനുസരിച്ച് കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പ്രവേശനാനുപാതം 59.47 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ (47.8%) വളരെ കൂടുതലാണ്.
സംസ്ഥാനത്ത് ആകെ 10,99,113 വിദ്യാർഥികളാണ് ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നത്. ഈ കണക്കുകൾ പ്രകാരം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം ശരാശരി ഏഴു ലക്ഷത്തോളം വരും. ഏഴു ലക്ഷം പെൺകുട്ടികൾക്ക് ആയിരം രൂപ വീതം നൽകണമെങ്കിൽ പ്രതിമാസം 70 കോടി രൂപ വേണ്ടിവരും. അതായത് വർഷത്തിൽ 800 കോടിയിലധികം രൂപ ഇതിനായി മാത്രം കണ്ടെത്തേണ്ടി വരും.
Also Read: Kerala Plus Two Result 2026: റിസൾട്ട് വന്നു! പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97
അന്തിമ കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ കൃത്യമായ തുക എത്രയെന്ന് വ്യക്തമാകൂ. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ തുക എങ്ങനെ കണ്ടെത്തുമെന്നത് സർക്കാരിന് മുന്നിലെ വലിയൊരു വെല്ലുവിളിയാണ്. ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചവരിലും പെൺകുട്ടികളാണ് കൂടുതൽ എന്നത് ഗുണഭോക്താക്കളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കും.
നിലവിലെ സ്കോളർഷിപ്പുകളുടെ ഭാവി എന്താകും?
പട്ടികവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് പുറമേ, കുടുംബ വരുമാനത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ നിലവിൽ ഒട്ടേറെ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഇന്ദിരാ ഗാരന്റി പദ്ധതി നിലവിൽ വരുമ്പോൾ ഈ സ്കോളർഷിപ്പുകളെല്ലാം തുടരുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.
നിലവിൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നവരെ ഈ പദ്ധതിയിൽ നിന്ന് മാറ്റിനിർത്തണമെങ്കിൽ സർക്കാർ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗ്ഗരേഖകൾ വരും ദിവസങ്ങളിൽ മാത്രമേ പുറത്തുവരൂ.
ENGLISH SUMMARY
The Kerala Higher Education Department has commenced a census of female college students to implement the ‘Indira Guarantee’ election promise of providing RS1,000 monthly to college-going girls. Based on current data, the scheme will benefit around seven lakh students, incurring a massive financial liability of over ₹800 crore annually for the state exchequer. Funding this initiative remains a significant challenge for the government, which is yet to clarify whether existing scholarships and fellowships will continue alongside the new scheme.