Kerala School Holiday: കനത്ത മഴ, 4 ജില്ലകളിൽ അവധി; പ്രൊഫഷണൽ കോളേജുകൾക്കും ബാധകം
Holiday declared for 4 red alert districts today: പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.
അവധി ആർക്കെല്ലാം?
പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
പരീക്ഷകൾക്ക് മാറ്റമുണ്ടോ?
അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല എന്നും കളക്ടർമാർ അറിയിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
ഇന്നത്തെ കാലാവസ്ഥ
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ജൂൺ 9 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും.
ALSO READ: സംസ്ഥാനത്ത് പേമാരി; ഇന്നും നാളെയും റെഡ് അലർട്ട്, പ്രളയ സാധ്യത മുന്നറിയിപ്പ്
അതേസമയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഉരുൾപൊട്ടലിന് സാധ്യത
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിട്ടു. മാറ്റിത്താമസിപ്പിക്കലും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ വടകര ആര്‍.ഡി.ഒയെ നോഡല്‍ ഓഫീസറും വടകര തഹസില്‍ദാരെ അസി. നോഡല്‍ ഓഫീസറുമായി ചുമതലപ്പെടുത്തി.
കൂടാതെ, ശനി, ഞായർ ദിവസങ്ങളിൽ വയനാട്ടിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
English Summary:
Kerala Rains, Holiday declared for 4 red alert districts today. Schools and colleges to remain closed in Kannur, Wayanad, Kasaragod, and Kozhikode. Holidays have been declared for all educational institutions, including professional colleges in the districts.