KTET Result 2026 Out: ഒടുവില്‍ കെ-ടെറ്റ് ഫലമെത്തി; റിസള്‍ട്ട് പരിശോധിക്കേണ്ടത് എങ്ങനെ?
Kerala TET Result Published : കെ-ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. 60 ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

KTET Result Out
KTET Result Published: കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കെടെറ്റ് റിസള്‍ട്ട് പരിശോധിക്കേണ്ടത്. ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു പരീക്ഷ (K-TET DECEMBER 2025) നടന്നത്. 60 ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ 60 ദിവസം പിന്നിട്ടിട്ടും റിസള്‍ട്ട് പുറത്തുവിടാത്തതില്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു.
എസ്എസ്എല്‍സി ഫലത്തിനു ശേഷം റിസള്‍ട്ട് പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, ഫലപ്രഖ്യാപനം പിന്നെയും നീണ്ടു. വിരമിക്കാന്‍ രണ്ടു വര്‍ഷത്തിലധികം ബാക്കിയുള്ള അധ്യാപകര്‍ നിര്‍ബന്ധമായും കെടെറ്റ് യോഗ്യത നേടണമെന്ന സുപ്രീംകോടതി വിധിക്കു ശേഷം നടന്ന ആദ്യ പരീക്ഷയാണിത്. ഉത്തരസൂചിക പുറത്തുവിടുന്നതിലും കാലതാമസമുണ്ടായി.
ഫലം പരിശോധിക്കേണ്ടത് എങ്ങനെ?
- ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിൽ കാണുന്ന ‘KTET Exam Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ആദ്യം നാലു കാറ്റഗറികളില്‍ നിങ്ങളുടെ വിഭാഗം തിരഞ്ഞെടുക്കുക
- തുടര്‍ന്ന് രജിസ്റ്റര്‍ നമ്പര്‍ നല്‍കുക
- അതിനുശേഷം ജനനത്തീയതിയും ടൈപ്പ് ചെയ്യുക
- ‘Check Result’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ റിസൾട്ട് സ്ക്രീനിൽ തെളിയും. ഭാവി ആവശ്യങ്ങൾക്കായി ഇതിന്റെ പ്രിന്റൗട്ട് അല്ലെങ്കിൽ പിഡിഎഫ് സൂക്ഷിച്ചുവെയ്ക്കണം.
Also Read: Kerala Plus Two Result 2026: റിസൾട്ട് വന്നു! പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97
യോഗ്യതാ പരീക്ഷ
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ലോവര്‍ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയാണ് കെ ടെറ്റ്. ഡിസംബര്‍ 30 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഭാഷ/സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നീ നാലു വിഭാഗങ്ങളിലായിരുന്നു അവസരം.
ഇതില്‍ ഒന്നും രണ്ടും വിഭാഗങ്ങള്‍ക്ക് ഫെബ്രുവരി 21-ന് രാവിലെയും ഉച്ചയ്ക്കും പരീക്ഷ നടന്നു. മൂന്നും നാലും കാറ്റഗറി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 23-നായിരുന്നു പരീക്ഷ. യോഗ്യത നേടുന്നതിന് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കണം. സംവരണവിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
കെ-ടെറ്റ് നിര്‍ബന്ധമാക്കി
അതേസമയം, ഹൈസ്‌കൂള്‍ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
താല്‍ക്കാലിക നിയമനങ്ങള്‍ സംവരണ വ്യവസ്ഥകളും കൃത്യമായി പാലിക്കണം. 1:1 എന്ന അനുപാതത്തില്‍ രണ്ടാമത്തെ ഒഴിവ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ക്രമമനുസരിച്ച് നല്‍കണം. ഇത്തരത്തിലുള്ള സംവരണ ഒഴിവില്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ മാത്രമേ പൊതുവിഭാഗത്തില്‍ നിന്ന് നിയമനം നടത്താവൂ.
എന്നാല്‍ ഇതിന് പകരമായി തൊട്ടടുത്ത് വരാനിരിക്കുന്ന ഒഴിവ് സംവരണ വിഭാഗത്തിനായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഈ സംവരണക്രമം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം. താല്‍ക്കാലിക അധ്യാപകരായി നിയമിക്കേണ്ടത് പൂര്‍ണ യോഗ്യതയുള്ളവരെ മാത്രമാകണം. താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂവില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനോ, അവരുടെ പ്രതിനിധിയോ ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
English Summary
The Kerala Teacher Eligibility Test (K-TET) results have been officially announced. Candidates can check their scores on the website ktet.kerala.gov.in using their registration details. To qualify, general category students need 60% marks, while reserved categories require 55%. This exam is crucial for those seeking teaching positions in government and aided schools.