MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
MG University UG CAP 2026 Trial Allotment: എംജി യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഇന്നുംകൂടി അവസരം. ട്രയല്‍ അലോട്ട്‌മെന്റ് ഒരു മാതൃകാ അലോട്ട്‌മെന്റ് മാത്രമാണ്. ഇത് ഉപയോഗിച്ച് നേരിട്ട് കോളേജുകളിൽ അഡ്മിഷന്‍ നേടാന്‍ കഴിയില്ല.

പ്രതീകാത്മക ചിത്രം
എംജി യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും ഇന്നുംകൂടി അവസരം. ട്രയല്‍ അലോട്ട്‌മെന്റ് ഒരു മാതൃകാ അലോട്ട്‌മെന്റ് മാത്രമാണ്. ഇത് ഉപയോഗിച്ച് നേരിട്ട് കോളേജുകളിൽ അഡ്മിഷന്‍ നേടാന്‍ കഴിയില്ല. നിലവിൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ച ശേഷം അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും, പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും, നിലവിലുള്ളവയുടെ മുൻഗണനാക്രമം പുനഃക്രമീകരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.
പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, കമ്മ്യൂണിറ്റി എന്നിവയൊഴികെയുള്ള മറ്റെല്ലാ വിവരങ്ങളും വിദ്യാർഥികൾക്ക് ഇന്നും കൂടി തിരുത്താം.
അപേക്ഷ സമര്‍പ്പിക്കാം:
യുജി ക്യാപ് വഴി ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി പുതുതായി അപേക്ഷകൾ നൽകാനുള്ള സൗകര്യവും ഇന്ന് വരെ ലഭ്യമാണ്. പുതിയതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ പ്ലസ് ടു രജിസ്‌ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന അടിസ്ഥാന വിവരങ്ങൾ പിന്നീട് തിരുത്താനാകില്ല. അതോടൊപ്പം അപേക്ഷ സമർപ്പിക്കുന്ന വേളയിൽ പ്ലസ് ടു രജിസ്റ്റർ നമ്പറും അതോടൊപ്പം പരീക്ഷ പാസ്സായ വർഷവും പൂർണ്ണമായും കൃത്യതയോടെ നല്‍കണം.
കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് ഇതിനകം തന്നെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവര്‍ക്ക് ഓപ്ഷനുകൾ പുതുതായി കൂട്ടിച്ചേർക്കുന്നതിനും, ആവശ്യമില്ലാത്തവ ഒഴിവാക്കുന്നതിനും, മുൻഗണനാ ക്രമത്തിൽ പുനഃ:ക്രമീകരിക്കുന്നതിനും ഇന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ തിരുത്തലുകൾ വരുത്തുന്നതിനായി വിദ്യാർഥികൾ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട ലോഗിൻ’ എന്ന ലിങ്കിലൂടെ ലോഗിൻ ചെയ്യണം.
മുൻപ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി ജൂണ്‍ 10 വരെ ദീര്‍ഘിപ്പിച്ചിരുന്നു. സർവകലാശാലയുടെ ഒന്നാം അലോട്ട്മെന്റ് ജൂണ്‍ 17-ന് പ്രസിദ്ധീകരിക്കും. ഈ ഒന്നാം അലോട്ട്മെന്റിൽ ഇടം നേടുന്ന വിദ്യാർഥികൾ ജൂൺ 22-ന് മുൻപായി അലോട്ട്മെന്റ് ലഭിച്ച ബന്ധപ്പെട്ട കോളേജുകളിൽ നേരിട്ടെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണം.
ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വിധം:
- ആദ്യം https://cap.mgu.ac.in/ugpcap2026/login.jsp എന്ന ലിങ്കില്‍ പ്രവേശിക്കണം
- ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും കൃത്യമായി നല്‍കി പ്രൊഫൈലിലേക്ക് ലോഗിന്‍ ചെയ്യുക
ലോഗിന്‍ ചെയ്ത ശേഷം ‘Click here to Edit your personal and academic details’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങളും അക്കാദമിക് ഡാറ്റകളും പുതുക്കാം. രജിസ്റ്റർ ചെയ്ത കോളേജ്/കോഴ്സ് ഓപ്ഷനുകളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിലവിലെ ഓപ്ഷനുകൾ പുനഃപരിശോധിക്കാം. ഓപ്ഷനുകൾ യഥാർത്ഥ മുൻഗണന അനുസരിച്ച് തന്നെയാണ് പട്ടികപ്പെടുത്തിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തണം. മാറ്റങ്ങൾ വരുത്തിയ ശേഷം അപേക്ഷകർ ഓപ്ഷനുകൾ ‘സേവ്’ ചെയ്യണം.
English Summary
The MG University UG CAP 2026 trial allotment verification window closes today, June 15. Students can edit their application details and rearrange their options online until 4:00 PM. New registrations and community merit quota updates must also be completed today. The official first allotment list will be published on June 17.