Milk Price Hike: പാല്‍ വില കൂടി, ഇന്ന് മുതല്‍ പുതുക്കിയ നിരക്ക്; ഈ ബ്രാന്‍ഡുകള്‍ തൊട്ടാല്‍ പൊള്ളും
Milk Price Increased in India Check Latest Amul and Mother Dairy Rates: പശ്ചിമേഷ്യന്‍ സംഘര്‍ഷവും പാല്‍വില വര്‍ധിപ്പിക്കുന്നതിന് ഒരു കാരണമായി പറയുന്നു. കൂടാതെ കന്നുകാലി തീറ്റ, പാക്കേജിങ്, ഉത്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചെലവും കമ്പനിയെ പ്രതിരോധത്തിലാക്കുന്നതായി അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലും പാലുത്പന്നങ്ങളും വില്‍പന നടത്തുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പറയുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് പാല്‍ വില വര്‍ധിപ്പിച്ച് വിവിധ കമ്പനികള്‍. അമുലും മദര്‍ ഡയറിയുമാണ് പാല്‍ വില ഉയര്‍ത്തിയിരിക്കുന്നത്. മെയ് 14 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. രണ്ട് രൂപ പാലിന് ഇന്ന് മുതല്‍ അധികം നല്‍കണം. പ്രവര്‍ത്തന ചെലവ് ഉയരുന്നത് കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും സമാനമായ രീതിയില്‍ വില വര്‍ധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും പാല്‍വില വര്‍ധിപ്പിക്കുന്നതിന് ഒരു കാരണമായി പറയുന്നു. കൂടാതെ കന്നുകാലി തീറ്റ, പാക്കേജിങ്, ഉത്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചെലവും കമ്പനിയെ പ്രതിരോധത്തിലാക്കുന്നതായി അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലും പാലുത്പന്നങ്ങളും വില്‍പന നടത്തുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പറയുന്നു.
അമുല്‍ പാലിന് വില വര്‍ധിച്ചത് എത്ര
രണ്ട് രൂപയാണ് നിലവില്‍ അമുല്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്ന പാലിന് വര്‍ധിപ്പിച്ചിരിക്കുന്നത്. അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്‌പെഷ്യല്‍ തുടങ്ങിയ എല്ലാ പാലുകള്‍ക്കും ഇതോടെ വില മാറി.
പുതുക്കിയ നിരക്കുകള്‍ ഇപ്രകാരം
- അമുല്‍ ടാസ അര ലിറ്ററിന് 29 രൂപ
- അമുല്‍ ടാസ ഒരു ലിറ്ററിന് 57 രൂപ
- അമുല്‍ ഗോള്‍ഡ് അര ലിറ്ററിന് 35 രൂപ
- അമുല്‍ ഗോള്‍ഡ് 1 ലിറ്റര്‍ പൗച്ച് പാക്കറ്റിന് 70 രൂപ
- അമുല്‍ ശക്തി അര ലിറ്ററിന് 32 രൂപ
- അമുല്‍ ടീ സ്‌പെഷ്യല്‍ ഒരു ലിറ്ററിന് 66 രൂപ
- എരുമ പാല്‍ അര ലിറ്ററിന് 39 രൂപയുമാണ് പുതുക്കിയ നിരക്ക്.
ബഫല്ലോ മില്‍ക്ക്, കൗ മില്‍ക്ക്, സ്ലിം ആന്‍ഡ് ട്രിം തുടങ്ങിയ വകഭേദങ്ങള്‍ക്കും വില വര്‍ധനവുണ്ട്. 500 മില്ലി പായ്ക്കറ്റിലുള്ള അമുല്‍ ബഫല്ലോ പാലിന്റെ വില 38 രൂപയില്‍ നിന്ന് 39 ലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതേ തൂക്കത്തിലുള്ള പായ്ക്കറ്റ് പാലിന് 29 രൂപയില്‍ നിന്ന് 30 ലേക്കും വില പരിഷ്‌കരിച്ചു.
മദര്‍ ഡയറിയിലും വില വര്‍ധനവ്
ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും വിതരണക്കാര്‍ക്കും അയച്ച സര്‍ക്കുലറില്‍ മദര്‍ ഡയറി ഒന്നിലധികം സ്‌റ്റോക്ക് കീപ്പിങ് യൂണിറ്റുകളില്‍ വില മാറ്റിയതായി പറയുന്നു. പുതുക്കിയ നിരക്കുകള്‍ വിശദമായി നോക്കാം.
Also Read: Milma Milk Price: പാലല്ലേ മില്‍മേ…വില കൂട്ടല്ലേ; 6 രൂപ വരെ ഉയരാന്‍ പോകുന്നു
എരുമ പാലിന് 75 രൂപയില്‍ നിന്ന് 80 രൂപയിലേക്കാണ് വില ഉയര്‍ത്തിയത്. 500 മില്ലി എരുമ പാലിന് 75 രൂപയായിരുന്നു നേരത്തെ ഉണ്ടായിരുന്ന വില, എന്നാല്‍ അത് ഇനി മുതല്‍ 80 രൂപയാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
മദര്‍ ഡയറിയുടെ ഫുള്‍ ക്രീം മില്‍ക്ക് ഒരു ലിറ്റര്‍ പായ്ക്കറ്റിന് നേരത്തെ 69 രൂപയില്‍ നിന്ന് 72 രൂപയായി ഉയര്‍ത്തി. ഡബിള്‍ ടോണ്‍ഡ് മില്‍ക്ക്, ടോണ്‍ഡ് മില്‍ക്ക്, പശുവിന്‍ പാല്‍, പ്രോ മില്‍ക്ക് വേരിയന്റുകള്‍ എന്നിവയുടെ വിലയും കമ്പനി പരിഷ്‌കരിച്ചു.
എല്ലാവരെയും ഒരുപോലെ ബാധിക്കും
പുതുക്കിയ നിരക്കുകള്‍ രാജ്യത്തെ എല്ലാ ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്നതാണ്. നിലവില്‍ കുടുംബ ബജറ്റ് താളംതെറ്റിയാണ് പലരും മുന്നോട്ട് പോകുന്നത്, ഇതിനിടെ പാല്‍ വില കൂടി ഉയരുന്നതോടെ അത് കുടുംബങ്ങളെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും.
രാജ്യത്തെ ഗാര്‍ഹിക ഉപഭോഗത്തിന്റെ ഒരു പ്രധാന ഭാഗം പാക്ക് ചെയ്ത പാലാണ്. ഇവയുടെ എല്ലാം വില നിശ്ചയിക്കുന്നത് സംഭരണ ചെലവുകള്‍, സീസണല്‍ വിതരണ സാഹചര്യങ്ങള്‍, വിതരണ ചെലവുകള്‍ തുടങ്ങിയ എല്ലാം പരിഗണിച്ചതിന് ശേഷമാണ്.
English Summary
Milk prices have been increased in India from May 14, with Amul and Mother Dairy announcing revised rates for various milk products. Consumers will now have to pay higher prices across several categories.