Chennai Metro: ഗതാഗതക്കുരുക്കിന് പരിഹാരം, ചെന്നൈ നിവാസികൾ കാത്തിരുന്ന പാത എത്തുന്നു
Chennai Metro Phase II Update: മെട്രോ വരുന്നതോടെ യാത്രാസമയം പകുതിയായി കുറയും. വടപളനിയിൽ വെച്ച് ഒന്നാം ഘട്ട മെട്രോ പാതയുമായി ബന്ധപ്പെടാൻ സാധിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും.

Chennai Metro
ചെന്നൈ നഗരത്തിലെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ വടപളനി മുതൽ പനഗൽ പാർക്ക് വരെയുള്ള പാത അടുത്ത വർഷത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2027 മാർച്ചോടെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. പടിഞ്ഞാറൻ ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ടി നഗറിലേക്ക് എളുപ്പത്തിൽ എത്താൻ ഈ പാത സഹായകമാകും.
ലൈറ്റ് ഹൗസ് മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള 26.1 കിലോമീറ്റർ നീളമുള്ള കോറിഡോർ 4-ൻ്റെ ഭാഗമാണ് 3.5 കിലോമീറ്റർ വരുന്ന ഈ പാത. വടപളനിക്കും പനഗൽ പാർക്കിനും ഇടയിലുള്ള ടണൽ നിർമ്മാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. പാളം ഉറപ്പിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുന്നതാണെന്നും ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.
സ്റ്റേഷൻ്റെ കോൺകോഴ്സ്, പ്ലാറ്റ്‌ഫോം നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്. ടി നഗറിലേക്കുള്ള പ്രധാന പ്രവേശന കവാടമായി ഈ സ്റ്റേഷൻ മാറും. രണ്ടാം ഘട്ടത്തിൽ പൂനമല്ലിക്കും വടപളനിക്കും ഇടയിലുള്ള ഭാഗമായിരിക്കും ആദ്യം പ്രവർത്തനമാരംഭിക്കുക. ഇത് ഫെബ്രുവരി മാസത്തിൽ തന്നെ തുറന്നേക്കും.
ALSO READ: ബെംഗളൂരു യാത്രയ്ക്ക് പഞ്ചഗംഗ എക്‌സ്പ്രസുമുണ്ട്; സര്‍വീസ് തുടരും
നിലവിൽ അയ്യപ്പൻതാങ്ങലിൽ നിന്ന് ടി നഗറിലെത്താൻ തിരക്കേറിയ സമയങ്ങളിൽ ഏകദേശം ഒരു മണിക്കൂർ എടുക്കാറുണ്ട്. മെട്രോ വരുന്നതോടെ ഈ യാത്രാസമയം പകുതിയായി കുറയും. വടപളനിയിൽ വെച്ച് ഒന്നാം ഘട്ട മെട്രോ പാതയുമായി ബന്ധപ്പെടാൻ സാധിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും. അടിയന്തര സാഹചര്യങ്ങളിലും ട്രെയിനുകൾക്ക് ഡിപ്പോയിലേക്ക് മാറാനും സഹായിക്കുന്ന ക്രോസ് ഓവർ ട്രാക്കുകൾ പനഗൽ പാർക്ക് സ്റ്റേഷനിൽ ഒരുക്കുന്നുണ്ട്.