വിവാഹത്തിൽ അസംതൃപ്തി; നവവധുവും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി കനാലിൽ തള്ളി
Unhappy Marriage Leads To Murder: Wife And Lover Kill Husband: പൊലീസും ഫോറൻസിക് സംഘവും നടത്തിയ പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെ സ്വാഭാവിക മുങ്ങി മരണമായിരിക്കാം എന്ന അനുമാനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു

പ്രതീകാത്മക ചിത്രം
ഗുഡ്ഗാവ്: ഹരിയാനയിലെ റെവാരിയിൽ 21 കാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിനെ നവവധുവും കാമുകനും ചേർന്ന് ആസുത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ മരിച്ച യുവാവിൻ്റെ ഭാര്യ തന്നുവിനെയും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് സംശയിക്കുന്ന ഹരിയോം എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകൻ സോനു, മറ്റൊരു പ്രതിയായ അമൻ എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജർത്താൽ സ്വദേശിയായ മോനുവിനെ ജൂൺ എട്ടിനാണ് കാണാതാവുന്നത്. രാത്രിയിൽ മരുന്ന് വാങ്ങാനായി പോയ മോനു പിന്നീട് തിരികെ വന്നില്ല. ഇതേ തുടർന്ന് ജൂൺ 9-ന് മോനുവിൻ്റെ പിതാവ് രത്താൻ ലാൽ കസോള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ 10-ന് അസൽവാസ് കനാലിൽ നിന്നും യുവവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മോനുവിൻ്റെ സ്കൂട്ടറും കനാലിന് സമീപത്ത് നിന്നും കണ്ടെത്തി. പൊലീസും ഫോറൻസിക് സംഘവും നടത്തിയ പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതോടെ സ്വാഭാവിക മുങ്ങി മരണമായിരിക്കാം എന്ന അനുമാനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.
Also Read: Jammu Kashmir Operation: 2 ലഷ്‌കർ- ഇ- തൊയ്ബ ഭീകരവാദികളെ വധിച്ചു; ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ
എന്നാൽ മോനുവിൻ്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് സംശയിക്കാവുന്ന വിവരങ്ങൾ ലഭിച്ചു. ഇൻ്റലിജൻസ് വിവരം കൂടി ലഭിച്ചതോടെ നടന്നത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് മോനു വിവാഹിതനായത് എന്നും ഭാര്യ തന്നുവിന് വിവാഹത്തിൽ അസംതൃപ്തി ഉണ്ടായിരുന്നു എന്നും പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തന്നുവിന് സോനു എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ ശേഷവും തന്നു സോനുവുമായി ബന്ധം തുടർന്നു എന്നും ഇരുവരും ചേർന്ന് മോനുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു എന്നും ഭവൽ ഡി.എസ്.പി സുരേന്ദ്ര ഷിയോറൻ പറഞ്ഞൂ.
പൊലീസ് പറയുന്നത് ഇങ്ങനെ
ജൂൺ എട്ടിന് രാത്രി തന്നു മോനുവിനെ കസോളിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കാമുകൻ സോനു അയച്ച ഹരിയോമും അമനും അവിടെ യുവാവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. മോനുവിനെ പിടികൂടിയ പ്രതികൾ മൂക്കും വായും പൊത്തി ശ്വാസം മുട്ടിക്കുകയും, മരണപ്പെട്ടു എന്ന സംശയത്തെ തുടർന്ന് കനാലിലേക്ക് എടുത്തെറിയുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം യഥാർത്ഥ മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല എന്ന് പൊലീസ് പറയുന്നു. ശ്വാസംമുട്ടിയാണോ മരണം, അതോ കനാലിലേക്ക് വീണ ശേഷമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തത വരൂ എന്ന് ഡി.എസ് പി വ്യക്തമാക്കി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
English Summary
A breakthrough has been made in the case of a 21-year-old man found dead in a canal. The police investigation revealed that the young man was murdered by his newlywed wife and her lover. The police have arrested the deceased young man’s wife, Tannu, and a young man named Hariyom, who is suspected of being directly involved in the murder. The young woman’s lover, Sonu, and another accused, Aman, are absconding.