ഇന്റർനെറ്റ് ലഭ്യത മൗലികാവകാശം, കുട്ടികൾക്കും അത് ബാധകം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
Supreme Court declares internet access a fundamental right: ഇന്റർനെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Supreme Court Declares Internet Access A Fundamental Right
ന്യൂഡൽഹി: ഇന്റർനെറ്റ് ലഭ്യത പൗരന്റെ മൗലികാവകാശമാണ് എന്ന സുപ്രധാന പ്രഖ്യാപനവുമായി സുപ്രീം കോടതി. മൗലികാവകാശം എന്നതിനാൽത്തന്നെ കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ അവകാശമുണ്ടെന്നും അത് നിഷേധിക്കുന്നത് അസംബന്ധം ആണെന്നും സുപ്രീം കോടതി പ്രസ്താവിച്ചു. ഇന്റർനെറ്റ് വിലക്ക്, കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം എന്നിവയിൽ ഏറെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്റർനെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് വ്യക്തമാക്കിയ കോടതി, കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി.
ഭരണഘടനയുടെ 19(1)(എ) അനുച്ഛേദത്തോടൊപ്പം 21-ാം അനുച്ഛേദവും ചേർത്തു വായിക്കുമ്പോൾ ഇന്റർനെറ്റ് സേവനം ലഭിക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയുന്നതിൽ ഞങ്ങൾക്ക് യാതൊരു മടിയുമില്ല എന്ന് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ALSO READ: വിസ്റ്റാഡോം ട്രെയിൻ ആദ്യമായി കേരളത്തിൽ എത്തുന്നു: സർവീസ് ഈ റൂട്ടിൽ ഒക്ടോബർ 22 മുതൽ
ഭരണഘടനയുടെ 21-ാം അനുച്ഛേദം ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും, 19(1)(എ) അനുച്ഛേദം സംസാരിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണ് വാഗ്ദാനം ചെയ്യുന്നത്. ഈ അവകാശങ്ങളുടെ പരിധിയിൽ ഇന്റർനെറ്റ് ഉപയോഗവും വരുമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രായം എന്തുതന്നെയായാലും, കുട്ടികൾക്കും ഇതേ അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നത് അസംബന്ധമാണ് എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
‘കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഈ രണ്ട് അവകാശങ്ങളും അവർക്ക് അർഹതപ്പെട്ടതാണെ’ന്നും സംശയത്തിനിടയില്ലാത്ത വിധം കോടതി വ്യക്തമാക്കിയിരിക്കുന്നു. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവരെപ്പോലെ തന്നെ തുല്യ അവകാശങ്ങളുണ്ടെന്നാണ് സുപ്രീം കോടതി നിരീക്ഷണം. കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണങ്ങളും ദുരുപയോഗങ്ങളും തടയുന്നതിനും തെറ്റായ ഉള്ളടക്കങ്ങൾ കണ്ടെത്താനും നീക്കംചെയ്യാനുമുള്ള ശക്തമായ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശയങ്ങളുടെയും സർഗ്ഗാത്മക ആവിഷ്കാരങ്ങളുടെയും വിവരങ്ങളുടെയും കേന്ദ്രമായി ഇന്റർനെറ്റിനെ വിശേഷിപ്പിച്ച കോടതി, അതിലുള്ള വിവരങ്ങൾ മാത്രമല്ല, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അത് നൽകുന്ന അനുമതിയും ലഭ്യതയുമാണ് അതിന്റെ മൂല്യമെന്നും പറഞ്ഞു. പല കുട്ടികൾക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക്, ഇത് പലപ്പോഴും പഠനത്തിന്റെയും വിവരങ്ങളുടെയും ഒരേയൊരു ഉറവിടമാണ്, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളേ സംബന്ധിച്ചിടത്തോളം, തങ്ങളെപ്പോലെയുള്ള മറ്റുള്ളവരുമായി സൗഹൃദം കണ്ടെത്താൻ കഴിയുന്ന ഒരേയൊരു ഇടം പലപ്പോഴും ഇന്റർനെറ്റ് ആണെന്നും കോടതി കൂട്ടിച്ചേർത്തു.
ഇന്റർനെറ്റ് കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന വാദം ബെഞ്ച് അംഗീകരിച്ചെങ്കിലും, ഹാനികരമായവ കണ്ടെത്താനും നീക്കംചെയ്യാനും ഇടനിലക്കാർ പരാജയപ്പെടുന്നു എന്ന കാരണത്താൽ കുട്ടികളേ ഇന്റർനെറ്റിൽ നിന്ന് അകറ്റി നിർത്തുന്നത്, യഥാർത്ഥ പ്രശ്നക്കാരന് പകരം ഇരയെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. നിയമം വിലക്കിയതുകൊണ്ടുമാത്രം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തുന്ന ഏതൊരു പൊതുവായ നിയന്ത്രണവും തെളിയിക്കപ്പെടാത്ത അനാവശ്യ നടപടികൾ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്ക് ലഭ്യമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും ചില മുൻകരുതലുകൾ ആവശ്യമാണെന്ന് കോടതി വിലയിരുത്തി. കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗത്തിൽ മാതാപിതാക്കളുടെ സമ്മതം, മാർഗ്ഗനിർദ്ദേശം, മേൽനോട്ടം എന്നിവയ്ക്കൊപ്പം അവരുടെ അക്കൗണ്ടുകൾക്കായി പ്രത്യേകമായി ഒരു ‘ചൈൽഡ് മോഡ്’ എന്നിവയ്ക്ക് സിസ്റ്റം കൂടുതൽ പ്രാധാന്യം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
English Summary
The Supreme Court has made a significant declaration that access to the internet is a fundamental right of a citizen. The Court stated that, as it is a fundamental right, children also possess the right to use the internet, and denying them this access would be absurd. Citing Articles 21 and 19(1)(a) of the Constitution, the Court indicated that the use of the internet falls within the scope of these provisions.