കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
Pradhan Mantri Rashtriya Bal Puraskar 2026 : അഞ്ച് വയസ് മുതൽ 18 വരെയുള്ള ഇന്ത്യൻ കുട്ടികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ജൂലൈ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ളത്. ആറ് വിഭാഗങ്ങളിലായിട്ടാണ് അപേക്ഷ പരിഗണിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ, മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം:

Pradhan Mantri Rashtriya Bal Puraskar
ന്യൂ ഡൽഹി: രാജ്യത്തെ കൗമാരക്കാരുടെ അസാധാരണമായ ധീരത, സർഗ്ഗാത്മകത, സാമൂഹിക പ്രതിബദ്ധത, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ എന്നിവയെ ആദരിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിവരുന്ന ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാര’ത്തിന് (PMRBP 2026) നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. 5 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ഇന്ത്യൻ കുട്ടികൾക്ക് അവാർഡിനായി അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് ഓൺലൈൻ പോർട്ടൽ വഴി 2026 ജൂലൈ 31-നകം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഡിസംബർ 26-ന് ‘വീർ ബാൽ ദിവസ്’ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയാണ് ന്യൂഡൽഹിയിൽ വെച്ച് ഈ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. സിഖ് ഗുരു ഗോവിന്ദ് സിങ്ങിന്റെ ചെറുപ്രായത്തിൽ രക്തസാക്ഷിത്വം വരിച്ച മക്കളായ സാഹിബ്സാദ സൊരാവർ സിങ്, സാഹിബ്സാദ ഫത്തേ സിങ് എന്നിവരുടെ ധീരതയുടെ സ്മരണാർത്ഥമാണ് ഡിസംബർ 26 വീർ ബാൽ ദിവസമായി ആചരിക്കുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
- അപേക്ഷകർ ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ താമസിക്കുന്നവരുമായിരിക്കണം.
- 2026 ജൂലൈ 31-ൽ പ്രായം 5 വയസ്സിനും 18 വയസ്സിനും ഇടയിലായിരിക്കണം.
- മുൻപ് ഈ പുരസ്കാരം ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ യോഗ്യരല്ല.
- പുരസ്കാരത്തിന് ആസ്പദമായ നേട്ടമോ ധീരപ്രവൃത്തിയോ 2026 ജൂലൈ 31-ന് മുൻപുള്ള രണ്ട് വർഷത്തിനിടയിൽ സംഭവിച്ചതായിരിക്കണം.
സാധാരണഗതിയിൽ മരണാനന്തര ബഹുമതിയായി ഈ അവാർഡ് നൽകാറില്ലെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ സമിതിക്ക് ഇതിൽ ഇളവ് നൽകാം.
ആറ് വിഭാഗങ്ങൾ
വിവിധ മേഖലകളിലെ അസാധാരണ നേട്ടങ്ങൾ പരിഗണിച്ച് പ്രധാനമായും ആറ് വിഭാഗങ്ങളിലായാണ് 25 ഓളം പുരസ്കാരങ്ങൾ നൽകുന്നത്:
- ധീരത (Bravery): സ്വന്തം ജീവൻ പണയം വെച്ചോ, പെട്ടെന്നുണ്ടായ അപകടഘട്ടങ്ങളിൽ ബുദ്ധിസാമർത്ഥ്യം ഉപയോഗിച്ചോ മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചവർ.
- സാമൂഹിക സേവനം (Social Service): സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും സമൂഹത്തെ നന്മയിലേക്ക് നയിക്കാനും നേതൃത്വം നൽകിയവർ.
- പരിസ്ഥിതി (Environment): പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രവർത്തിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തവർ.
- കായികം (Sports): ദേശീയ-അന്തർദേശീയ തലങ്ങളിൽ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവർ.
- കലയും സംസ്കാരവും (Art and Culture): സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ കലകളിലൂടെയും സാംസ്കാരിക പൈതൃക സംരക്ഷണത്തിലൂടെയും കഴിവ് തെളിയിച്ചവർ.
- ശാസ്ത്ര സാങ്കേതിക വിദ്യ (Science and Technology): സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ പുതിയ കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും നടത്തിയവർ.
അപേക്ഷിക്കേണ്ടത് എങ്ങനെ?
കുട്ടികൾക്ക് സ്വയം നാമനിർദ്ദേശം ചെയ്യാം (Self-nomination). കൂടാതെ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, എംപിമാർ, ജില്ലാ കളക്ടർമാർ, വിദ്യാലയങ്ങൾ എന്നിവർക്കും യോഗ്യരായ കുട്ടികളെ ശുപാർശ ചെയ്യാവുന്നതാണ്.
അപേക്ഷകർ https://awards.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വ്യക്തിഗത വിവരങ്ങളും നേട്ടങ്ങൾ തെളിയിക്കുന്ന രേഖകളും സമീപകാല ഫോട്ടോയും സഹിതം ഓൺലൈനായി വേണം അപേക്ഷിക്കാൻ. തങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള ലഘുവിവരണം (പരമാവധി 1000 വാക്കുകളിൽ) അപേക്ഷയോടൊപ്പം സമർപ്പിക്കണം. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ദ്ധ സമിതിയാണ് അന്തിമ വിജയികളെ തിരഞ്ഞെടുക്കുന്നത്. പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ന്യൂഡൽഹിയിലേക്കുള്ള യാത്രാച്ചെലവുകളും താമസസൗകര്യങ്ങളും കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം പൂർണ്ണമായും വഹിക്കുന്നതായിരിക്കും. നിങ്ങളുടെ ശ്രദ്ധയിൽ ഇത്തരം അസാധാരണ കഴിവുള്ള കുട്ടികളുണ്ടെങ്കിൽ ഉടൻ തന്നെ നാമനിർദ്ദേശം ചെയ്യുക.