Kerala Pulse Polio Immunization: അമ്മമാരുടെ ശ്രദ്ധയ്ക്ക്! കേരളത്തിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂൺ 28ന്
Kerala Pulse Polio Immunization On June 28: സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി സംസ്ഥാനത്ത് ഉടനീളം 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെയാണ് പരിശീലനം നൽകി നിയോഗിക്കുന്നത്. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ തുറക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കും. ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും ജൂൺ 28ന് അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് അഞ്ചുവയസിന് താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി സംസ്ഥാനത്ത് ഉടനീളം 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 സന്നദ്ധപ്രവർത്തകരെയാണ് പരിശീലനം നൽകി നിയോഗിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങൾ, ജനകീയആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്‌കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൽപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിലാകും പോളിയോ ബൂത്തുകൾ സജ്ജീകരിക്കുക.
ALSO READ: ലിവിങ് ടുഗെദറിൽ ജനിച്ച കുട്ടി, സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് കോടതി
സാധാരണ ബൂത്തുകൾക്ക് പുറമേ യാത്രാവേളയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകുന്നതിന് 539 ട്രാൻസിറ്റ് ബൂത്തുകൾ, 283 മൊബൈൽ ബൂത്തുകൾ, ഉത്സവ/ മേളകളിൽ 9 ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവെ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാൻസിറ്റ് ബൂത്തുകൾ തുറക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ സജ്ജമാക്കുന്നത്.
പോളിയോ രോഗം
1980കളിൽ രാജ്യത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം കുട്ടികൾക്കാണ് അംഗവൈകല്യത്തിനു കാരണമായ പോളിയോ രോഗം കണ്ടെത്തുന്നത്. ഇതേ തുടർന്ന് 1995ൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷം പോളിയോ രോഗം ക്രമമായി കുറച്ചു കൊണ്ടുവന്ന് 2011 ന് ശേഷം ഭാരതത്തിൽ നിന്ന് പോളിയോ വൈറസിനെ പൂർണമായും നിർമ്മാർജ്ജനം ചെയ്തതായാണ് വിവരം. 2026 ജനുവരി 13ന് ഭാരതം പോളിയോ വിമുക്തമായിട്ട് 15 വർഷം പിന്നിട്ടിരിക്കുകയാണ്.
എന്നാൽ ഇന്ത്യയുടെ അയൽരാജ്യങ്ങൾ ഉൾപ്പടെ ചിലരാജ്യങ്ങളിൽ ഇപ്പോഴും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിയോ രോഗം പൂർണമായും നി തുടച്ചു നീക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ലോകം എത്തിനിൽക്കുന്നത്. പോളിയോമൈലൈറ്റിസ് എന്നത് പോളിയോ വൈറസ് (Polio Virus) മൂലം ഉണ്ടാകുന്ന, അതീവ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ്. പ്രധാനമായും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ബാധിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിന് സ്ഥിരമായ പക്ഷാഘാതം ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യും. ചില തീവ്രമായ സാഹചര്യങ്ങളിൽ മരണം വരെ സംഭവിച്ചേക്കാം.
തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. 2011 ജനുവരിയിലാണ് ഇന്ത്യയിൽ അവസാനമായി ഒരു പോളിയോ കേസ് റിപ്പോർട്ട് ചെയ്തത്. രോഗം വീണ്ടും വരാതിരിക്കാൻ ഇന്ത്യയിൽ ഇപ്പോഴും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ‘പൾസ് പോളിയോ’ ക്യാമ്പയിനുകളും തുടർന്നുപോരുന്നു.
English Summary:
Kerala Health Minister K Muraleedharan has officially announced that the statewide Pulse Polio Immunization campaign will be held on June 28, 2026. Check the complete schedule, guidelines for parents.