Kerala Weather Update: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala Rain Alert: Schools Shut in Two Districts as Heavy Showers Continue: കോഴിക്കോട്, കണ്ണുർ, കാസർകോഡ് തീരങ്ങളിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂലൈ 9 വൈകിട്ട് മുതലായിരിക്കും കടൽക്ഷോഭം രൂക്ഷമാവുക. മൂന്നര മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിച്ചേക്കാം. കനത്ത മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.
പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ഉണ്ടായിരിക്കുന്നതല്ല. അതേസമയം യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജൂലൈ 9-നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങൾക്കും ഇത് കാരണമാകാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
Also Read: Wayanad Landslide: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: കേസെടുത്ത് മേപ്പാടി പോലീസ്
അതേസമയം കോഴിക്കോട്, കണ്ണുർ, കാസർകോഡ് തീരങ്ങളിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂലൈ 9 വൈകിട്ട് മുതലായിരിക്കും കടൽക്ഷോഭം രൂക്ഷമാവുക. മൂന്നര മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്‌ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും കർശനമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
English Summary
The Meteorological Department warned of heavy rain in Kerala today, issuing a Red alert for Kozhikode and Wayanad, and a Yellow alert for nine other districts. Consequently, all educational institutions in Kozhikode and Wayanad are closed today, excluding residential ones. Scheduled exams remain unchanged. Yellow alerts will continue in five northern districts on July 9.