Operation Toofan: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട; 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
Massive Drug Bust in Perumbavoor: Couple Arrested with 18 Kg Hybrid Ganja Worth ₹18 Crore: എറണാകുളം റൂറൽ എസ്.പി പി.എസ് സുദർശൻ, പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ കഞ്ചാവ് ഇന്ത്യയ്ക്ക് പുറത്ത് നിന്നും കടത്തിയതാണെന്ന് ഡി.ഐ.ജി യതീഷ് ചന്ദ്ര സ്ഥിരീകരിച്ചു. തായ്‌ലൻഡ് പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നാകാം ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം

പ്രതീകാത്മക ചിത്രം
പെരുമ്പാവൂർ: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പെരുമ്പാവൂരിൽ നടന്ന പരിശോധനയിൽ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വൈപ്പിൻ സ്വദേശി ആയുഷ്, ഭാര്യ അനഘ എന്നിവരെയാണ് എറണാകുളം ഡാൻസാഫ് അറസ്റ്റ് ചെയ്തത്. വിപണിയിൽ വൻ ഡിമാൻഡുള്ള 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.
ആയുഷ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ആയുഷിനെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചതോടെ ഇയാളിൽ നിന്നും 1.25 കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വൻ ലഹരിശേഖരത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നത്.
പെരുമ്പാവൂർ കുന്നുവഴിയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ ബാക്കി വരുന്ന 16.50 കിലോ കഞ്ചാവ് കൂടി പിടികൂടി. ഇതോടെ ഫ്ലാറ്റിലുണ്ടായിരുന്ന ഭാര്യ അനഘയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവർ ഈ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇവർ ഫ്ലാറ്റ് വാടകക്കെടുത്തത് എന്നാണ് പൊലീസിൻ്റെ അനുമാനം.
Also Read: സർക്കാരിന് നഷ്ടം 2.20 കോടി: ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; ഗുരുതര കണ്ടെത്തലുകളുമായി സി.എ.ജി റിപ്പോർട്ട്
എറണാകുളം റൂറൽ എസ്.പി പി.എസ് സുദർശൻ, പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ കഞ്ചാവ് ഇന്ത്യയ്ക്ക് പുറത്ത് നിന്നും കടത്തിയതാണെന്ന് ഡി.ഐ.ജി യതീഷ് ചന്ദ്ര സ്ഥിരീകരിച്ചു. തായ്‌ലൻഡ് പോലുള്ള വിദേശ രാജ്യങ്ങളിൽ നിന്നാകാം ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം.
മയക്കുമരുന്ന് എത്തിയ വഴി, ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ് എന്നിവയെക്കുറിച്ച് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ ദമ്പതികൾക്ക് പിന്നിൽ വലിയ സംഘം തന്നെയുണ്ടെന്നും. ഇവരെ കണ്ടെത്തുന്നതിനായി, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ചെറുകിട വിൽപ്പക്കാർ, മൊത്തവിതരണക്കാർ എന്നിവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമായ ഡാറ്റാബേസ് പോലീസ് തയ്യാറാക്കുന്നുണ്ടെന്നും ഡി.ഐ.ജി കൂട്ടിച്ചേർത്തു.
English Summary
In a major drug bust under ‘Operation Toofan’, Ernakulam Rural Police seized 18 kg of hybrid ganja worth ₹18 crore from a rented flat in Perumbavoor. A couple, Ayush and Anakha, were arrested. DIG Yathish Chandra indicated suspected international links, possibly originating from Thailand, and confirmed an ongoing probe to track down the kingpins behind this massive syndicate.