Gardening Tips: സ്ഥലം അധികം വേണ്ടന്നേ, ഈ പച്ചക്കറികൾ ബാൽക്കണിയിൽ നട്ടാൽ മതി; പെട്ടെന്ന് വിളവെടുക്കാം
പച്ചക്കറിയിൽ അടങ്ങിയിട്ടുള്ള വിഷവസ്തുക്കൾ നമ്മുടെ ആരോഗ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉപയോഗിക്കുക എന്നതാണ് ഇതിന് പരിഹാരം. പക്ഷേ. സമയകുറവും സ്ഥലപരിമിതിയും പച്ചക്കറി കൃഷിയിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നു. വളരെ കുറച്ച് പരിപാലനം ആവശ്യമുള്ള വേഗത്തിൽ വിളവ് നൽകുന്ന ചില പച്ചക്കറികളെ പരിചയപ്പെട്ടാലോ...

പ്രതീകാത്മക ചിത്രം
പച്ചക്കറിയിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിവതും പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും നാം ശ്രമിക്കാറുണ്ട്. എന്നാൽ, ഇവയിൽ അടങ്ങിയിട്ടുള്ള വിഷവസ്തുക്കൾ നമ്മുടെ ആരോഗ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉപയോഗിക്കുക എന്നതാണ് ഇതിന് പരിഹാരം. പക്ഷേ. സമയകുറവും സ്ഥലപരിമിതിയും പച്ചക്കറി കൃഷിയിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നു. എന്നാൽ കൂടുതൽ സ്ഥലത്തിന്റെ ആവശ്യമില്ലാതെ നമ്മുടെ ബാൽക്കണിയിൽ പോലും കൃഷി ചെയ്യാൻ സാധിക്കും. വളരെ കുറച്ച് പരിപാലനം ആവശ്യമുള്ള വേഗത്തിൽ വിളവ് നൽകുന്ന ചില പച്ചക്കറികളെ പരിചയപ്പെട്ടാലോ…
പച്ചക്കറി കൃഷി
ഇലക്കറികൾ
ബാൽക്കണയിയിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്നവയാണ് ഇലക്കറികൾ. ചീര, മല്ലിയില, ലെറ്റൂസ് തുടങ്ങിയവയെല്ലാം നിങ്ങൾക്ക് കൃഷി ചെയ്യാവുന്നതാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ഒന്നാണ് ചീര. 25 – 30 ദിവസത്തിനുള്ളിൽ ചീര ഇലകൾ പറിച്ചെടുക്കാം. ആഴം കുറഞ്ഞതും പരന്നതുമായ പാത്രങ്ങളോ, ചട്ടികളോ നടാനായി ഉപയോഗിക്കാം. ആരോഗ്യത്തിന് ഇവ വളരെ നല്ലതാണ്.
അതുപോലെ ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന മല്ലിയിലയും ഏത് ചെറിയ സ്ഥലത്തും വളർത്താം. ഇരുപത് മുതൽ ഇരുപത്തിയഞ്ച് ദിവസത്തിനുള്ളിൽ ഇവയിൽ ഇലകൾ വന്നു തുടങ്ങുന്നതാണ്. കൂടാതെ, സാലഡുകളിൽ പ്രധാനിയായ ലെറ്റൂസും ചട്ടികളിൽ വളർത്താൻ സാധിക്കും. ഇതിന്റെ പുറമേയുള്ള ഇലകൾ മാത്രം പറിച്ചെടുക്കുകയാണെങ്കിൽ ചെടി ദീർഘകാലം നിലനിൽക്കും. ഏകദേശം മുപ്പത് ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം.
മുള്ളങ്കി
ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താൻ കഴിയുന്ന, കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഒന്നാണ് മുള്ളങ്കി അല്ലെങ്കിൽ റാഡിഷ്. നടീൽ മുതൽ വിളവെടുപ്പ് വരെ വളരെ കുറഞ്ഞ സമയം (30-45 ദിവസം) മതിയാകും. കിഴങ്ങ് മാത്രമല്ല, അതിന്റെ ഇലകളും അതീവ പോഷകസമ്പന്നമാണ്. തോരൻ വെക്കാനും സാലഡുകളിൽ ചേർക്കാനും മുള്ളങ്കി ഇലകൾ നല്ലതാണ്.
ALSO READ: ബാൽക്കണിയിൽ പുതിന വളർത്താം, ചെയ്യേണ്ടത് ഇത്രമാത്രം
തക്കാളി
തക്കാളിയും ബാൽക്കണിയിൽ നടാം. ചെറി തക്കാളി ഇനങ്ങളാണ് നല്ലത്. ഇവ സാധാരണ തക്കാളിയേക്കാൾ വേഗത്തിൽ കായ്ക്കുകയും കുറഞ്ഞ സ്ഥലത്ത് നന്നായി വളരുകയും ചെയ്യും. നടാനായി കുറഞ്ഞത് 12 ഇഞ്ച് ആഴവും വീതിയുമുള്ള ഗ്രോബാഗുകളോ പ്ലാസ്റ്റിക് ചട്ടികളോ ഉപയോഗിക്കാം. ചകിരിച്ചോറ്, ചാണകപ്പൊടി, അല്ലെങ്കിൽ കമ്പോസ്റ്റ്, മണ്ണ് എന്നിവ തുല്യ അളവിൽ മിക്സ് ചെയ്ത് ഉപയോഗിക്കാം.
വെണ്ടയ്ക്ക
വെണ്ടയ്ക്കയാണ് മറ്റൊരു പച്ചക്കറി. ബാൽക്കണിയിലെ ഗ്രോബാഗുകളിലോ ചട്ടികളിലോ വളരെ എളുപ്പത്തിൽ നടാൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. ഒരു കുടുംബത്തിന് ആവശ്യമായ വെണ്ടയ്ക്ക ബാൽക്കണിയിൽ നിന്ന് തന്നെ ലഭിക്കും. വിത്തുകൾ നടുന്നതിന് മുൻപ് 6-12 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. ഒരു ഗ്രോബാഗിൽ രണ്ട് വിത്തുകൾ വീതം പാകുക. രണ്ടും മുളച്ചാൽ ആരോഗ്യമുള്ള ഒന്ന നിലനിർത്തി മറ്റേത് നീക്കം ചെയ്യാവുന്നതാണ്. ഇതുപോലെ വെള്ളരി, പച്ചമുളക്, വഴുതന തുടങ്ങിയവയും ബാൽക്കണിയിൽ കൃഷി ചെയ്യാവുന്നതാണ്.
English Summary:
Vegetables include radishes, lettuce, spinach, cherry tomatoes, green chillies, all of which can grow well in pots or containers with minimal space. trend of balcony gardening is becoming increasingly popular among urban residents as a simple way to grow fresh, healthy vegetables at home with limited effort and space.