Tulsi Plant: തുളസിയിലകൾ ഇനി മഞ്ഞനിറമാകില്ല, പരിപാലിക്കേണ്ടത് ഇങ്ങനെ
How to Care for Tulsi Plant: തുളസി ഒരു പ്രതിരോധശേഷിയുള്ള സസ്യമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ദൈനംദിന പരിചരണത്തിലെ ചെറിയ പിഴവുകൾ പോലും അതിന്റെ ആരോഗ്യത്തെ പെട്ടെന്ന് ബാധിച്ചേക്കാം. തുളസി ചെടി ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ...

പ്രതീകാത്മക ചിത്രം
ഐശ്വര്യത്തിന്‍റെയും ആരോഗ്യത്തിന്‍റെയും പ്രതീകമായി കണക്കാക്കുന്ന സസ്യമാണ് തുളസി. ഒട്ടുമിക്ക മലയാളികളുടെ വീട്ടിലും തുളസി ചെടി നട്ടിട്ടുണ്ട്. അന്തരീക്ഷത്തെ ശുദ്ധമാക്കാനും നമ്മുടെ വിവിധ ശാരീരിക പ്രയാസങ്ങൾക്ക് പരിഹാരമായും തുളസി ചെടി ഗുണം ചെയ്യും. എന്നാൽ ഇവയുടെ ഇലകൾ മഞ്ഞ നിറമാകുന്നത് വലിയൊരു പ്രതിസന്ധിയാണ്.
തുളസി ഒരു പ്രതിരോധശേഷിയുള്ള സസ്യമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ദൈനംദിന പരിചരണത്തിലെ ചെറിയ പിഴവുകൾ പോലും അതിന്റെ ആരോഗ്യത്തെ പെട്ടെന്ന് ബാധിച്ചേക്കാം. ചെടിയിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് തടയാൻ സഹായിക്കും. തുളസി ചെടി ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കിയാലോ…
തുളസിയില മഞ്ഞ നിറമാകുന്നതിന് കാരണം
തുളസിയിലകൾ മഞ്ഞ നിറമാകുന്നതിന് പ്രധാന കാരണം അമിതമായ നനയാണ്. വെള്ളം അമിതമായി നനയ്ക്കുന്നത് വേരുകൾ ചീഞ്ഞുപോകാൻ കാരണമാകുന്നത്. ഇത് വേരുകൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തവിധം നാശമുണ്ടാക്കുന്നു.
സൂര്യപ്രകാശത്തിന്റെ അഭാവമാണ് തുളസിയിലകൾ മഞ്ഞ നിറമാകുന്നതിന് മറ്റൊരു കാരണം. സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണ പ്രക്രിയ നടത്താൻ ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശത്തിന്റെ ഈ അഭാവം ഇലകൾ അവയുടെ പച്ച നിറം നഷ്ടപ്പെട്ട് മഞ്ഞനിറമാകാൻ കാരണമാകുന്നു. തുളസി ചെടിക്ക് ദിവസവും ചുരുങ്ങിയത് 4-6 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്.
മണ്ണിന്റെ ഗുണനിലവാരവും കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് മറ്റ് കാരണങ്ങൾ. മണ്ണിലെ നൈട്രജന്റെ അളവ് കുറയുന്നത് ഇലകളുടെ പച്ച നിറം നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. അതുപോലെ, ചില തരം പ്രാണികൾ ഇലകളിലെ നീര് ഊറ്റി കുടിക്കുന്നതും ഇലകളുടെ ആരോഗ്യത്തെ ബാധിക്കും.
ALSO READ: ഉള്ളി പോക്കറ്റിലിട്ടാൽ ചൂട് കുറയുമോ? ശാസ്ത്രം പറയുന്നത്…
തുളസി ചെടിയുടെ ആരോഗ്യം നിലനിർത്താൻ
തുളസി ചെടികളുടെ പരിപാലനത്തിൽ നനവ് ഒരു നിർണായക ഘടകമാണ്. അമിതമായി വെള്ളം ഒഴിക്കരുത്. നേരിയ ഈർപ്പമുള്ള മണ്ണിലാണ് തുളസി ചെടി നന്നായി വളരുന്നത്. വെള്ളം കെട്ടിനിൽക്കുന്ന മണ്ണിൽ ഇത് നന്നായി വളരില്ല. അതിനാൽ, മേൽഭാഗത്തെ മണ്ണ് പരിശോധിക്കുകയും വരണ്ടതായി തോന്നുകയാണെങ്കിൽ വെള്ളം നനയ്ക്കേണ്ടതുമാണ്. വേനൽസമയത്ത് അതിനനുസരിച്ച് നനയ്ക്കാം. മഴ സമയത്ത് വെള്ളം കുറച്ച് മതിയാകും.
തുളസി ചെടിക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞത് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി നടേണ്ടത്. തണലുള്ള സ്ഥലത്തോ വീടിനകത്തോ തുളസി ചെടി നടുന്നത് ചെടിയുടെ വളർച്ച മുരടിപ്പിക്കുകയും ഇലകൾ മഞ്ഞ നിറമാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. മുറ്റത്തോ ബാൽക്കണിയിലോ ടെറസിലോ മറ്റ് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തോ തുളസി ചെടി നടാം. ചെടിയിൽ ഫംഗസ് വളർച്ച തടയാൻ നല്ല വായു സഞ്ചാരം ആവശ്യമാണ്.
ചെടിയുടെ ആരോഗ്യത്തിൽ നടാൻ ഉപയോഗിക്കുന്ന മണ്ണും പ്രധാന സ്ഥാനം വഹിക്കുന്നുണ്ട്. നല്ല നീർവാഴ്ചയുള്ളതും കുറച്ച് ഈർപ്പം അടങ്ങിയതുമായ മണ്ണിലാണ് തുളസി വളരുന്നത്. നടാനായി കമ്പോസ്റ്റും മണലും കൊക്കോപീറ്റും ചേർത്ത മണ്ണും ഉപയോഗിക്കാവുന്നതാണ്. തുളസി നടാൻ ഉപയോഗിക്കുന്ന ചട്ടിയിലും ശ്രദ്ധ വേണം. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ദ്വാരം ഇട്ട് നൽകേണ്ടതാണ്.
തുളസി ചെടിക്ക് ജൈവ വളങ്ങൾ നൽകേണ്ടതുണ്ട്. മാസത്തിലൊരിക്കൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ നൽകുന്നത് തുളസി സമൃദ്ധമായി വളരാൻ സഹായിക്കും. അതുപോലെ എപ്സം സാൾട്ട് കലക്കിയ വെള്ളം തളിക്കുന്നത് ഇലകൾക്ക് നല്ല പച്ചനിറം നൽകാൻ സഹായിക്കുമെന്ന് പറയപ്പെടാറുണ്ട്. ചെടിയുടെ മുകളിൽ വരുന്ന പൂമൊട്ടുകൾ കൃത്യസമയത്ത് നുള്ളിക്കളയുന്നത് ചെടി കൂടുതൽ കരുത്തോടെ വളരാൻ സഹായിക്കുന്നതാണ്.
English Summary:
Tulsi Plant or Holy Basil is the one of the most popular plant in Indian Culture. Its also have many medicinal significance. Even Though Tulsi is considered a hardy plant, small mistakes can quickly affect its health. So Knoe Some Tips to Stopes Leaves from turnng Yellow Through this article.