Fitness Guide: ജിമ്മിലെ വ്യായാമത്തിന് ശേഷമുള്ള ശരീര വേദനയാണോ മികച്ച വർക്കൗട്ടിൻ്റെ ലക്ഷണം? സത്യാവസ്ഥ അറിയാം!
Fitness Guide: Why Tracking Performance Matters More Than Post-Workout Soreness: നമ്മുടെ ശരീരത്തിന് പരിചിതമല്ലാത്ത വ്യായാമങ്ങൾ ചെയ്യുമ്പോഴാണ് സാധാരണയായി ഇത്തരത്തിൽ പേശീവേദന അനുഭവപ്പെടുന്നത്. പുതിയൊരു വ്യായാമം തുടങ്ങുമ്പോഴോ, പെട്ടെന്ന് വ്യായാമത്തിൻ്റെ ഇൻ്റൻസിറ്റി കൂട്ടുമ്പോഴോ, അല്ലെങ്കിൽ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോയി തുടങ്ങുമ്പോഴോ ശരീരത്തിൽ കടുത്ത വേദന അനുഭവപ്പെടാം

പ്രതീകാത്മക ചിത്രം
ജിമ്മിൽ പോയി കഠിനമായി വ്യായാമം ചെയ്തതിൻ്റെ പിറ്റേന്ന് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാനോ പടികൾ ഇറങ്ങാനോ കഴിയാത്ത വിധം ശരീരവേദന അനുഭവപ്പെടാറുണ്ടോ? വ്യായാമത്തിന് ശേഷം പേശികളിൽ അനുഭവപ്പെടുന്ന ഈ വേദനയെ ‘ഡിലേയ്ഡ് ഓൺസെറ്റ് മസിൽ സോർനെസ്’ എന്നാണ് വിളിക്കുന്നത്. ശരീരവേദന കൂടുതലാണെങ്കിൽ തലേദിവസത്തെ വർക്കൗട്ട് വളരെ മികച്ചതായിരുന്നു എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും.. എന്നാൽ ശരീരവേദന ഒരിക്കലും മികച്ച വ്യായാമത്തിൻ്റെ അളവുകോലല്ല എന്നതാണ് വാസ്തവം.
നമ്മുടെ ശരീരത്തിന് പരിചിതമല്ലാത്ത വ്യായാമങ്ങൾ ചെയ്യുമ്പോഴാണ് സാധാരണയായി ഇത്തരത്തിൽ പേശീവേദന അനുഭവപ്പെടുന്നത്. പുതിയൊരു വ്യായാമം തുടങ്ങുമ്പോഴോ, പെട്ടെന്ന് വ്യായാമത്തിൻ്റെ ഇൻ്റൻസിറ്റി കൂട്ടുമ്പോഴോ, അല്ലെങ്കിൽ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോയി തുടങ്ങുമ്പോഴോ ശരീരത്തിൽ കടുത്ത വേദന അനുഭവപ്പെടാം. എന്നാൽ വേദനയ്ക്ക് പിന്നാലെ പോകുന്നതിന് പകരം ശരീരത്തിൻ്റെ യഥാർത്ഥ പുരോഗതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
മുൻപത്തേക്കാൾ കൂടുതൽ ഭാരം ഉയർത്താൻ കഴിയുന്നുണ്ടോ, തളർച്ചയില്ലാതെ കൂടുതൽ ദൂരം വേഗത്തിൽ ഓടാൻ സാധിക്കുന്നുണ്ടോ, കൃത്യമായ രീതിയിൽ വ്യായാമം ചെയ്യാനാകുന്നുണ്ടോ, വർക്കൗട്ടിന് ശേഷം വേഗത്തിൽ ക്ഷീണം മാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വർക്കൗട്ട് ഫലപ്രദമാണോ എന്ന് കണക്കാക്കേണ്ടത്. എല്ലാ ദിവസവും ശരീരത്തെ വേദനിപ്പിക്കുകയല്ല, മറിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള ഒരു ശരീരം പടുത്തുയർത്തുകയാണ് വ്യായാമത്തിൻ്റെ ലക്ഷ്യം.
എല്ലാ ദിവസവും ശരീരത്തിൻ്റെ പരമാവധി ഊർജ്ജം ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് എപ്പോഴും ഗുണം ചെയ്യില്ല. അമിതമായി ശരീരത്തെ തളർത്തുന്നത് റിക്കവറിയെയും തുടർന്നുള്ള ദിവസങ്ങളിലെ വർക്കൗട്ടിനെയും പ്രതികൂലമായി ബാധിക്കും. വേദയുണ്ടെങ്കിലേ റിസൾട്ടൊള്ളു എന്ന ചിന്തയിൽ അമിതമായി വ്യായാമം ചെയ്യുന്നതും ഇടയ്ക്കിടെ വ്യായാമ രീതികൾ മാറ്റുന്നതും ശരീരത്തിന് ദോഷം ചെയ്യും.
പുതിയൊരു വർക്കൗട്ട് പ്ലാൻ തുടങ്ങുമ്പോൾ ആദ്യത്തെ ചില ദിവസങ്ങളിൽ കടുത്ത ശരീരവേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അതേ വ്യായാമങ്ങൾ തന്നെ തുടർച്ചയായി ചെയ്യുമ്പോൾ ഈ വേദന ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. ഇതിനർത്ഥം നിങ്ങളുടെ വ്യായാമം ഫലപ്രദമല്ല എന്നല്ല, മറിച്ച് നിങ്ങളുടെ ശരീരം ആ വെല്ലുവിളികളോട് പൊരുത്തപ്പെടാനും കൂടുതൽ കരുത്താർജ്ജിക്കാനും തുടങ്ങി എന്നാണ്. ഇതിനെ ‘റിപ്പീറ്റഡ് ബൗട്ട് ഇഫക്റ്റ്’ എന്നാണ് പറയുക. അതിനാൽ വ്യായാമത്തിന് ശേഷം എത്രത്തോളം ശരീരം വേദനിക്കുന്നു എന്നതിലല്ല, അടുത്ത തവണ എത്രത്തോളം മികച്ച രീതിയിൽ വ്യായാമം ചെയ്യാൻ കഴിയുന്നു എന്നതിലാണ് കാര്യം.
English Summary
Delayed onset muscle soreness (DOMS) is a normal response to new exercises, but not a reliable measure of workout success. True fitness progress relies on consistent performance improvements and recovery.
നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.