Kidney Care: 300 രൂപയുടെ പരിശോധന, ലക്ഷങ്ങൾ ലാഭിക്കാം; ഇതറിയാതെ പോകരുത്
Kidney Care Test: ലോകമെമ്പാടുമുള്ള ഏകദേശം 850 ദശലക്ഷം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വൃക്ക രോഗങ്ങൾ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ പോകുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിക്കാറുണ്ട്. കൃത്യമായ ഇടവേളകളിൽ രക്തപരിശോധനയും മൂത്രപരിശോധനയും നടത്തുന്നത് വഴി വൃക്കയുടെ പ്രവർത്തനക്ഷമത കൃത്യമായി അളക്കാൻ സാധിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
നിശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്ന രോഗമാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD). അപൂർവ്വമായത് കൊണ്ടല്ല, മറിച്ച് ലക്ഷ്ണങ്ങൾ അധികം പുറത്ത് കാണിക്കാതെ നിശബ്ദമായാണ് ഈ രോഗം പടരുന്നത്, അതുകൊണ്ടാണ് ഇവയെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 850 ദശലക്ഷം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വൃക്ക രോഗങ്ങൾ പലപ്പോഴും തിരിച്ചറിയാൻ സാധിക്കാതെ പോകുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിക്കാറുണ്ട്. എന്നാൽ വെറും മുന്നൂറ് രൂപ കൊണ്ട് ലക്ഷങ്ങളുടെ ആശുപത്രി ബില്ലിന് പരിഹാരം കണ്ടെത്താൻ സാധിക്കും.
കിഡ്‌നി ഫങ്ക്ഷൻ ടെസ്റ്റ്
കൃത്യമായ ഇടവേളകളിൽ രക്തപരിശോധനയും മൂത്രപരിശോധനയും നടത്തുന്നത് വഴി വൃക്കയുടെ പ്രവർത്തനക്ഷമത കൃത്യമായി അളക്കാൻ സാധിക്കുന്നതാണ്. മൂന്നൂറ് രൂപ മുതൽ പരിശോധന നടത്താൻ സാധിക്കും. മൂത്ര പരിശോധനയ്ക്ക് 200-300 രൂപ, സീറം ക്രിയാറ്റിനിൻ പരിശോധനയ്ക്ക് 300-400 രൂപയുടെ ചെലവ് മാത്രമാണ് വരുന്നത്.
രോഗം മൂർച്ഛിച്ച് ഡയാലിസിസ് ചെയ്യേണ്ടി വരുന്നതിനേക്കാളും ഇത്തരം പരിശോധ നടത്തുന്നതാണ് നല്ലത്. ഡയാലിസിസ് ചികിത്സയിൽ ഓരോ സെഷനും 2,000 മുതൽ 5,000 രൂപ വരെയാണ് ചിലവാകുന്നത്. കൂടാതെ രോഗികൾക്ക് സാധാരണയായി ആഴ്ചയിൽ രണ്ടോ മൂന്നോ സെഷനുകൾ ആവശ്യമാണ്. ഇത് വാർഷിക ചെലവ് 3 ലക്ഷം മുതൽ 5.5 ലക്ഷം രൂപയോ അതിൽ കൂടുതലോ ആയി ഉയർത്തും.
പരിശോധനയിൽ ഉൾപ്പെടുന്നത്
സാധാരണയായി ഒരു കിഡ്‌നി ഫങ്ക്ഷൻ ടെസ്റ്റിൽ സെറം ക്രിയാറ്റിനിൻ പരിശോധന ഉൾപ്പെടുന്നുണ്ട്. രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് കൂടുന്നത് വൃക്കയുടെ തകരാറിനെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ യൂറിയ പരിശോധനയിലൂടെ വൃക്കകൾ ശരീരത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കും. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താൻ യൂറിൻ ആൽബുമിൻ ടെസ്റ്റ് സഹായിക്കും.
ALSO READ: ഉണക്ക മുന്തിരി പായസത്തിൽ മാത്രമല്ല, അച്ചാർ ഇടാനും ബെസ്റ്റാ…
ആരെല്ലാം ചെയ്യണം?
കൃത്യ സമയത്തുള്ള പരിശോധന നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് വളരെ അനിവാര്യമാണ്. അതിനാൽ ചില ആളുകൾ വർഷത്തിൽ ഒരിക്കലെങ്കിലും വൃക്ക പരിശോധന നടത്തേണ്ടതാണ്. പ്രമേഹരോഗികളാണ് ഇതിൽ ആദ്യത്തേത്. ഉയർന്ന ഷുഗർ നില വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കും. അതിനാൽ അവ കൃത്യ സമയത്ത് കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരും വൃക്ക പരിശോധന നടത്തേണ്ടതാണ്. രക്തസമ്മർദ്ദം നിയന്ത്രണത്തിലല്ലെങ്കിൽ അത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. അതുപോലെ അമിതവണ്ണവും വൃക്കയുടെ പ്രവർനത്തെ ബാധിക്കും. ശരീരഭാരം കൂടുന്നത് വൃക്കകൾക്ക് അമിത ജോലിഭാരം നൽകുണ്ട്. അതേസമയം, കുടുംബത്തിൽ ആർക്കെങ്കിലും വൃക്കരോഗം ഉണ്ടെങ്കിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അവരും കൃത്യസമയത്ത് പരിശോധന നടത്തേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ദീർഘകാലമായി വേദനസംഹാരികൾ ഉപയോഗിക്കുന്നവരും പരിശോധ നടത്താൻ മറക്കരുത്.
ശ്രദ്ധിക്കുക….
ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ നിങ്ങളുടെ വൃക്കയെ ആരോഗ്യത്തോടെ നിലനിർത്തും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കേണ്ടതാണ്. അതുപോലെ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. രക്തസമ്മർദ്ദവും പ്രമേഹവും കൃത്യമായി നിയന്ത്രിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക എന്നീ ശീലങ്ങൾ പാലിക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.