Aranmula Boat Race 2026: ആറന്മുള ഉത്രട്ടാതി വള്ളംകളി നാളെ; ട്രാഫിക് നിയന്ത്രണം ഇങ്ങനെ, കിടിലൻ സ്പോട്ടുകൾ ഇതാ
Aranmula Uthrittathi Vallamkali 2026: പമ്പാനദിയുടെ മാറിൽ വഞ്ചപ്പാട്ടിന്റെ ഈരടികളോടെ അരങ്ങേറുന്ന ഈ ജലമേള കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ആറന്മുളയിലെത്തുന്നത്. ഇക്കൊല്ലത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച്ചയാണ്. രാവിലെ 11:30-ഓടെ പള്ളിയോടങ്ങളുടെ ക്ഷേത്രക്കടവിലേക്കുള്ള വരവും തുടർന്ന് പമ്പാനദിയിൽ വഞ്ചപ്പാട്ടിന്റെ അകമ്പടിയോടെയുള്ള കൂട്ടത്തോണിയോടെയും ജലഘോഷയാത്രയോടെയുമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.

Aranmula Vallamkali
ഓണം കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് ആവേശം പകരുന്നത് തെക്കൻ കേരളത്തിൽ അരങ്ങേറുന്ന വള്ളംകളി മഹോത്സവങ്ങളാണ്. നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നാലെ ജലപ്രേമികൾ കാത്തിരിക്കുന്നത് പത്തനംതിട്ടയുടെ പൈതൃകമായ ആറന്മുള ഉത്രട്ടാതി വള്ളംകളിക്കായിട്ടാണ് (Aranmula Uthrittathi Vallamkali). പമ്പാനദിയുടെ മാറിൽ വഞ്ചപ്പാട്ടിന്റെ ഈരടികളോടെ അരങ്ങേറുന്ന ഈ ജലമേള കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ആറന്മുളയിലെത്തുന്നത്.
ഇക്കൊല്ലത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഓഗസ്റ്റ് 30 ഞായറാഴ്ച്ചയാണ്. രാവിലെ 11:30-ഓടെ പള്ളിയോടങ്ങളുടെ ക്ഷേത്രക്കടവിലേക്കുള്ള വരവും തുടർന്ന് പമ്പാനദിയിൽ വഞ്ചപ്പാട്ടിന്റെ അകമ്പടിയോടെയുള്ള കൂട്ടത്തോണിയോടെയും ജലഘോഷയാത്രയോടെയുമാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കുന്നത്.
ALSO READ: ആറന്മുള ഉത്രട്ടാതി വള്ളംകളി എപ്പോൾ? സമയവും എത്തേണ്ട വഴിയും; ഇതറിയാതെ പോകരുത്!
വള്ളംകളിയിലെ വിശ്വാസം
ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭഗവാൻ കൃഷ്ണന് സമർപ്പിക്കുന്ന ഒരു വഴിപാടായാണ് വള്ളംകളിയെ കാണുന്നത്. ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 5:00 വരെയാണ് വള്ളംകളി നടക്കുന്നത്. ഈ വള്ളംകളിയിൽ 52 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് എല്ലാ വർഷവും വള്ളംകളി നടക്കുന്നത്. നെടുംപ്രയാർ പള്ളിയോടം ആണ് ഇതിൽ ആദ്യമായി നിർമിച്ച പള്ളിയോടം .
ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൾ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടതിരിയെ അക്രമികളിൽ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാർ വള്ളങ്ങളിൽ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓർമ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.
ഗതാഗത നിയന്ത്രണം
സത്രക്കടവിൽ ഓഗസ്റ്റ് 30ന് (നാളെ) നടക്കുന്ന ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എത്തുന്നതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം നടപ്പാക്കുന്നു. പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകണം.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവരാണെങ്കിൽ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണം. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ആറന്മുള എൻജിനീയറിങ് കോളേജിൽ നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ആറന്മുള പോലീസ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary:
Aranmula Uthrittathi Vallamkali or Aranmula Boat Race is the most ancient and revered boat races of Kerala. Held on the day of the Uthrittathi asterism in the Malayalam month of Chingam , it is well known for its grandeur and unique history.