Lakshadweep Travel: പോലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട!; ലക്ഷദ്വീപ് യാത്ര ഇനി കൂടുതൽ എളുപ്പം
Lakshadweep Travel New Rules: ആളുകൾക്ക് സൗകര്യപ്രദമായി ഒരു ഓൺലൈൻ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിങ്ങൾക്ക് അനായാസം പൂർത്തിയാക്കാൻ കഴിയും. നിശ്ചിത പെർമിറ്റ് ഫീസ് അടച്ച് നിങ്ങളുടെ വിശദവിവരങ്ങൾ നൽകിയാൽ യാത്രയ്ക്ക് അനുവാദം ലഭിക്കുന്നതാണ്. അത്തരത്തിൽ പുതിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുന്ന ഒരു സമ്പൂർണ വിവരം നമുക്ക് വായിച്ചറിയാം.

പ്രതീകാത്മക ചിത്രം
ലക്ഷദ്വീപ് യാത്ര ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മുമ്പ് ലക്ഷദ്വീപിലേക്ക് പോകാൻ നിരവധി സങ്കീർതകളും നിയമങ്ങളും പാലിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇത്തരം നൂലാമാലകളെല്ലാം നീക്കം ചെയ്തതോടെ സഞ്ചാരികൾക്ക് ഇനി വളരെ എളുപ്പത്തിൽ ലക്ഷദ്വീപിലേക്ക് പറക്കാം. ലക്ഷദ്വീപിലേക്കുള്ള പ്രവേശന പെർമിറ്റ് നിയമങ്ങളിൽ അധികൃതർ ഇളവ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് ഇനി മുതൽ വിനോദ സഞ്ചാരികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റോ പ്രാദേശിക സ്പോൺസർമാരുടെ സഹായമോ ഇല്ലാതെ തന്നെ ദ്വീപുകൾ സന്ദർശിക്കാം.
ആളുകൾക്ക് സൗകര്യപ്രദമായി ഒരു ഓൺലൈൻ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിങ്ങൾക്ക് അനായാസം പൂർത്തിയാക്കാൻ കഴിയും. നിശ്ചിത പെർമിറ്റ് ഫീസ് അടച്ച് നിങ്ങളുടെ വിശദവിവരങ്ങൾ നൽകിയാൽ യാത്രയ്ക്ക് അനുവാദം ലഭിക്കുന്നതാണ്. അത്തരത്തിൽ പുതിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുന്ന ഒരു സമ്പൂർണ വിവരം നമുക്ക് വായിച്ചറിയാം.
ALSO READ: മസിനഗുഡി വഴി ഊട്ടിക്ക് പോകാൻ വരട്ടെ! ഈ റൂട്ടിൽ നിയന്ത്രണം; ഈ വഴിക്ക് വിട്ടോളൂ
യാത്ര എങ്ങനെ എളുപ്പമാക്കാം
ലോക്കൽ സ്പോൺസർ വേണ്ട: നേരത്തെ ദ്വീപിലുള്ള ഒരാളുടെ സ്പോൺസർഷിപ്പ് ഇവിടേക്കുള്ള സന്ദർശനവേളയിൽ നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ ഒരു സ്പോൺസറുടെയും സഹായമില്ലാതെ തന്നെ നിങ്ങൾക്ക് ദ്വീപിലേക്കുള്ള എൻട്രി പെർമിറ്റിന് അപേക്ഷിക്കാം.
PCC ഒഴിവാക്കി: അപേക്ഷകർ സ്വന്തം നാട്ടിലെ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) വാങ്ങിയാൽ മാത്രമെ നേരത്തെ പ്രവേശനം അനുവദിക്കുകയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ നിങ്ങൾ അപേക്ഷ സമർപ്പിച്ച ശേഷം ലക്ഷദ്വീപ് പോലീസ് തന്നെ ആവശ്യമായ പരിശോധനകൾ നടത്തി പെർമിറ്റ് നൽകുന്നതാണ്.
14 ദിവസം മുൻപ്: യാത്രാ തീയതിക്ക് കുറഞ്ഞത് 14 ദിവസം മുൻപെങ്കിലും ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചിരിക്കണം.
ദ്വീപുകൾ: അപേക്ഷ സമർപ്പിക്കുമ്പോൾ നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ദ്വീപുകളുടെ പേരും തീയതിയും അപേക്ഷയിൽ വ്യക്തമാക്കണം. പെർമിറ്റ് ലഭിക്കാത്ത ദ്വീപുകളിൽ ഇറങ്ങാൻ അനുവദിക്കില്ല.
ട്രാൻസിറ്റ് സമയം: കവരത്തി അല്ലെങ്കിൽ അഗത്തി വഴി ട്രാൻസിറ്റ് ഉണ്ടാകും. എന്നാൽ ഇതിന്റെ പരമാവധി സമയം 12 മണിക്കൂറായിരിക്കും.
പെർമിറ്റിന് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം തന്നെ നിങ്ങൾ പുതിയതായി രൂപകല്പന ചെയ്ത ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- സൈൻ അപ്പ് ചെയ്ത് അക്കൗണ്ട് തുടങ്ങുക.
- ഫോട്ടോ, ആധാർ കാർഡ്/വോട്ടർ ഐഡി, താമസിക്കാനുള്ള ഹോട്ടൽ/റിസോർട്ട് ബുക്കിംഗ് രേഖകൾ, യാത്രാ ടിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസും ഹെറിറ്റേജ് ഫീസും ഓൺലൈനായി അടയ്ക്കാം. ഒരാൾക്ക് 50 മുതൽ 100 രൂപ വരെയാണ് പെർമിറ്റ് ഫീസ്. കൂടാതെ പ്രോസസ്സിംഗ് ചാർജായി 100-200 രൂപ നൽകേണ്ടി വരും. നിങ്ങൾ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന ദ്വീപുകളെയും നിങ്ങളുടെ താമസ കാലയളവിനെയും ആശ്രയിച്ച്, ഫീസ് വ്യത്യാസപ്പെടാം.
ലക്ഷദ്വീപിൽ കാണേണ്ട സ്ഥലങ്ങൾ
അഗത്തി: ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വിമാനത്തിൽ നിന്നിറങ്ങുമ്പോൾ നീല നിറത്തിലുള്ള കടലിൻ്റെ അതിമനോഹരമായ കാഴ്ച്ചയാണ് കാണാൻ പോകുന്നത്. സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഇവിടെയുണ്ട്.
ബംഗാരം: ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ദ്വീപാണ് ബംഗാരം. മനുഷ്യവാസം അധികമില്ലാത്ത ഈ ദ്വീപിൽ വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.
കവരത്തി: ലക്ഷദ്വീപിലെ അതിമനോഹരമായ അമ്പത്തിരണ്ടോളം പള്ളികൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അതിൽ ഉജ്‌റ പള്ളി ഏറെ പ്രശസ്തമാണ്. കടലിനടിയിലെ പവിഴപ്പുറ്റുകളെയും മത്സ്യങ്ങളെയും കാണാൻ, ഗ്ലാസ് ബോട്ടം ബോട്ടുകളിലുള്ള യാത്രയും ഇവിടെ അനുവദിക്കുന്നുണ്ട്.
മിനിക്കോയ്: ലക്ഷദ്വീപിൻ്റെ തെക്കേ അറ്റത്തുള്ള ദ്വീപാണിത്. ഇവിടുത്തെ ഭാഷ മാൽഡീവ്സിന് സമാനമാണ്. 1885-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ലൈറ്റ് ഹൗസാണ് ഇവിടുത്തെ പ്രധാന ആകർഷണം.
English Summary:
Lakshadweep administration has implemented a major policy changes to boost tourism. Now making it easier for tourists to visit the islands without a police clearance certificate or local sponsors.