Monsoon Travel: മൺസൂൺ എത്തി മക്കളേ; മഴക്കാലത്ത് കേരളത്തിലെ ഈ സ്ഥലങ്ങളിലേക്ക് പോകല്ലേ, വൻ അപകടമാണ്
Monsoon Travel In Kerala 2026: കനത്ത മഴ പെയ്തു തുടങ്ങുന്നതോടെ പ്രകൃതി കൂടുതൽ പച്ചപ്പണിഞ്ഞ് അതീവ സുന്ദരിയാകുന്നത് കാണാൻ വിനോദ സഞ്ചാരികളും എത്താറുണ്ട്. ഈ സമയത്ത് പ്രകൃതി കാണാൻ എത്ര സുന്ദരമാണെങ്കിലും കേരളത്തിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ കടുത്ത മരണക്കെണികളായി മാറാറുണ്ട്. മൺസൂൺ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പോകാൻ പാടില്ലാത്ത സ്ഥലങ്ങളും ഏതെല്ലാമെന്ന് നമുക്ക് അറിയാം.

പ്രതീകാത്മക ചിത്രം
കേരളം ഇക്കൊല്ലത്തെ കാലവർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി ശക്തമായ മഴ മെയ് പാതിയോടെ തന്നെ ലഭിച്ച് തുടങ്ങിയിരുന്നു. മഴ ആരംഭിക്കുന്നതോടെ പ്രകൃതി അതിൻ്റെ പൂർണതയിലേക്ക് എത്താൻ തുടങ്ങുന്നു. കൊടും ചൂടിൽ ഉണങ്ങിയ മരങ്ങളിൽ തളിരിലകൾ മുളക്കുന്നതും, വരണ്ടുണങ്ങിയ പുഴകൾ ആർത്തലച്ച് ഒഴുകുന്നതും, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും വശ്യതയോടെ നോക്കി നിൽക്കുന്ന കാടും കടലുമെല്ലാം കേരളത്തിൻ്റെ മാത്രം വിസ്മയകാഴ്ച്ചകളാണ്.
കനത്ത മഴ പെയ്തു തുടങ്ങുന്നതോടെ പ്രകൃതി കൂടുതൽ പച്ചപ്പണിഞ്ഞ് അതീവ സുന്ദരിയാകുന്നത് കാണാൻ വിനോദ സഞ്ചാരികളും എത്താറുണ്ട്. ഈ സമയത്ത് പ്രകൃതി കാണാൻ എത്ര സുന്ദരമാണെങ്കിലും കേരളത്തിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ കടുത്ത മരണക്കെണികളായി മാറാറുണ്ട്. അപ്രതീക്ഷിതമായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ശക്തമായ അടിയൊഴുക്കുകൾ എന്നിവ മുന്നിൽക്കണ്ട് മഴക്കാലത്ത് നമ്മൾ നിർബന്ധമായും ഒഴിവാക്കേണ്ട ചില പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്. മൺസൂൺ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പോകാൻ പാടില്ലാത്ത സ്ഥലങ്ങളും ഏതെല്ലാമെന്ന് നമുക്ക് അറിയാം.
ALSO READ: മൺറോ തുരുത്തിലേക്ക് വിട്ടാലോ….; ഈ സ്ഥലങ്ങളൊന്നും മിസ്സാക്കല്ലേ
മലയോര പാതകളും ചുരങ്ങളും
മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മലയോര മേഖലകളിലാണ്. വയനാട് ചുരം, മൂന്നാർ ഗ്യാപ്പ് റോഡ്, ഇടുക്കിയിലെ മറ്റ് മലയോര പാതകൾ, നിലമ്പൂർ-ഊട്ടി റോഡ് തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്ര മഴക്കാലത്ത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കനത്ത മഴയിൽ ഈ റൂട്ടുകളിൽ കല്ലുകളും മണ്ണും ഇടിഞ്ഞുവീഴാൻ വൻ സാധ്യതയുണ്ട്. കൂടാതെ പകൽ സമയങ്ങളിൽ പോലും കാഴ്ച പൂർണ്ണമായി മറയ്ക്കുന്ന മൂടൽമഞ്ഞുണ്ടാകാറുണ്ട്. അതിനാൽ അപകടങ്ങൾ പതുങ്ങിയിരിക്കുന്ന സ്ഥലങ്ങളാണ് ഇതെല്ലാം.
പുഴകളും വെള്ളച്ചാട്ടങ്ങളും
വേനൽക്കാലത്ത് നമ്മൾ ഏറെ ആസ്വദിച്ച കാണാൻ പോകുന്നത് വെള്ളച്ചാട്ടങ്ങളും പുഴകളുമാണ്. പക്ഷേ ഈ സമയത്ത് ഏറ്റവും കൂടുതൽ രൗദ്രഭാവത്തിൽ കാണപ്പെടുന്നതും പുഴയും വെള്ളച്ചാട്ടങ്ങളുമാണ്. അതിരപ്പിള്ളി-വാഴച്ചാൽ, തൊമ്മൻകുത്ത്, തുഷാരഗിരി, വളഞ്ഞങ്ങാനം തുടങ്ങിയ വെള്ളച്ചാട്ടങ്ങളിലേക്ക് പോവുകയോ അധികൃതരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ഇറങ്ങുകയോ ചെയ്യരുത്. കേരളത്തിൽ മഴക്കാലത്ത് അപകടം പതുങ്ങിയിരിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. പുഴകളിലും ഇറങ്ങുമ്പോൾ സൂക്ഷിക്കണം. പല സ്ഥലങ്ങളിലും അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
കടൽത്തീരങ്ങളും ജലാശയങ്ങളും
മൺസൂൺ കാലത്ത് കടൽ ദൂരെ നിന്ന് കാണാൻ ഭംഗിയാണെങ്കിലും വെള്ളത്തിലേക്ക് ഇറങ്ങുന്നത് അതീവ അപകടകരമാണ്. ശംഖുമുഖം ബീച്ച്, കോഴിക്കോട് ബീച്ച്, ഫോർട്ട് കൊച്ചി, ആലപ്പുഴ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ മഴക്കാലത്ത് ഇറങ്ങുന്നതും കുളിക്കുന്നതും ഒവിവാക്കേണ്ടതാണ്. മഴയുള്ള സമയങ്ങളിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റും വലിയ തിരമാലകളും കടലാക്രമണവും പതിവായതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. ട്രാഫിക് പോലീസിന്റെയോ ലൈഫ് ഗാർഡുകളുടെയോ മുന്നറിയിപ്പുകൾ അവഗണിച്ച് ബീച്ചുകളിലിറങ്ങാൻ ശ്രമിക്കരുത്.
മഴക്കാല യാത്രകളിൽ ശ്രദ്ധിക്കേണ്ടത്
- യാത്ര തിരിക്കും മുൻപ് കാലാവസ്ഥാ വകുപ്പിൻ്റെ അലർട്ടുകൾ പരിശോധിക്കുക. ഡാമുകളുടെയും ഷട്ടറുകൾ തുറക്കുന്നതുൾപ്പെടെ അറിഞ്ഞിരിക്കണം.
- പരിചയമുള്ള സ്ഥലമാണെങ്കിൽ പോലും മഴക്കാലത്ത് പുഴകളിലോ തോടുകളിലോ കുളിക്കാനോ മറ്റോ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കുക.
- കനത്ത മഴയുള്ളപ്പോൾ വനമേഖലകളിലേക്കോ മൊട്ടക്കുന്നുകളിലേക്കോ പോകരുത്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ അപകടം വളരെ വലുതാണ്.
English Summary:
Planning a trip to Kerala this Monsson rainy season. Here Is the essential monsoon travel guide detailing high-risk zones, dangerous waterfalls, landslide areas, and safety rules. Also says how to travel in rainy season safety.