Samvrutha Sunil : കഥകൾ കേൾക്കുന്നുണ്ടായി, ഇപ്പോഴാണ് ചെയ്യാൻ തോന്നിയത്, സംവൃത സുനിൽ തിരിച്ചെത്തുന്നു, ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും
Samvritha Sunil Is Back To Cinema : മലയാളികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട നായികയായിരുന്നു സംവൃത സുനിൽ. കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്താണ് അവർ വിവാഹം കഴിക്കുന്നതും പിന്നീട് വിദേശത്തേക്ക് താമസം മാറുന്നതും. അതോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത അവർ ഇടയ്ക്ക് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും സിനിമയിൽ തുടർന്നില്ല.

ഏറ്റവും അവസാനം ആയി സംവൃത അഭിനയിച്ച സിനിമ ബിജു മേനോൻ നായകനായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ആണ്. ഈ സിനിമ പുറത്തിറങ്ങിയിട്ട് ഇപ്പോൾ എട്ടുവർഷം ആവുകയാണ്. ഇപ്പോഴിതാ വീണ്ടും മലയാളികളുടെ പ്രിയ നടി സിനിമയിലേക്ക് തിരികെ എത്തുകയാണ്. ( Image Credit Source - Social Media )

ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ പ്രധാന കഥാപാത്രമായാണ് സവൃതയുടെ മടങ്ങിവരവ്. സിനിമയുടെ പൂജ കഴിഞ്ഞദിവസം ഇടുക്കിയിൽ നടന്നിരുന്നു. തങ്കം എന്ന സിനിമയ്ക്ക് ശേഷം ഷഹീദ് ചെയ്യുന്ന അടുത്ത സിനിമയാണിത്.

നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെ ബാനറിൽ ആണ് സിനിമ ഒരുങ്ങുന്നത്. സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

താൻ കഥകൾ കേൾക്കുന്നുണ്ടായിരുന്നു എന്നാൽ ഇപ്പോഴാണ് ചെയ്യണമെന്ന് തോന്നിയത് എന്ന് സിനിമയുടെ പൂജയ്ക്കുശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിച്ച സംവൃത പറഞ്ഞു. രസികൻ എന്ന ദിലീപ് നായകനായ സിനിമയിലൂടെയാണ് സംവൃത മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

മല്ലൂസിംഗ് , ചോക്ലേറ്റ്, ഡയമണ്ട് നെക്ലേസ്, അയാളും തമ്മിൽ തുടങ്ങി അമ്പതോളം സിനിമകളാണ് നടി ചെയ്തത്. മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇടം നേടിയ സംവൃതയുടെ തിരിച്ചുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.